ADVERTISEMENT

കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജിലെ പിജി ഡോക്ടർമാർ നടത്തിയ സൂചനാ സമരം വാർഡുകൾ, ഒപി വിഭാഗം എന്നിവയുടെ പ്രവർത്തനത്തെ ബാധിച്ചു. പല ഒപികളിലും പരിശോധന വൈകിട്ട് വരെ നീണ്ടു.  വാർഡുകളിൽ മുതിർന്ന ഡോക്ടർമാരുടെ റൗണ്ട്സ് കഴിഞ്ഞാൽ പിന്നീട് ആളില്ലാത്ത സാഹചര്യമായിരുന്നു. അടിയന്തര ആവശ്യങ്ങൾക്ക് അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരുടെ സഹായം തേടുകയാണുണ്ടായത്. രണ്ടു വർഷമായി പഠനം പോലും മാറ്റിവച്ച് കോവിഡ് ഡ്യൂട്ടി മാത്രം ചെയ്യേണ്ടിവന്ന പിജി ഡോക്ടർമാരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും അംഗീകരിക്കാത്തതിലുള്ള പ്രതിഷേധം സമരത്തിൽ പ്രകടമായിരുന്നു.

നോൺ അക്കാദമിക് ജൂനിയർ റസിഡന്റുമാർ നിലവിലില്ല. പുതിയ ഹൗസ് സർജൻമാരുമില്ല. പിജി പ്രവേശനത്തിന് വേണ്ട നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് നീട്ടിയതിനാൽ പുതിയ ബാച്ച് പിജി ഡോക്ടർമാരില്ല. മൂന്നാം വർഷ പിജിക്കാർക്കു പരീക്ഷയായതിനാൽ അവരും ഡ്യൂട്ടിയിലില്ല. ഇത്തരമൊരു സാഹചര്യത്തിൽ രൂക്ഷമായ ആൾക്ഷാമമാണ് മെഡിക്കൽ കോളജുകളിൽ അനുഭവപ്പെടുന്നതെന്ന് പിജി ഡോക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഒന്നര വർഷമായി അക്കാദമിക പഠനം പോലും ലഭ്യമാകാത്ത അവസ്ഥയാണ്. കോവിഡ് ഡ്യൂട്ടി മാത്രമായതിനാൽ മറ്റ് രോഗികളെ കണ്ടുള്ള പരിശീലനം ലഭ്യമായില്ല. 

വേണ്ടിവന്നാൽ അനിശ്ചിതകാല സമരം

കോവിഡ് മൂന്നാം തരംഗം മുന്നിൽക്കണ്ട് ഇതിനായി മെഡിക്കൽ കോളജ് അല്ലാത്ത മറ്റു പ്രധാന ആശുപത്രികളെ തയാറാക്കുക, പിജി സീറ്റുകളുടെ അനുപാതത്തിൽ സീനിയർ റസിഡൻസി സീറ്റുകൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഈ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.

സർജറി ഒപിയിൽ മൈക്ക് ഇല്ല

സർജറി ഒപിയിൽ രാവിലെ മുതൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. വൈകിട്ടു വരെ ഇതു തുടർന്നു. ഇവിടെ രോഗിയുടെ പേരു വിളിച്ചു പറയാൻ മൈക്ക് സെറ്റില്ല. നേരത്തേയുണ്ടായിരുന്ന മൈക്ക് കേടായതാണ്. മൈക്കില്ലാത്തതിനാൽ  പേരു വിളിക്കുമ്പോൾ ശബ്ദം കുറവായതിനാൽ പലർക്കും കേൾക്കാൻ കഴിയുന്നില്ലെന്നു പറഞ്ഞു ചിലർ ബഹളം വച്ചു. മാസ്ക് ധരിക്കുന്നതിനാൽ ചെറിയ തോതിൽ മാത്രമാണ് ശബ്ദം പുറത്തേക്കു വരുന്നത്. കോവിഡ് കാലമാണെങ്കിലും ഇതൊന്നും പരിഗണിക്കാതെയായിരുന്നു പലരും തിരക്കു കൂട്ടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com