ADVERTISEMENT

കോഴിക്കോട്∙ മോർച്ചറിയുടെ പടികളിറങ്ങും മുൻപ് സുനിത ഒരു വട്ടം കൂടി തിരിഞ്ഞുനോക്കി.  ഭർത്താവിന്റെ ചേതനയറ്റ ശരീരത്തിലേക്ക്. സുധീറിന്റെ മൃതദേഹം സംസ്കരിക്കാൻ കൊണ്ടുപോകും മുൻപേ അന്ത്യയാത്ര ചൊല്ലി സുനിത  നിറമിഴികളോടെ വീട്ടിലേക്കു മടങ്ങി. ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് സുധീർ നാട്ടിലെത്തിയത്. ആ മുഖം അവസാനമായി  കാണാൻ മോർച്ചറി വരാന്തയിൽ  പിപിഇ കിറ്റ് ധരിച്ചു സുനിത പിന്നെയും കാത്തിരുന്നു, മണിക്കൂറുകളോളം.

കോവിഡ് പരിശോധനാഫലവുമായി ബന്ധപ്പെട്ടു രാവിലെ തുടങ്ങിയ ആശയക്കുഴപ്പം അവസാനിച്ചത് വൈകിട്ട് നാലിന്. കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച വളാഞ്ചേരി സ്വദേശി സുധീർ വാരിയത്തിന് മരണശേഷം നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആയിരുന്നു. മൃതദേഹം  ബന്ധുക്കൾക്ക് വിട്ടുനൽകാനാവില്ലെന്നും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു സംസ്ക്കരിക്കുമെന്നും അധികൃതർ അറിയിച്ചു.

ബന്ധുക്കൾക്ക് പിപിഇ കിറ്റ് ധരിച്ചു മൃതദേഹം കാണാൻ അവസരമുണ്ടായിരുന്നു.  ഇതിനായി ഭാര്യ സുനിതയും സഹോദരി സുവർണയും  പിപിഇ കിറ്റ് ധരിച്ചു. ഇതിനിടെ  സുധീർ ദുബായിൽ വച്ചു കോവിഡ് പോസിറ്റീവ് ആയിരുന്നെന്നും പിന്നീട് മേയിൽ നടത്തിയ പരിശോധനയിൽ  നെഗറ്റീവ് ആയതായിരുന്നെന്നും സുഹൃത്തുക്കൾ ബന്ധുക്കളെ അറിയിച്ചു. സുധീറിന്റെ മരണം സ്ഥിരീകരിച്ച സ്വകാര്യ ആശുപത്രിയിൽ നടത്തിയതു ആന്റിബോഡി പരിശോധന ആയിരുന്നു.

രോഗം ഭേദമായി മാസങ്ങളോളം ആന്റിബോഡി ശരീരത്തിലുണ്ടാവുന്നതിനാൽ പരിശോധനയിൽ പോസിറ്റീവ് ആകാറുണ്ടെന്നു ബന്ധുക്കൾ ചൂണ്ടിക്കാട്ടി. ദുബായിൽ പരിശോധന നടത്തിയതിന്റെ രേഖകളും മെഡിക്കൽ കോളജ് അധികൃതരെ കാണിച്ചു. വീണ്ടും ആർടി–പിസിആർ പരിശോധന നടത്തണമെന്നായിരുന്നു സുനിതയുടെയും ബന്ധുക്കളുടെയും   ആവശ്യം. ഇക്കാര്യത്തിൽ തീരുമാനം വൈകിയതോടെ സുനിതയുടെ കാത്തിരിപ്പ് നീണ്ടു.

ഇതിനിടെ മന്ത്രി കെ.ടി.ജലീൽ മോർച്ചറിയിലെത്തി. ബന്ധുക്കളുമായും ആശുപത്രി അധികൃതരുമായും സംസാരിച്ചു. രണ്ടു വട്ടം നടത്തിയ പരിശോധനയിലും രോഗം സ്ഥിരീകരിച്ചതിനാൽ മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംസ്കരിക്കുന്നതാണ് ഉചിതമെന്നു ജലീൽ ബന്ധുക്കളെ അറിയിച്ചു.

മാവൂർ റോഡ് വൈദ്യുത ശ്മശാനത്തിൽ സംസ്കരിക്കാനായിരുന്നു തീരുമാനം. നാലോടെ സുനിതയെയും സഹോദരി സുവർണയെയും  മോർച്ചറിക്കുള്ളിലേക്കു കൊണ്ടുപോയി. നിശ്ചിത അകലത്തിൽ നിന്നു അവസാനമായി സുനിത സുധീറിനെ കണ്ടു. മോർച്ചറിയുടെ പടികളിറിങ്ങുമ്പോൾ, പിപിഇ കിറ്റിനുള്ളിലൂടെ കണ്ട സുനിതയുടെ  കണ്ണുകളിൽ ഒരായുസ്സിന്റെ സങ്കടം പെയ്യുന്നുണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com