ADVERTISEMENT

കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് ആദ്യഭർത്താവ് റോയ് തോമസിന്റെ മാതൃസഹോദരനായ മഞ്ചാടിയിൽ മാത്യുവിനെ കൊലപ്പെടുത്തിയതു മദ്യത്തിലും വെളളത്തിലും സയനൈഡ് കലർത്തി നൽകിയാണെന്ന് കുറ്റപത്രം. റോയ് തോമസിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ചതും റോയിയുടെ മരണശേഷം സ്വത്തുക്കൾ ജോളിക്കു നൽകരുതെന്നു മറ്റു ബന്ധുക്കളോടു പറഞ്ഞതുമാണ് കൊലപാതകത്തിന്റെ കാരണം. 

റോയിയുടെ മരണശേഷം ജോളിയുടെ പുരുഷസുഹൃത്തുക്കളെ  മാത്യു വിലക്കിയതും ശത്രുതയ്ക്ക് കാരണമായി. പൊലീസ് ഇന്നലെ താമരശ്ശേരി മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ജോളി ഉൾപ്പെടെ 3 പ്രതികളാണുള്ളത്. ‌ ജോളിക്കു സയനൈഡ് സംഘടിപ്പിച്ചു നൽകിയ എം.എസ്.മാത്യു, സ്വർണപ്പണിക്കാരനായ കെ. പ്രജികുമാർ എന്നിവരാണ് 2,3 പ്രതികൾ.

രണ്ടാം പ്രതി എം.എസ്.മാത്യുവിന്റെ പിതൃസഹോദരനാണ് കൊല്ലപ്പെട്ട മഞ്ചാടിയിൽ മാത്യു. മാത്യുവിന്റെ മരണസമയത്തെ ലക്ഷണങ്ങളും മെഡിക്കൽ റിപ്പോർട്ടും പരിശോധിച്ച മെഡിക്കൽ ബോർഡ് സംഘം സയനൈഡ് ഉള്ളിൽച്ചെന്നത് മൂലമാണു മരണമെന്നു റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നു റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ പറഞ്ഞു.

2016 പേജുകൾ, 178 സാക്ഷികൾ

2016 പേജുകളുള്ള കുറ്റപത്രമാണ് ഇന്നലെ സമർപ്പിച്ചത്.146 രേഖകൾ കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചു. 178 സാക്ഷികളാണ് കേസിലുള്ളത്. റോയ് തോമസിന്റെ സഹോദരങ്ങളായ രഞ്ജി തോമസും റോജോ തോമസുമാണ് ഒന്നും രണ്ടും സാക്ഷികൾ. ജോളിയുടെ രണ്ടു മക്കളും സാക്ഷികളാവും. ജോളി നൽകിയ മദ്യം കഴിച്ചതിനു പിന്നാലെ മാത്യു ഒരു കുടുംബാംഗവുമായി ഫോണിൽ സംസാരിച്ചിരുന്നു.

സംസാരം കുഴയുന്നതിന്റെ കാരണം തിരക്കിയപ്പോൾ ജോളി തന്ന മദ്യം കഴിച്ചിരുന്നുവെന്നു മാത്യു പറഞ്ഞു. ജോളി രണ്ടു തവണ മാത്യുവിന്റെ വീട്ടിൽ പോകുന്നതു സമീപത്തു വീടു നിർമിക്കുന്ന കോൺട്രാക്ടർ കണ്ടിരുന്നു. ഈ വ്യക്തികളും കേസിൽ സാക്ഷികളാവും. സാക്ഷിപ്പട്ടികയിൽ 10 ഡോക്ടർമാരും 24 പൊലീസുകാരും 10 സർക്കാർ ഉദ്യോഗസ്ഥരുമുണ്ട്. കണ്ണൂർ സി ബ്രാഞ്ച് ഡിവൈഎസ്പി എം.വി.അനിൽകുമാറിന്റെ മേൽനോട്ടത്തിൽ കൊയിലാണ്ടി ഇൻസ്പെക്ടർ കെ.ഉണ്ണിക്കൃഷ്ണനാണു കേസ് അന്വേഷിച്ചത്.

