ADVERTISEMENT

കോഴിക്കോട്ടെ നഗരസഭാ തിരഞ്ഞെടുപ്പുകളിൽ ഏറ്റവും കടുത്ത പോരാട്ടം നടത്തി കയറിവന്ന നേതാവാണ് സി.എച്ച്. മുഹമ്മദ് കോയ. മുനിസിപ്പാലിറ്റിയെ കോർപറേഷൻ ആക്കണമെന്നു കൗൺസിലിൽ പ്രമേയം അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു. നിയമസഭ ഒടുവിൽ അതു പാസാക്കിയപ്പോൾ നിയമമാക്കാനുള്ള ബില്ലിൽ സ്പീക്കറെന്ന നിലയിൽ ഒപ്പുവച്ചതും സിഎച്ച്. 

1927ൽ അത്തോളിയിൽ പിറന്ന ചെറിയാംകണ്ടി മുഹമ്മദ്കോയ സിഎച്ച് എന്ന രണ്ടക്ഷരങ്ങളിൽ വളർന്നു വലുതായത്  ചാലപ്പുറത്തെ സാമൂതിരി കോളജിൽ ഇന്റർമീഡിയറ്റിനു പഠിക്കാൻ വന്നപ്പോഴാണ്. പഠനം പൂർത്തിയാക്കാൻ കഴിയാതെ ജീവിക്കാൻ വഴിതേടി മുനിസിപ്പൽ ഓഫിസിൽ താൽക്കാലിക ക്ലാർക്കായി. മുസ്‌ലിം വിദ്യാർഥി ഫെഡറേഷനിൽ സ്ഥാപകാംഗമായി.

വലിയങ്ങാടിയിലെ ലീഗ് ഓഫിസിൽ അസിസ്റ്റന്റായി. പ്രസംഗ വേദികളിൽ തീപ്പൊരിയായി. പത്തൊൻപതാം വയസ്സിൽ പാർട്ടി മുഖപത്രമായ ‘ചന്ദ്രിക’യിൽ എം.കെ.അത്തോളി ആയി കടന്നുവന്ന സിഎച്ച് മൂന്നു വർഷത്തിനകം മുഖ്യ പത്രാധിപരായി. പ്രസംഗ വേദികളിൽ വെടിക്കെട്ടുകൾ നടത്തിവന്ന ആ ചെറുപ്പക്കാരനെ നേതാക്കളിൽ ചിലർ തന്നെ ‘വെടിപൊട്ടിക്കോയ’ എന്നു വിളിച്ചു അക്കാലം.

കോഴിക്കോട് മുനിസിപ്പൽ കൗൺസിലിൽ ആ യുവാവിനെ സ്ഥാനാർഥിയാക്കാൻ നേതൃത്വം ആഗ്രഹിച്ചെങ്കിലും പ്രായം തികയാത്തതിനാൽ നോമിനേഷൻ നൽകാനായില്ല. എന്നാൽ, 1952ൽ 25–ാം വയസ്സിൽ കുറ്റിച്ചിറ വാർഡിൽനിന്നു സിഎച്ച് നഗരസഭയിലെത്തി.1955ലെ അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ശക്തികേന്ദ്രമായ പരപ്പിൽ വാർഡിൽ നിന്നു ജനവിധി തേടാനാണ് പാർട്ടി നിയോഗിച്ചത്. മലയാള പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായിരുന്ന എ.മുഹമ്മദ്കോയ എന്ന അപ്പക്കോയ ആയിരുന്നു എതിർസ്ഥാനാർഥി.

സിഎച്ചിനെ തോൽപിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി അപ്പക്കോയയ്ക്കു പിന്തുണ പ്രഖ്യാപിച്ചു. ഭാരതീയ ജനസംഘവും  അപ്പക്കോയയ്ക്കുവേണ്ടി രംഗത്തിറങ്ങി. എന്നാൽ  ആ ജീവന്മരണ പോരാട്ടത്തിൽ 44 വോട്ടിന്റെ ഭൂരിപക്ഷത്തിനാണെങ്കിലും സിഎച്ച് ജയിച്ചുകയറി. ആ കൗൺസിലിലാണ് ആറംഗ ലീഗ് കമ്മിറ്റി നേതാവായി കൗൺസിലിൽ എത്തിയ സിഎച്ച് നൂറോളം വർഷത്തിന്റെ ചരിത്രമുള്ള കോഴിക്കോട് മുനിസിപ്പാലിറ്റിയെ കോർപറേഷനാക്കി ഉയർത്തണമെന്ന് പ്രമേയം അവതരിപ്പിച്ചത്.

പിൽക്കാലത്ത് കേരള മന്ത്രിസഭ ആ ആവശ്യം അംഗീകരിക്കുമ്പോൾ സിഎച്ച് മന്ത്രി ആയിരുന്നു. നിയമസഭ അതിനു പ്രാബല്യം നൽകിയപ്പോൾ ഉത്തരവിൽ കയ്യൊപ്പു വച്ചതും പിന്നീട് സ്പീക്കറായ അദ്ദേഹം തന്നെ. പല മണ്ഡലങ്ങളിൽനിന്ന് 7 തവണ ജയിച്ച് എംഎൽഎയും മന്ത്രിയുമായ സിഎച്ച്, കരുണാകരൻ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയും 1979ൽ മുഖ്യമന്ത്രിയുമായി. 1962ൽ കോഴിക്കോട് ലോക്സഭാ സീറ്റിൽ  കടുത്ത പോരാട്ടത്തിൽ ജയിച്ച അദ്ദേഹം 1973ൽ മഞ്ചേരിയിൽനിന്നു പാർലമെന്റിലെത്തി.

തിരിച്ചുവന്ന് ഉപമുഖ്യമന്ത്രി ആയിരിക്കെയാണ് 56–ാം വയസ്സിൽ ഹൈദരാബാദിൽ മരിച്ചത്. സിഎച്ചിന്റെ മരണശേഷം മകൻ ഡോ.എം.കെ.മുനീർ രാഷ്ട്രീയത്തിലിറങ്ങുകയും സിഎച്ച് തുടക്കം കുറിച്ച കുറ്റിച്ചിറ വാർഡിൽ നിന്നു തന്നെ നഗരസഭാ കൗൺസിലറാകുകയും ചെയ്തു. മുനീർ വർഷങ്ങളായി നിയമസഭാംഗവും ഇപ്പോൾ ഐക്യജനാധിപത്യ മുന്നണിയുടെ ഡപ്യൂട്ടി ലീഡറും ആയിരിക്കുമ്പോഴും പഴമക്കാരുടെ ഓർമകളിൽ സിഎച്ച് നിറഞ്ഞുനിൽക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com