ADVERTISEMENT

ഫറോക്ക് ∙ കേരള ഭാഗ്യക്കുറിയുടെ കാരുണ്യത്തിൽ ‘കോടീശ്വരനായ’ ഇതര സംസ്ഥാന തൊഴിലാളി അഭയം തേടി പൊലീസ് സ്റ്റേഷനിൽ. ഇന്നലെ നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ച ബംഗാൾ ഉത്തർ ദിനജ്പുർ പഞ്ചബയ്യ സ്വദേശി തജ്മുൽ ഹഖ്(34) ആണ് ടിക്കറ്റുമായി നല്ലളം പൊലീസ് സ്റ്റേഷനിൽ എത്തിയത്.

കഴി‍ഞ്ഞ ദിവസം വട്ടക്കിണറിൽ നിന്ന് ഇദ്ദേഹം വാങ്ങിയ കാരുണ്യയുടെ കെആർ 431 സീരിസിലെ കെഒ 828847 നമ്പർ ടിക്കറ്റിനാണു ഒന്നാം സമ്മാനം. നറുക്കെടുപ്പിനു ശേഷം വൈകിട്ട് ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ഒരു കോടി രൂപ ലഭിച്ചത് അറിഞ്ഞത്. ഉടൻ സുഹൃത്തിനെയും കൂട്ടി പൊലീസ് സ്റ്റേഷനിൽ എത്തി വിവരം പറഞ്ഞു.

ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ കെ.രഘുകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ടിക്കറ്റ് പരിശോധിച്ചു ഉറപ്പു വരുത്തി. പിന്നീട് എസ്ഐ യു.സനീഷും സംഘവും തജ്മുൽ ഹഖിനെയും കൂട്ടി സിൻ‍‍ഡിക്കേറ്റ് ബാങ്ക് മാവൂർ റോഡ് ശാഖയിൽ എത്തി സമ്മാനാർഹമായ ടിക്കറ്റ് ബാങ്ക് അധികൃതരെ ഏൽപിച്ചു. 10 വർഷമായി മാത്തോട്ടത്ത് വാടകയ്ക്കു താമസിക്കുന്ന തജ്മുൽ ഹഖ് കെട്ടിട നിർമാണ തൊഴിലാളിയാണ്.

ഏറെക്കാലമായി ലോട്ടറി വാങ്ങൽ പതിവാക്കിയ ഇദ്ദേഹം, ചില ദിവസങ്ങളിൽ 100 രൂപ വരെ ഭാഗ്യ പരീക്ഷണത്തിനു ചെലവാക്കുമെങ്കിലും ഒന്നാം സമ്മാനം കിട്ടുന്നത് ഇതാദ്യം. ഭാര്യയും 3 മക്കളുമുണ്ട്. പ്രാരബ്ധം കൊണ്ടു പൊറുതിമുട്ടുന്നതിനിടെയാണു ഭാഗ്യദേവതയുടെ കടാക്ഷം. സമ്മാനാർഹമായ ടിക്കറ്റ് സുരക്ഷിത കേന്ദ്രത്തിൽ എത്തിക്കാൻ സഹായിച്ച പൊലീസിനു നന്ദി പറഞ്ഞ ഹഖ് സമ്മാനം ലഭിച്ച വിവരം നാട്ടിലെ കുടുംബത്തെ അറിയിച്ചു സന്തോഷം പങ്കിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com