ADVERTISEMENT

കോഴിക്കോട്∙ സിപിഎം പ്രവർത്തകരായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർക്കെതിരായ യുഎപിഎ കേസ് മനുഷ്യാവകാശ പ്രശ്നമെന്ന നിലയിൽ നിയമസഭയിൽ വീണ്ടും ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനില്ല. ഇവർ മാവോയിസ്റ്റുകളാണെങ്കിൽ മുഖ്യമന്ത്രി തെളിവു പുറത്തുവിടണമെന്നും പിന്തുണ അറിയിക്കാൻ ഇരുവരുടെയും വീട്ടിലെത്തിയ ചെന്നിത്തല ആവശ്യപ്പെട്ടു.

മൂർക്കനാട്ട് താഹയുടെ വീട്ടിലാണ് ആദ്യമെത്തിയത്. നിയമസഭയിൽ പ്രശ്നം ഉന്നയിക്കാമെന്ന് കുടുംബാംഗങ്ങൾക്ക് ഉറപ്പു നൽകി. എം.കെ.രാഘവൻ എംപി ഉൾപ്പെടെ ജില്ലയിലെ കോൺഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. എൻഐഎയിൽനിന്ന് കേരള പൊലീസ് കേസ് തിരിച്ചെടുക്കണമെന്ന് താഹയുടെ സഹോദരൻ ഇജാസ് ആവശ്യപ്പെട്ടു. തുടർന്ന് അലന്റെ വീട്ടിലെത്തി മാതാപിതാക്കളായ മുഹമ്മദ് ഷുഹൈബ്, സബിത ശേഖർ എന്നിവരെ കണ്ടു. കേസിന്റെ വിവരങ്ങളും അലന്റെ പശ്ചാത്തലവും ചോദിച്ചറിഞ്ഞു.

കോൺഗ്രസിൽ നിന്നുയർന്ന എതിർപ്പു പോലും അവഗണിച്ചാണ് സിപിഎം പ്രവർത്തകരായ വിദ്യാർഥികളുടെ വീട്ടിലെത്തിയതെന്ന് ചെന്നിത്തല പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. ഭരിക്കുമ്പോഴും ഭരണമില്ലാത്തപ്പോഴും സിപിഎമ്മിന് രണ്ടു നയമാണെന്നും വിശ്വസിച്ച പ്രസ്ഥാനത്തിൽനിന്ന് ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചില്ലെന്നും അലന്റെ അമ്മ സബിത ശേഖർ പ്രതികരിച്ചു. പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ കഴിഞ്ഞ ദിവസം ഇരുവരുടെയും വീട് സന്ദർശിച്ചിരുന്നു. 

പ്രതിഷേധവുമായി കോൺ. പ്രവർത്തകർ

യുഎപിഎ കേസിൽ അറസ്റ്റിലായ താഹ ഫസലിന്റെ വീട് സന്ദർശിക്കുന്നതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രതിഷേധമറിയിച്ച് പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ. ഇന്നലെ താഹയുടെ വീട്ടിലേക്കു പോകാനായി ദേശീയപാതയിൽനിന്ന് മൂർക്കനാട്ടേക്കുള്ള വഴിയിൽ കൊടൽ ജിയുപി സ്കൂളിനു സമീപമെത്തിയപ്പോഴാണ് പന്തീരാങ്കാവ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എൻ.മുരളീധരന്റെ നേതൃത്വത്തിൽ മുപ്പതോളം പ്രവർത്തകർ കൈകാട്ടി കാർ നിർത്തിച്ച് പ്രതിഷേധിച്ചത്.  

സിപിഎമ്മിനു വേണ്ടി കോൺഗ്രസ് പ്രവർത്തകരെയും പാർട്ടി ഓഫിസും ആക്രമിക്കാൻ മുന്നിൽ നിന്നിരുന്ന താഹയ്ക്കു വേണ്ടി യുഡിഎഫ് ഇടപെടുന്നതിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകർക്ക് എതിർപ്പുണ്ടെന്നാണ് നേതാക്കൾ അറിയിച്ചത്. പ്രശ്നത്തിൽ പാർട്ടി ഇടപെടേണ്ടതില്ലെന്നാണ് പ്രവർത്തകരുടെ വികാരമെന്നും സന്ദർശനവുമായി സഹകരിക്കാനാവില്ലെന്നും അറിയിച്ചു. വിഷയം ചർച്ച ചെയ്യാമെന്നു പറഞ്ഞ് ചെന്നിത്തല നീങ്ങുകയായിരുന്നു. 

എം.കെ.രാഘവനെ കൂടാതെ കെപിസിസി ഭാരവാഹികളായ എൻ.സുബ്രഹ്മണ്യൻ, കെ.പ്രവീൺ കുമാർ, പി.എം.നിയാസ് തുടങ്ങിയവരും രമേശിനൊപ്പമുണ്ടായിരുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com