ADVERTISEMENT

കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിൽ കൊല്ലപ്പെട്ട സിലി ഷാജുവിന്റെ മൃതദേഹാവശിഷ്ടത്തിൽ നിന്നു ശേഖരിച്ച രണ്ടാമത്തെ സാംപിളിലും സയനൈഡിന്റെ അംശം കണ്ടെത്തി. കോഴിക്കോട് റീജനൽ കെമിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയുടെ ഫലം താമരശ്ശേരി മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു. സിലിയുടെ മൃതദേഹാവശിഷ്ടങ്ങളുടെ ആദ്യ സാംപിളിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.  തുടർന്നാണു വിശദ പരിശോധനയ്ക്കായി രണ്ടാമത്തെ സാംപിൾ അയച്ചത്.

കോടതിയിൽ സൂക്ഷിച്ചിരുന്ന സാംപിളാണു പൊലീസിന്റെ അപേക്ഷ പ്രകാരം കോഴിക്കോട് റീജനൽ കെമിക്കൽ ലാബിലേക്ക് അയച്ചത്. കൂടത്തായിയിൽ കൊല്ലപ്പെട്ടവരിൽ റോയ് തോമസ് ഒഴികെയുള്ള അഞ്ചു പേരുടെയും മരണകാരണം തിരിച്ചറിയാനുള്ള ശാസ്ത്രീയ തെളിവ് അന്വേഷണസംഘത്തിന് ആദ്യഘട്ടത്തിൽ ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ സിലിയുടെ മൃതദേഹാവിഷ്ടങ്ങളിലെ രണ്ടു സാംപിളുകളിലും   സയനൈഡിന്റെ അംശം കണ്ടെത്തിയ രാസപരിശോധനാ ഫലം കേസിൽ നിർണായക തെളിവാകും.

റോയ് തോമസിന്റെ ശരീരത്തിൽ സയനൈഡ് അംശമുണ്ടായിരുന്നെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. എന്നാൽ മറ്റ് അഞ്ചു മരണങ്ങളിലും പോസ്റ്റുമോർട്ടം നടത്തിയിരുന്നില്ല. ആറു മരണങ്ങളും കൊലപാതകങ്ങളാണെന്നു കണ്ടെത്തിയതോടെ മൃതദേഹാവശിഷ്ടങ്ങളുടെ രാസപരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചു.  2019 ഒക്ടോബർ നാലിനു കല്ലറകൾ തുറന്നു മരിച്ച ആറു പേരുടെയും മൃതദേഹാവശിഷ്ടങ്ങൾ ശേഖരിച്ചു.

കോഴിക്കോട് മെഡിക്കൽ കോളജിലെ ഫൊറൻസിക് വകുപ്പ് മേധാവി ഡോ.കെ.പ്രസന്നന്റെ നേതൃത്വത്തിലുള്ള സംഘം ഓരോ മൃതദേഹത്തിന്റെയും നാലു സാംപിളുകൾ വീതമാണു ശേഖരിച്ചത്.  ഓരോ സാംപിൾ വീതം ഫൊറൻസിക് സംഘം നേരിട്ടു കോഴിക്കോട്ട് റീജനൽ കെമിക്കൽ ലബോറട്ടറിയിൽ നൽകി. ഒരു സാംപിൾ പൊലീസ് കണ്ണൂരിലെ റീജനൽ ഫൊറൻസിക് ലാബിലേക്ക് അയച്ചു.

രണ്ടു സാംപിളുകൾ തെളിവായി കോടതിയിൽ സമർപ്പിച്ചു. ഇതിൽ  കോഴിക്കോട്ട് റീജനൽ കെമിക്കൽ ലബോറട്ടറിയിൽ നൽകിയ സാംപിളിൽ നിന്നാണു സിലിയുടെ മൃതശരീരത്തിൽ സയനൈഡിന്റെ അംശമുണ്ടായിരുന്നെന്നു ജനുവരി അവസാനവാരം കണ്ടെത്തിയത്.  ലബോറട്ടറി അധികൃതർ വിശദ പരിശോധനയ്ക്കു ഫൊറൻസിക് വിഭാഗത്തോടു കൂടുതൽ സാംപിളുകൾ ആവശ്യപ്പെടുകയും ചെയ്തു. ഫൊറൻസിക് വിഭാഗം ഈ വിവരം റൂറൽ ജില്ലാ പൊലീസ് മേധാവിയെ  അറിയിച്ചു.