ടോം തോമസ് വധക്കേസിൽ കുറ്റപത്രം ആറിന്

കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിലെ അഞ്ചാമത്തെ കേസിൽ കുറ്റപത്രം ആറിന്. മുഖ്യപ്രതി ജോളി ജോസഫ് ആദ്യഭർത്താവ് റോയ് തോമസിന്റെ പിതാവ് പൊന്നാമറ്റം ടോം തോമസിനെ കൊലപ്പെടുത്തിയ കേസിലാണ് ആറിന് താമരശ്ശേരി മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുക. ടോം തോമസിന്റെ സ്വത്തുക്കൾ കൈവശപ്പെടുത്താനായി ജോളി ജോസഫ് ഭക്ഷണത്തിലും മരുന്നിലും സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണു കേസ്.

മൊഴിയിലെ വൈരുധ്യം കുരുക്കിട്ടു; മകന്റെ മൊഴി നിർണായകം

മാത്യു മരിച്ചതു ഹൃദയാഘാതം മൂലമാണെന്നായിരുന്നു ബന്ധുക്കൾ കരുതിയിരുന്നത്. മരണം നടന്ന ആശുപത്രിയിലെ രേഖകളിൽ മാത്യുവിന് ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നതായി രേഖപ്പെടുത്തിയിരുന്നു. പൊലീസ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തി മാത്യുവിനെ ചികിത്സിച്ചിരുന്ന ഡോക്ടറെ കണ്ടു. മരിക്കുന്നതിന്റെ പത്തു ദിവസം മുൻപ് മാത്യു ആശുപത്രിയിലെത്തി പരിശോധനകൾ നടത്തിയിരുന്നതായി ഡോക്ടർ പറഞ്ഞു.

മാത്യു പൂർണ ആരോഗ്യവാനായിരുന്നെന്നും ഹൃദയാഘാതം വരാനുള്ള സാധ്യതയില്ലെന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തി. നിർണായകമായ ഒരു വിവരം കൂടി അവിടെ നിന്നു പൊലീസിനു ലഭിച്ചു – മാത്യുവിന് ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നില്ല. പൊലീസ് വീണ്ടും മാത്യുവിന്റെ മരണം നടന്ന ഓമശ്ശേരിയിലെ ആശുപത്രിയിലെത്തി. മാത്യുവിന് ആൻജിയോപ്ലാസ്റ്റി നടത്തിയിരുന്നുവെന്ന് മരണസമയത്ത് ഒപ്പമുണ്ടായിരുന്ന ജോളിയാണ് പറഞ്ഞതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ഹൃദയാഘാതം മൂലമാണു മരണമെന്നു വരുത്തിത്തീർക്കാനായിരുന്നു ജോളിയുടെ ശ്രമമെന്നു പൊലീസിനു വ്യക്തമായി. മാത്യുവിന് സുഖമില്ലെന്നു പറഞ്ഞു ഫോൺ വന്നെന്നു മക്കളോടു പറഞ്ഞാണു ജോളി മകനെയും കൂട്ടി മാത്യുവിന്റെ വീട്ടിലേക്കു പോയത്. . എന്നാൽ ആ സമയം ജോളിയുടെ ഫോണിൽ ആരും വിളിച്ചിരുന്നില്ലെന്ന് മക്കളിലൊരാൾ മൊഴി നൽകി.

ജോളിയുടെ ഫോൺ വീടിനകത്തായിരുന്നു. ജോളി വീടിനു പുറത്തും. ഇളയ മകനെയും കൂട്ടിയാണു ജോളി മാത്യുവിന്റെ വീട്ടിലെത്തിയത്. മാത്യുവിന് വെള്ളം കൊടുക്കുമ്പോൾ ആരെങ്കിലും വരുന്നുണ്ടോ എന്നു നോക്കാൻ ജോളി തന്നോടു പറഞ്ഞിരുന്നതായി ജോളിയുടെ മകൻ പൊലീസിനു മൊഴി നൽകി. രണ്ടു മക്കളുടെയും രഹസ്യമൊഴി മജിസ്ട്രേട്ടിനു മുന്നിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

