ADVERTISEMENT

കോഴിക്കോട്∙ കേട്ടു മതിവരാത്ത വിസ്മയകഥകളുടെ ‘ആയിരത്തൊന്നുരാവുകൾ’. അതിൽ സിൻബാദെന്ന നാവികൻ മലബാറിന്റെ തീരത്തു വന്നപ്പോൾ തലയുയർത്തി നിൽക്കുന്ന കേരവൃക്ഷങ്ങളെ കണ്ടതായി സൂചനയുണ്ട്. കേരം തിങ്ങും കേരള നാടിന്റെ പ്രസിദ്ധി ഏഴു കടലും കടന്നതായി നൂറ്റാണ്ടുകൾക്കു മുൻപേ പല യാത്രികരും വിവരിച്ചിട്ടുമുണ്ട്. കേരളത്തിന്റെ സ്വന്തം വൃക്ഷമായ തെങ്ങുകളിൽ കുറ്റ്യാടി തെങ്ങ് എന്ന വിഭാഗം ഭൗമസൂചികാ പദവി അർഹിക്കുന്ന ഒരിനമാണ്.

കേരളത്തിൽ അങ്ങോളമിങ്ങോളം കൃഷി ചെയ്യാനായി സർക്കാർതന്നെ പ്രചരിപ്പിച്ച തെങ്ങിനമാണ് കുറ്റ്യാടി തെങ്ങ്. 15 മുതൽ 25 മീറ്റർ വരെ ഉയരം. മികച്ച ഫലസമൃദ്ധി. രുചിയുള്ള തേങ്ങ. എത്രയോ നൂറ്റാണ്ടുകളായി വിശേഷണങ്ങളിൽ നിറയുന്ന തെങ്ങിനം. ഇതിഹാസകാലത്ത് ബാണാസുരന്റെ കോട്ടയുടെ താഴ്‌വാരത്തിലുള്ള ഗ്രാമമായിരുന്നുവത്രേ കുറ്റ്യാടി. ചേര രാജാക്കൻമാരുടെ അതിർത്തിയിലെ കോട്ട. ബിസി ഒന്നാം നൂറ്റാണ്ടിനു മുൻപുതന്നെ ഇവിടെ തെങ്ങു കൃഷിയുണ്ടായിരുന്നുവെന്ന് ചില ചരിത്രകാരൻമാർ പറയുന്നു. ലോകത്ത് ആദ്യമായി തെങ്ങ് പിറന്നുവീണത് ഈ മേഖലകളിലെവിടെയോ ആണെന്ന് മറ്റൊരു ഊഹവും ചില ശാസ്ത്രജ്ഞർ ഉന്നയിച്ചിട്ടുണ്ട്.

കേരളത്തിലെ ഏറ്റവും മികച്ച തെങ്ങ് വിത്തുകൾ കുറ്റ്യാടിയിലേതാണെന്ന് ശാസ്ത്രജ്ഞരാണ് കണ്ടെത്തിയത്. ‘വെസ്റ്റ് കോസ്റ്റ് ടോൾ’ അഥവാ പശ്ചിമതീര നെടിയൻ ഇനത്തിലുള്ള തെങ്ങാണ് കുറ്റ്യാടി തെങ്ങ്. മണ്ഡരി വന്നതോടെ കുറ്റ്യാടി തെങ്ങിന്റെ ശനിദശ തുടങ്ങി. തെങ്ങുകയറാൻ ആളെക്കിട്ടാതായതോടെ സംസ്ഥാനത്തെ കർഷകരിൽ ഭൂരിഭാഗവും സങ്കരയിനം കുള്ളൻ തെങ്ങുകളിലേക്ക് തിരിയുകയാണ്. എങ്കിലും വരും തലമുറയ്ക്ക് അഭിമാനിക്കാൻ കുറ്റ്യാടി തെങ്ങ് സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com