ADVERTISEMENT

കോഴിക്കോട് ∙ കൂടത്തായി കൊലപാതക പരമ്പരയിലെ നാലാമത്തെ കേസിൽ അന്വേഷണ സംഘം 3നു കുറ്റപത്രം സമർപ്പിക്കും. മുഖ്യപ്രതി ജോളി ജോസഫ് ആദ്യ ഭർത്താവ് റോയ് തോമസിന്റെ മാതൃസഹോദരനായ മഞ്ചാടിയിൽ മാത്യുവിനെ കൊലപ്പെടുത്തിയ കേസിലാണു കുറ്റപത്രം ഒരുങ്ങുന്നത്. മദ്യത്തിലും വെള്ളത്തിലും സയനൈഡ് കലർത്തി നൽകി മാത്യുവിനെ കൊലപ്പെടുത്തിയെന്നാണു പൊലീസിന്റെ കണ്ടെത്തൽ.

കേസിൽ ജോളി ഒന്നാം പ്രതിയും സയനൈഡ് സംഘടിപ്പിച്ചു നൽകിയ എം.എസ്.മാത്യു, പ്രജികുമാർ എന്നിവർ രണ്ടും മൂന്നും പ്രതികളുമാണ്. എം.എസ്.മാത്യുവിന്റെ പിതൃസഹോദരൻ കൂടിയാണ് കൊല്ലപ്പെട്ട മഞ്ചാടിയിൽ മാത്യു. 2014 ഫെബ്രുവരി 24നാണ് മഞ്ചാടിയിൽ മാത്യു മരിക്കുന്നത്. ഭാര്യ ഇടുക്കിയിലുള്ള ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതിനാൽ അന്നു മാത്യു വീട്ടിൽ തനിച്ചായിരുന്നു.

സയനൈഡ് കലർത്തിയ മദ്യം മാത്യുവിനു നൽകുകയും മരണ വെപ്രാളം കാണിച്ചപ്പോൾ സയനൈഡ് കലർത്തിയ വെള്ളം കുടിക്കാൻ കൊടുക്കുകയും ചെയ്ത ജോളി തന്നെയാണു മരണം ഉറപ്പാക്കിയ ശേഷം അയൽവാസികളെ വിവരമറിയിച്ചത്. ഇളയ മകനൊപ്പമാണു ജോളി മാത്യുവിന്റെ വീട്ടിൽ പോയതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ മകൻ കേസിൽ നിർണായക സാക്ഷിയാകും. മജിസ്ട്രേട്ടിനു മുന്നിൽ മകന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 

ജോളിയുടെ ഭർത്താവായിരുന്ന റോയ് തോമസിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ചതും റോയിയുടെ മരണശേഷം സ്വത്തുക്കൾ ജോളിക്കു നൽകരുതെന്ന നിലപാടു സ്വീകരിച്ചതുമാണു മാത്യുവിനെ വകവരുത്താൻ കാരണമെന്നു പൊലീസ് പറഞ്ഞു.  റോയിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തണമെന്നു നിർബന്ധം പിടിച്ചതു മാത്യുവായിരുന്നു. കൊയിലാണ്ടി ഇൻസ്പെക്ടർ കെ.ഉണ്ണിക്കൃഷ്ണനാണ് കേസ് അന്വേഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com