ADVERTISEMENT

കോഴിക്കോട്∙ തെയ്യം കലാകാരനായ അച്ഛൻ മുരളീധരൻ ചേമഞ്ചേരിയുടെയും തയ്യൽ യൂണിറ്റ് നടത്തുന്ന അമ്മ ലിജിതയുടെയും സഹായത്തിൽ വേദലക്ഷ്മി അവതരിപ്പിച്ച ഓട്ടൻതുള്ളൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആരോഗ്യമന്ത്രിക്കും ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും ആദരവ് അർപ്പിക്കുകയും പൊതുജനങ്ങൾക്കുള്ള സന്ദേശം കൈമാറുകയുമാണ് ഈ ഓട്ടൻതുള്ളലിലൂടെ വേദലക്ഷ്മി ചെയ്യുന്നത്.

മൂന്നാം ക്ലാസുകാരിയാണ് വേദലക്ഷ്മി. മലബാറിൽ ഉത്സവ സീസണുകൾ ആരംഭിച്ച സമയത്താണ് രാജ്യം ലോക്ഡൗണിലേക്ക് മാറിയത്. തെയ്യം കലാകാരനായ മുരളീധരന് മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാണ് പ്രധാനമായും തെയ്യം കെട്ടിയാടൻ കഴിഞ്ഞിരുന്നത്. ഈ 3 മാസത്തെ ഉത്സവ സീസൺ കൊണ്ടുവേണം അടുത്ത സീസൺ വരെ മുന്നോട്ടുപോകാൻ.

എന്നാൽ ഇത്തവണ ലോക്ഡൗൺ കാരണം ഉത്സവങ്ങളെല്ലാം ഇല്ലാതായതോടെ ജീവിതം കടുത്ത പ്രതിസന്ധിയിലായി. ഇതിനിടയിലാണ് കോവിഡ് പ്രതിരോധത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയുണ്ടായത്. മുരളീധരൻ തന്നെ ഗാനമെഴുതി ചിട്ടപ്പെടുത്തി വേദലക്ഷ്മിയെ ചുവടുകൾ പഠിപ്പിച്ചു. അമ്മ ലിജിതയായിരുന്നു വസ്ത്രാലങ്കാരം.

ആദ്യം ചമയങ്ങളില്ലാതെ വീട്ടിൽ വേദലക്ഷ്മി അവതരിപ്പിച്ച ഓട്ടൻതുള്ളൽ സമൂഹ മാധ്യമങ്ങളിൽ നൽകിയപ്പോൾ മികച്ച പ്രതികരണമുണ്ടായി. ഇതാണ് വേഷഭൂഷാദികളോടെ അവതരിപ്പിക്കാൻ ധൈര്യമേകിയത്. വീടിനടുത്തുള്ള കാഞ്ഞിലശേരി അമ്പലത്തിന്റെ ആൽത്തറയിലാണ് ഓട്ടൻതുള്ളൽ ചിത്രീകരിച്ചത്. ചേമഞ്ചേരി പൂക്കാട് സ്വദേശിയായ മുരളീധരൻ ഇപ്പോൾ പാവങ്ങാട് കണ്ടംകുളങ്ങരയിൽ വാടകവീട്ടിലാണ് താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com