സയനൈഡ് കലർത്തിയ മദ്യം നൽകി; മരണം ഉറപ്പിക്കാൻ വീണ്ടുമെത്തി ‌

2014 ഫെബ്രുവരി 24നാണ് മാത്യു കൊല്ലപ്പെടുന്നത്.  ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഭാര്യ കട്ടപ്പനയിൽ പോയതിനാൽ മാത്യു വീട്ടിൽ തനിച്ചായിരുന്നു. രാവിലെ എൻഐടിയിൽ ജോലിക്കെന്ന പേരിൽ വീട്ടിൽ നിന്നിറങ്ങിയ ജോളി വൈകിട്ട് 3.30ന് കൂടത്തായിയിൽ തിരിച്ചെത്തി മാത്യുവിന്റെ വീട്ടിലേക്കു പോയി. ബാഗിൽ സൂക്ഷിച്ച സയനൈഡ് കലർത്തിയ മദ്യം മാത്യുവിന് നൽകിയ ശേഷം വീട്ടിലേക്ക് തിരിച്ചു.

മൂന്നു മണിക്കൂറിനു ശേഷം ഇളയ മകനെ കൂട്ടി വീണ്ടും മാത്യുവിന്റെ വീട്ടിലെത്തി. ഈ സമയം ഛർദിച്ച് അവശനായി കട്ടിലിൽ കിടക്കുകയായിരുന്ന മാത്യു ജോളിയോട് വെള്ളം ആവശ്യപ്പെട്ടു. ജോളി സയനൈഡ് കലർത്തിയ വെള്ളം കുടിക്കാൻ നൽകി. മാത്യു കുഴഞ്ഞുവീണതോടെ അയൽവാസികളെ വിവരമറിയിച്ചു. ആറോടെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച മാത്യു ഒരു മണിക്കൂറിനു ശേഷം മരിച്ചു.

‘ടിവി സീരിയലിന് കൂടത്തായി കേസിനോടു സാമ്യം’

കൊച്ചി∙ കോഴിക്കോട് കൂടത്തായി കൊലക്കേസിനോടു സാമ്യമുള്ള തരത്തിലാണു സ്വകാര്യ വിനോദ ചാനൽ സീരിയൽ സംപ്രേഷണം ചെയ്യുന്നതെന്നു സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. വിചാരണയെയും സാക്ഷികളെയും ഇതു സ്വാധീനിക്കുമോയെന്നു കോടതി പരിശോധിക്കണമെന്നും സർക്കാർ പറഞ്ഞു.കേസിലെ മുഖ്യ സാക്ഷി മുഹമ്മദ് (ബാവ) നൽകിയ ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കി കോഴിക്കോട് റൂറൽ എസ്പി കെ.ജി. സൈമൺ സത്യവാങ്മൂലം സമർപ്പിച്ചത്. 

കൂടത്തായി സ്വദേശിനി ജോളി ഭർത്താവിനെയും ബന്ധുക്കളെയും സയനൈഡ് നൽകി കൊലപ്പെടുത്തിയെന്ന കേസിലെ പ്രധാന സാക്ഷിയാണു ഹർജിക്കാരൻ. ടിവി ചാനലിൽ സംപ്രേഷണം ചെയ്യുന്ന സീരിയൽ സാക്ഷികളെ സ്വാധീനിക്കുമെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഇടപെടുന്നതു കോടതിയലക്ഷ്യമാണെന്നും ഹർജിക്കാരൻ കുറ്റപ്പെടുത്തി.

ടിവി സീരിയലിലെ കഥാപാത്രങ്ങൾ തങ്ങളോടു സാമ്യമുള്ളവരാണെന്നു സാക്ഷികൾ പരാതി നൽകിയിട്ടുണ്ട്.  നിലവിലെ കഥയും കഥാ സന്ദർഭങ്ങളും യഥാർഥ സംഭവത്തോടു സാമ്യമുള്ളവയാണ്. ടിവി സീരിയലുകളും സിനിമകളും നിർമിക്കുന്നതു തടയാൻ സർക്കാരിന് അധികാരം നൽകുന്ന നിയമങ്ങൾ നിലവിലില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com