ADVERTISEMENT

വടകര ∙ നാരായണ നഗറിൽ സ്റ്റേഡിയം ഉൾപ്പെടെയുള്ള പദ്ധതികൾക്ക് നഗരസഭ ഏറ്റെടുത്ത സ്ഥലത്തിൽ കുറെ കൈവിട്ടു പോയെന്ന വാദവുമായി പഴയ ഭരണസാരഥികൾ. ചെറുകിട ഇടത്തരം നഗര വികസനത്തിന് 1977ൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ ഐഡിഎസ്എംടി പദ്ധതി പ്രകാരം സ്റ്റേഡിയം, ഹൗസിങ് കോളനി, അറവുശാല, ബസ് സ്റ്റാൻഡ്, റിക്രിയേഷൻ ക്ലബ്, ലിങ്ക് റോഡ്, പച്ചക്കറി മാർക്കറ്റ് തുടങ്ങിയ പദ്ധതികളായിരുന്നു വിഭാവനം ചെയ്തത്. അന്ന് ഇതിനായി അനുവദിച്ചത് 1.08 കോടി രൂപ.

ഇതിന്റെയൊപ്പം നിശ്ചിത ഫണ്ട് നഗരസഭ കണ്ടെത്തണമായിരുന്നു. പദ്ധതിൽപെട്ട സ്റ്റേഡിയം, ഹൗസിങ് കോളനി പദ്ധതികൾക്കായിരുന്നു നാരായണ നഗറിൽ ഭൂമി ഏറ്റെടുത്തത്. ഈ 2 പദ്ധതികൾക്കും വേണ്ടി ഏറ്റെടുത്ത ഭൂമി വർഷങ്ങളോളം ഉപയോഗിക്കാതെ കിടന്നതു കൊണ്ട് പലരും നിയമ നടപടിയുമായി മുന്നോട്ടു പോയപ്പോൾ കുറെ ഭൂമി നഗരസഭയ്ക്ക് നഷ്ടമായി. ഈ ഭൂമി വീണ്ടെടുക്കാൻ ശക്തമായ നിയമ പോരാട്ടം നഗരസഭ നടത്തിയില്ലെന്ന് മുൻ നഗരസഭ ഉപാധ്യക്ഷൻ എടയത്ത് ശ്രീധരൻ പറഞ്ഞു.

ഐഡിഎസ്എംടി പദ്ധതി പ്രകാരം ഇൻഡോർ സ്റ്റേഡിയമായിരുന്നു നിർദേശിച്ചതെന്നും ഇതിനു വിരുദ്ധമായി ഓപ്പൺ സ്റ്റേഡിയം പണിയാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഓപ്പൺ സ്റ്റേഡിയം എന്ന പദ്ധതിക്കായിരുന്നു ഫണ്ട് ലഭിച്ചതെന്നും വിശാല മൈതാനത്ത് ഇൻഡോർ സ്റ്റേഡിയം പണിയുന്നത് പ്രായോഗികമല്ലെന്നും ഓപ്പൺ സ്റ്റേഡിയം പദ്ധതി നടപ്പാക്കാൻ പ്രാരംഭ നടപടി സ്വീകരിച്ച മുൻ നഗരസഭാധ്യക്ഷൻ ടി.പി.ചന്ദ്രൻ പറയുന്നു.

അന്ന് ഓപ്പൺ സ്റ്റേഡിയത്തിന് 60 ലക്ഷത്തോളം രൂപ അനുവദിച്ചിരുന്നു. 400 മീറ്റർ ട്രാക്ക് ഗാലറി, പവിലിയൻ തുടങ്ങിയ സൗകര്യങ്ങളായിരുന്നു നടപ്പാക്കാൻ ഉദ്ദേശിച്ചത്. വിവിധ കോർട്ടുകളും ഇതിൽ സ്ഥാപിക്കാൻ കഴിയുമായിരുന്നു. കാൽ കോടിയോളം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന മൈതാനം അതേപടി നിലനിർത്തുക എന്ന ഉദ്ദേശ്യമായിരുന്നു അന്ന് ഈ ലക്ഷ്യത്തിനു പിന്നിലെന്ന് ചന്ദ്രൻ പറഞ്ഞു.

മറ്റു പദ്ധതികൾ കടന്നുവന്ന നാരായണ നഗർ ഗ്രൗണ്ടി‍ൽ നിലം നിരപ്പാക്കാൻ കോടികളാണ് ചെലവിട്ടതെന്ന് ആരോപണമുണ്ട്. ഏറ്റെടുത്ത വയൽ പ്രദേശത്ത് 30 വർഷത്തിലധികമായി മണ്ണിട്ടു നിരപ്പാക്കൽ തുടരുകയായിരുന്നു. തിരുവള്ളൂർ റോഡിന് സമാന്തരമായി നിലം ഉയർത്തിയില്ലെങ്കിൽ മൈതാനത്ത് വെള്ളം കെട്ടി നിൽക്കുമായിരുന്നു. ഇതൊഴിവാക്കാ‍ൻ ലോഡ് കണക്കിന് മണ്ണിട്ട് നിരപ്പാക്കിയ ഭൂമിയിലാണ് ബിഒടി കെട്ടിടവും ഇൻഡോർ സ്റ്റേഡിയവും ദ്രവമാലിന്യ സംസ്കരണ പ്ലാന്റും ഉയർന്നു വന്നത്.

കായിക പ്രേമികളുടെ യോഗം ഇന്ന് 

വടകരയിലെ സ്റ്റേഡിയം 400 മീറ്ററുള്ള സിന്തറ്റിക് ട്രാക്ക് ആക്കി മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളെപ്പറ്റി ആലോചിക്കാൻ കായികപ്രേമികളുടെയും സാംസ്കാരിക പ്രവർത്തകരുടെയും യോഗം ഇന്ന് രാവിലെ 10ന് ബിഇഎം ഹൈസ്കൂളിൽ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com