തുടർന്നു കോടതിയിൽ സമർപ്പിച്ച സാംപിളുകളിൽ ഒന്ന് പരിശോധനയ്ക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ടു സിലി വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ വടകര കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ ബി.കെ.സിജു  താമരശ്ശേരി മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. കോടതി അനുവദിച്ചതോടെയാണു ജനുവരി 27നു രണ്ടാമത്തെ സാംപിൾ റീജനൽ ലാബിലെത്തിച്ചത്.  

2016ജനുവരി 11നാണു സിലി മരിച്ചത്. സയനൈഡ് നിറച്ച കാപ്സ്യൂൾ നൽകി സിലിയെ കൊലപ്പെടുത്തിയെന്നാണു കേസ്. കൂടത്തായി കൊലപാതക പരമ്പരയിലെ ഏറ്റവും ഒടുവിൽ നടന്ന മരണം സിലിയുടേതായിരുന്നു. കൂടിയ അളവിൽ സയനൈഡ് ഉപയോഗിച്ചതും ഈ കൊലപാതകത്തിലാണെന്നു പൊലീസ് കരുതുന്നു. മൃതദേഹാവശിഷ്ടത്തിൽ സയനൈഡിന്റെ അംശം പെട്ടെന്നു കണ്ടെത്താൻ ഇതു രണ്ടും സഹായകമായെന്നാണു നിഗമനം. 

കൂടത്തായി സിനിമ, പരമ്പര; ഹർജിയിൽ 29നു വിധി

താമരശ്ശേരി∙ കൂടത്തായി കൊലപാതക പരമ്പര ഇതിവൃത്തമായുള്ള സിനിമ, സീരിയൽ നിർമാണത്തിനെതിരെ താമരശ്ശേരി മുൻസിഫ് കോടതിയിൽ നൽകിയ ഹർജിയിൽ 29നു കോടതി വിധി പറയും. ഇന്നലെ കേസിന്റെ വാദം നടന്ന ശേഷമാണു വിധി പറയാൻ മാറ്റിയത്.

കൂടത്തായി കൊലപാതകക്കേസിലെ മുഖ്യ പ്രതി ജോളി ജോസഫിന്റെ ആദ്യ ഭർത്താവ് പൊന്നാമറ്റം റോയി തോമസിന്റെ മകനും റോയിയുടെ സഹോദരിയുമാണു സിനിമയും സീരിയലും കേസിനെ ബാധിക്കുമെന്നും തങ്ങൾക്കു കൂടുതൽ മാനസിക സംഘർഷത്തിനു കാരണമാവുമെന്നും കാണിച്ച് അഡ്വ.മുഹമ്മദ് ഫിർദൗസ് മുഖേന താമരശ്ശേരി മുൻസിഫ് കോടതിയിൽ ഹർജി നൽകിയത്.

കൂടത്തായി എന്ന പേരിൽ നിർമിച്ച സീരിയിലിനു ജോളിയുടെ കഥയും കേസുമായും ബന്ധവുമില്ലെന്നു ഫ്ലവേഴ്സ് ടിവിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ ഇതിലെ കഥയും കഥാപാത്രവും പൊന്നാമറ്റം കുടുംബത്തിൽപെട്ടവരും മറ്റുമാണെന്നു എല്ലാവർക്കും അറിയാവുന്നതാണെന്നു ഹർജിക്കാരുടെ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു.  കൂടത്തായി കൊലക്കേസ് ഇതിവൃത്തമാക്കി സിനിമയെടുക്കാൻ പദ്ധതിയില്ലെന്നു നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഫ്ലവേഴ്സ് ടിവി, ആന്റണി പെരുമ്പാവൂർ എന്നിവർ ഉൾപ്പെടെ സീരിയൽ, സിനിമ, ചാനൽ രംഗത്തെ ഏഴു പേർക്കും കേസിലെ മുഖ്യ പ്രതി ജോളി ജോസഫിനു മെതിരെയാണു ഹർജി പരിഗണിച്ചു കോടതി നോട്ടിസ് അയച്ചത്.  ഇതേ ആവശ്യം ഉന്നയിച്ചു റോയി തോമസിന്റെ അയൽവാസി മുഹമ്മദ് ബാവ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കോടതി  സീരിയൽ സംപ്രേഷണം സ്റ്റേ ചെയ്തിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com