ADVERTISEMENT

കൂരാച്ചുണ്ട് ∙ കക്കയം വനമേഖലയിൽ ഉരുൾപൊട്ടലിനെ തുടർന്ന് വ്യാപക നാശനഷ്ടം. മണ്ണനാൽ സ്കറിയാച്ചന്റെ വീട്ടിലേക്ക് വെള്ളവും പാറയും ഒഴുകിയെത്തി. ഉരുൾപൊട്ടി ജലമൊഴുകിയ മേഖലയിലെ രാമചന്ദ്രൻ കുന്നുംപുറം,കരുണാകരൻ ഓലക്കാട്ടുവിളചെരുവിൽ,ജോൺസൺ കോയിക്കക്കുന്നേൽ,അപ്പച്ചൻ മണ്ണനാൽ എന്നിവരുടെ കുടുംബങ്ങൾ ഭീഷണിയിലാണ് കഴിയുന്നത്.

കക്കയം ഡാംസൈറ്റ് റോഡിലെ ഗതാഗത തടസ്സം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്യുന്നു.

കക്കയം മല മേഖലയിലെ 20ഓളം കുടുംബങ്ങളും,ഒന്നാം പാലം പ്രദേശത്തെ 8 കുടുംബങ്ങളും കനത്ത മഴ പെയ്യുമ്പോൾ ആശങ്കയിലാണ്. 3 വൈദ്യുത തൂണുകൾ തകർന്നു. വൈദ്യുത ലൈനുകൾ പലയിടങ്ങളിലും പൊട്ടി വീണു. കൂരാച്ചുണ്ട് കെഎസ്ഇബി സെക്‌ഷൻ അധികൃതർ ഇന്ന് പോസ്റ്റ് മാറ്റി വൈദ്യുതി പുനഃസ്ഥാപിക്കുമെന്നു അധികൃതർ അറിയിച്ചു.

ഉരുൾപൊട്ടലിൽ കൃഷി നശിച്ചു

കൂരാച്ചുണ്ട് ∙ വനമേഖലയിൽ നിന്നും ഉരുൾപൊട്ടി സ്വകാര്യ ഭൂമിയിലൂടെ കുത്തിയൊഴുകി വ്യാപകമായ നാശനഷ്ടം ഉണ്ടായി. കോണിപ്പാറ മേഖലയിലെ പള്ളത്തുകാട്ടിൽ,രാജി,കൊച്ചുപുര ജോസഫ്,ചിറപ്പുറത്ത് അനൂപ്,പാത്താടൻ ബൈജു എന്നിവരുടെ റബർ,കവുങ്ങ്,കുരുമുളക് ചെടി എന്നിവ തകർന്നു.

കക്കയം ഒന്നാം പാലത്തിന് സമീപത്തെ സ്രാമ്പിക്കൽ സൂപ്പി,പിച്ചൻവീട് മുഹമ്മദ്,ബെന്നി കാവുപൂവത്തുങ്കൽ,അമ്പലം പ്രദേശത്തെ കിഴക്കരക്കാട്ട് ബിനേഷ് എന്നിവരുടെ കൃഷിയിടത്തിൽ വെള്ളം കുത്തിയൊഴുകി നാശം സംഭവിച്ചു.

അമ്പലക്കുന്നിൽ ക്യാംപ് തുടങ്ങി

കൂരാച്ചുണ്ട് ∙ കക്കയം വനം മേഖലയിൽ ഉരുൾപൊട്ടയതിനെ തുടർന്ന് അമ്പലക്കുന്ന് ആദിവാസി കോളനി നിവാസികളുടെ സുരക്ഷ കണക്കിലെടുത്ത് 11 കുടുംബങ്ങൾക്കായി കക്കയം പള്ളി പാരിഷ് ഹാളിൽ ക്യാംപ് തുടങ്ങി. കോളനിയുടെ സമീപത്ത് മലവെള്ളപ്പാച്ചിലിനു സാധ്യതയുണ്ടെന്ന കാരണത്താലാണ് ദുരിതാശ്വാസ ക്യാംപ് ആരംഭിച്ചത്. കോളനി നിവാസികൾക്ക് കക്കയം പിഎച്ച്സിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാംപ് നടത്തി. ക്യാംപ് അംഗങ്ങൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. മെഡിക്കൽ ഓഫിസർ ഡോ.എം.എ.ഷാരോൺ,ജെപിഎച്ച്എൻ ടി.സ്വപ്ന,ജെഎച്ച്ഐ ജസില എന്നിവർ ക്യാംപിന് നേതൃത്വം നൽകി.

ഡാംസൈറ്റ് റോഡിൽ മണ്ണിടിഞ്ഞു

കൂരാച്ചുണ്ട് ∙ കക്കയം ഡാം സൈറ്റ് റോഡിൽ പലയിടങ്ങളിലും കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീണു ഗതാഗത തടസ്സം. കക്കയം വാലി,ബിവിസി ഭാഗങ്ങളിൽ പാതയിലേക്ക് മണ്ണിടിഞ്ഞു വീണിട്ടുണ്ട്. ഓവുചാൽ ഇല്ലാത്തതിനാൽ വെള്ളം കുത്തിയൊഴുകി പാത തകർന്ന നിലയിലാണ്. കഴിഞ്ഞ പ്രളയത്തിൽ തകർന്ന കക്കയംവാലി പ്രദേശത്ത് പാത നവീകരിച്ചിട്ടില്ല. കെഎസ്ഇബി,ഫോറസ്റ്റ്,പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 20ഓളം പേർ ഡാം സൈറ്റ് മേഖലയിൽ ഒറ്റപ്പെട്ടു. 2 ജീപ്പും,3 ബൈക്കുകളും ഡാംസൈറ്റിൽ കുടുങ്ങിയിട്ടുണ്ട്.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു

കൂരാച്ചുണ്ട് ∙ ഉരുൾപൊട്ടലിൽ നാശം വിതച്ച കക്കയം മേഖല ജനപ്രതിനിധി,ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. ഡാം റോഡിൽ ഗതാഗതം പുനഃസ്ഥാപിക്കാനും,പ്രകൃതിക്ഷോഭ ഭീഷണിയിൽ കഴിയുന്നവരെ താൽക്കാലികമായി സുരക്ഷിത കേന്ദങ്ങളിലേക്കു മാറ്റുന്നതിനും തീരുമാനിച്ചു. 

പഞ്ചായത്ത് പ്രസിഡന്റ് ഗീത ചന്ദ്രൻ,വൈസ് പ്രസിഡന്റ് ഒ.കെ.അമ്മദ്,മെംബർമാരായ ജോസ് വെളിയത്ത്,സിനി ജിനോ,വിൻസി തോമസ്,ആൻഡ്രൂസ് കട്ടിക്കാന,കൊയിലാണ്ടി തഹസിൽദാർ കെ.ഗോകുൽദാസ്,വില്ലേജ് ഓഫിസർ ടി.പി.സന്തോഷ്കുമാർ,പഞ്ചായത്ത് സെക്രട്ടറി കെ.അബ്ദു റഹിം,കൂരാച്ചുണ്ട് പൊലീസ് ഇൻസ്പെക്ടർ ദിനേശ് കോറോത്ത്,പൊതുമാരാമത്ത് വകുപ്പ് അസി.എൻ‍ജിനീയർ പി.ജൽജിത്ത്,കെഎസ്ഇബി അസി.എൻജിനീയർ മുരുകേഷ്,കക്കയം പള്ളി വികാരി ഫാ.മാത്യു കുറുമ്പുറത്ത് എന്നിവർ ഉരുൾപൊട്ടിയ മേഖല സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com