ADVERTISEMENT

ചക്കിട്ടപാറ∙ പഞ്ചായത്തിൽ 8ാം വാർഡിലെ മുതുകാട് അറയ്ക്കൽമുക്ക് മേഖലയിൽ കഴിഞ്ഞ ദിവസം പകൽ സമയത്ത് അജ്ഞാത ജീവിയെ കണ്ടു. കൃഷിയിടത്തിലാണ് ജീവി നടന്നു പോകുന്നത് കണ്ടത്. ഒരു മാസം മുൻപ് ചെങ്കോട്ടക്കൊല്ലി മേഖലയിൽ അജ്ഞാത ജീവിയുടെ കാൽപാടുകളും കണ്ടിരുന്നു.

ചെമ്പനോടയിൽ പുള്ളിപ്പുലി ഭീതി : ആശങ്കയ്ക്ക് പരിഹാരമായില്ല

ചക്കിട്ടപാറ ∙ കഴിഞ്ഞ ദിവസം ചെമ്പനോട തേരകത്തിങ്കൽ ജേക്കബിന്റെ 4 ആടുകളെ കൊന്നത് പുള്ളിപ്പുലിയെന്ന സംശയത്തിൽ ജനങ്ങളുടെ ആശങ്ക ഉയരുന്നു. പെരുവണ്ണാമൂഴി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.

ഇന്നലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ രാത്രികാല പട്രോളിങ് നടത്തിയിരുന്നു. കൃഷി ഭൂമിയിൽ ഇറങ്ങി ജനങ്ങളെ ആക്രമിക്കുന്ന വന്യജീവികളെ പിടികൂടാൻ കൂട്,നിരീക്ഷണ ക്യാമറ എന്നിവ സ്ഥാപിക്കണം എന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. മുൻപ് തോക്ക് ലൈസൻസ് നൽകിയവർക്ക് വീണ്ടും ലൈസൻസ് പുതുക്കി നൽകണം. വനാതിർത്തിയിൽ റെയിൽവേലി നിർമിച്ചാൽ കൃഷിയിടത്തിലെ വന്യമൃഗ ശല്യം കുറയും. നിലവിലുള്ള സൗരവേലിക്കു പവർ കുറവായതും കൂടുതൽ വന്യജീവികൾ ജനവാസ കേന്ദ്രത്തിൽ ഇറങ്ങാൻ കാരണമാകുന്നുണ്ട്.

തേങ്ങ,കരിക്ക് എന്നിവ കുരങ്ങ് തകർക്കുന്നുണ്ട്. മരപ്പട്ടി കൊക്കോയും നശിപ്പിക്കുകയാണ്. കാർഷിക വിളകൾക്ക് വന്യജീവികളിൽ നിന്നും സർക്കാർ മതിയായ സംരക്ഷണം നൽകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.കൃഷി ഭൂമിയിൽ പുലി,കടുവ,അജ്ഞാത ജീവികൾ എന്നിവ നിരന്തരം ഇറങ്ങുന്നതിൽ ജനങ്ങൾ ഭീതിയിലാണ്. വനം വകുപ്പ് ഈ മേഖലയിൽ നിരീക്ഷണത്തിന് പ്രത്യേക ടീമിനെ നിയമിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

തോക്കിനു ലൈസൻസ് അനുവദിക്കണം

∙ കൃഷിഭൂമിയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളിൽ നിന്നും സംരക്ഷണത്തിനായി കർഷകർക്ക് സർക്കാർ അടിയന്തരമായി തോക്ക് ലൈസൻസ് പുനഃസ്ഥാപിച്ച് നൽകണമെന്ന് ചക്കിട്ടപാറ സംയുക്ത കർഷക സമിതി ഓൺലൈൻ യോഗം ആവശ്യപ്പെട്ടു. 2014 മുതൽ പൊലീസ് സ്റ്റേഷനുകളിൽ ചാരിയ തോക്കുകൾക്ക് വീണ്ടും ലൈസൻസ് അനുവദിക്കണം. ചെമ്പനോടയിൽ അജ്ഞാത ജീവികൾ നിരന്തരം ഇറങ്ങുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്കയകറ്റാൻ വനം വകുപ്പ് നടപടിയെടുക്കണം.

പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫിസിൽ എത്തുന്ന കർഷകർ,നേതാക്കൾ എന്നിവരോട് അപമര്യാദയായി പെരുമാറുന്ന റേഞ്ച് ഫോറസ്റ്റ് ഓഫിസർക്ക് എതിരെ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ജിതേഷ് മുതുകാട് അധ്യക്ഷത വഹിച്ചു. ജോർജ് കുബ്ലാനി,ബേബി കാപ്പുകാട്ടിൽ,ആവള ഹമീദ്,വിനീത് പരുത്തിപ്പാറ,രാജേഷ് തറവട്ടത്ത്,ബാബു കാഞ്ഞിരക്കാട്ടുതൊട്ടിയിൽ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com