ADVERTISEMENT

കോഴിക്കോട്∙ ഗ്രാമീണയായൊരു മലയാളിപ്പെൺകൊടിയെപ്പോലെയാണ് എലത്തൂർ. പുഴകളും പച്ചപ്പും കടലും മലകളും തൊട്ടുരുമ്മി നിൽക്കുന്ന ഹരിതഭംഗിയുള്ള മണ്ഡലം. കോർപറേഷന്റെ  ഒരു ഭാഗംകൂടി ഉൾക്കൊള്ളുന്നുണ്ട് ഗതാഗതമന്ത്രിയുടെ ഈ സ്വന്തം മണ്ഡലം. 2008ൽ മണ്ഡലം രൂപീകരിക്കുന്ന കാലത്ത് എ.കെ.ശശീന്ദ്രൻ ബാലുശ്ശേരി എംഎൽഎയായിരുന്നു. എ.സി.ഷൺമുഖദാസിന്റെ പിൻഗാമിയായാണ് ബാലുശ്ശേരിയിൽ 2006ൽ ശശീന്ദ്രൻ മത്സരിച്ചത്. എലത്തൂർ രൂപീകരിച്ചപ്പോൾ‍ എൽഡിഫ് ബാലുശ്ശേരിക്കു പകരമായി എൻസിപിക്കു നൽകി. ഇതുവരെ നടന്ന രണ്ടു തിരഞ്ഞെടുപ്പിലും എ.കെ.ശശീന്ദ്രനാണ് വിജയിച്ചത്. 2016ലെ വിജയത്തോടെ സംസ്ഥാനത്തെ ഗതാഗതമന്ത്രിയായി ശശീന്ദ്രൻ സ്ഥാനമേറ്റു. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് എ.കെ.ശശീന്ദ്രനൊപ്പം എൻസിപിയുടെ സംസ്ഥാനഭാരവാഹിയായി പ്രവർത്തിച്ചിരുന്ന സുൽഫിക്കർ‍ മയൂരിയാണ് ഇത്തവണ എലത്തൂരിൽ യുഡിഎഫ് സ്ഥാനാർഥി. മാണി.സി.കാപ്പൻ പുതിയ പാർട്ടി രൂപീകരിച്ചപ്പോൾ കൂടെപോന്നതാണ് സുൽഫിക്കർ മയൂരി. എലത്തൂർ സീറ്റ് കാപ്പന്റെ എൻസികെയ്ക്ക് യുഡിഎഫ് നൽകിയതോടെയാണ് സുൽഫിക്കർ മയൂരി സ്ഥാനാർഥിയായെത്തിയത്. ബിജെപിയുടെ മുൻ ജില്ലാപ്രസിഡന്റും നിലവിൽ ഉത്തരമേഖലാ പ്രസിഡന്റുമായ ടി.പി.ജയചന്ദ്രനാണ് എൻഡിഎ സ്ഥാനാർഥി.  അധ്യാപകനായി വിരമിച്ച ജയചന്ദ്രന്റെ വലിയൊരു ശിഷ്യസമ്പത്ത് എലത്തൂർ മണ്ഡലത്തിലുണ്ട്.

എൻസികെയുടെ സ്ഥാനാർഥിയെ അംഗീകരിക്കാനാവില്ലെന്ന വാദവുമായി മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതോടെ ഇത്തവണ യുഡിഎഫ് പ്രതിസന്ധിയിലായി. വിമതരായി രണ്ടുപേർ പത്രിക നൽകുകയും ചെയ്തു. പത്രിക പിൻവലിക്കേണ്ട അവസാനനിമിഷമാണ് സുൽഫിക്കർ മയൂരിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. മറ്റു രണ്ടു മുന്നണികളും തർക്കങ്ങളില്ലാതെ വളരെ മുൻപുതന്നെ പ്രചാരണം തുടങ്ങിക്കഴിഞ്ഞിരുന്നു.നേരത്തെ കൊടുവള്ളി, ബാലുശ്ശേരി, കുന്നമംഗലം മണ്ഡലങ്ങളുടെ ഭാഗമായിരുന്ന പഞ്ചായത്തുകൾ കൂട്ടിച്ചേർത്താണ് 2008ൽ എലത്തൂർ രൂപീകരിച്ചത്. കോർപറേഷനിലെ ഒന്നു മുതൽ അഞ്ചുവരെ വാർഡുകളും എഴുപത്തിയഞ്ചാം വാർഡും എലത്തൂരിലാണ്. ഇതിൽ അഞ്ചിടത്ത് എൽഡിഎഫും ഒരു വാർഡിൽ യുഡിഎഫുമാണു ജയിച്ചത്. ചേളന്നൂർ, കക്കോടി, കാക്കൂർ, കുരുവട്ടൂർ, നന്മണ്ട, തലക്കുളത്തൂർ പഞ്ചായത്തുകളാണ് എലത്തൂരിലുള്ളത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ചേളന്നൂർ പഞ്ചായത്തിൽ മാത്രമാണ് യുഡിഎഫ് ഭരണം. ഭാരതീയ നാഷനൽ ജനതാദളിന്റെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെയാണ് ചേളന്നൂർ ഭരിക്കുന്നത്. 

2009 മുതലുള്ള നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഒരിക്കൽ മാത്രമാണ് മണ്ഡലത്തിൽ യുഡിഎഫ് ലീഡ് നേടിയത്. സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞടിച്ച 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയത് 103 വോട്ടിന്റെ ലീഡ്. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ജയിച്ച 2009, 2014 തിരഞ്ഞെടുപ്പുകളിൽ എലത്തൂരിൽ എൽഡിഎഫ് യഥാക്രമം 7736, 5449 വോട്ടുകളുടെ ലീഡ് നേടി. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എ.കെ. ശശീന്ദ്രൻ ജയിച്ചത് 14654 വോട്ടിനാണെങ്കിൽ 2016 ൽ ഭൂരിപക്ഷം 29057 ആയി വർധിച്ചു. യുഡിഎഫിന്റെ ഭാഗമായിരുന്ന ജനതാദളാണു രണ്ടു വട്ടവും പരാജയപ്പെട്ടത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com