കുമരകം കൊയ്തത് പെരുമഴ: 24 മണിക്കൂറിൽ 203 മില്ലിമീറ്റർ; 32 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴ

Mail This Article
കോട്ടയം ∙ ബുധനാഴ്ച കുമരകത്ത് പെയ്തിറങ്ങിയത് 32 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴ. ബുധനാഴ്ച രാവിലെ 8.30 മുതൽ ഇന്നലെ രാവിലെ 8.30 വരെ 24 മണിക്കൂറിൽ 203 മില്ലിമീറ്റർ മഴയാണു കുമരകം മേഖലയിൽ ലഭിച്ചത്. 1992 ജൂൺ 6ന് 252.6 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയ ശേഷം ഇത്രയും വലിയ മഴ ലഭിക്കുന്നത് ഇത് ആദ്യം. കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ രേഖപ്പെടുത്തിയ കണക്കാണ് ഇത്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെ അതിശക്തമായ മഴ എന്ന വിഭാഗത്തിലാണു കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച വൈകിട്ട് 3.30 മുതലാണു കുമരകം മേഖലയിൽ മഴ ശക്തിപ്പെട്ടത്. ആദ്യ ഒന്നര മണിക്കൂറിനുള്ളിൽ 111 മില്ലിമീറ്റർ മഴ മേഖലയിൽ പെയ്തിറങ്ങി.
പെയ്തത് പ്രതീക്ഷിച്ചതിലേറെ
കോട്ടയം ∙ കാത്തുകാത്തിരുന്ന വേനൽ മഴ പെയ്തപ്പോൾ ലഭിച്ചത് അധികമഴ. മാർച്ച് മുതൽ ഇന്നലെ വരെ ലഭിക്കേണ്ട വേനൽമഴയെക്കാൾ 35 ശതമാനം അധികം കോട്ടയത്ത് പെയ്തിറങ്ങി. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മഴക്കുറവ് 40 ശതമാനം വരെ വന്ന ശേഷമാണു മഴ പെയ്തിറങ്ങിയത്. ഇതോടെ ആറുകളിലെ ജലനിരപ്പുയർന്നു. ഒരാഴ്ചയ്ക്കുള്ളിലാണു മഴ ജില്ലയിൽ ശക്തമായി പെയ്തു തുടങ്ങിയത്. ആദ്യദിനങ്ങളിൽ കിഴക്കൻമേഖലയിൽ ശക്തമായ മഴ പെയ്തപ്പോൾ കഴിഞ്ഞ ദിവസം പടിഞ്ഞാറൻ മേഖലയിലാണു മഴ കനത്തത്.
ജില്ലയിലെ ശരാശരി വേനൽമഴ
മാർച്ച് 1 മുതൽ ഇന്നലെ വരെയുള്ളത്
പ്രതീക്ഷിക്കുന്ന മഴ: 349.3 മില്ലീമീറ്റർ
പെയ്ത മഴ : 470.9 മില്ലീമീറ്റർ
35 ശതമാനം അധികം
ആറുകളിലെ ജലനിരപ്പ്
(സ്റ്റേഷൻ, അപകട നിരപ്പ്, ഇന്നലെ വെള്ളത്തിന്റെ നിരപ്പ്)
മീനച്ചിലാർ
തീക്കോയി 34.45 > 31.318
ചേരിപ്പാട് 19.37 > 17.311
പാലാ 11.53 > 6.029
പേരൂർ 6.01 > 1.93
മണിമലയാർ
മുണ്ടക്കയം 60.79 <56.621
മണിമല 23.77 < 17.168
(വിവരങ്ങൾ: ജില്ലാ ഹൈഡ്രോളജി വകുപ്പ്, അളവ് മീറ്ററിൽ)