ADVERTISEMENT

കോഴിക്കോട് ∙ ബാർസിലോനയുടെയും റയൽ മഡ്രിഡിന്റെയുമൊക്കെ തട്ടകത്തിൽനിന്നു ചില അടവുകൾ പഠിച്ചെടുത്തിട്ടാണു കോഴിക്കോടുകാരൻ മുഹമ്മദ് നെമിൽ (19) തിരികെ വിമാനം കയറിയത്. നേരെ വന്നിറങ്ങിയതു കൊൽക്കത്തയിൽ നടന്ന ഡ്യുറാൻഡ് കപ്പിലേക്ക്. ഐഎസ്എൽ ക്ലബ് എഫ്സി ഗോവയ്ക്കായി 4 ഗോളടിച്ചു മിന്നുന്ന പ്രകടനമാണു താരം കാഴ്ചവച്ചത്.

ജംഷഡ്പുർ എഫ്സിക്കെതിരെ ഇരട്ടഗോൾ നേടിയ നെമിൽ, സുദേവ എഫ്സിക്കെതിരെയും ഡൽഹി എഫ്സിക്കെതിരെയും ഗോളുകൾ നേടി. ഒടുവിൽ ഗോവ ഡ്യുറാൻഡ് ജേതാക്കളുമായി. സീനിയർ തലത്തിൽ കളിച്ച ആദ്യ ടൂർണമെന്റിൽ തന്നെ കിരീടം നേടി ഇന്ത്യൻ ഫുട്ബോളിലേക്ക് നെമിൽ വരവറിയിക്കുകയാണ്. നെമിലിന്റെ എല്ലാ ഗോളുകളും നിലവാരമുള്ള ഫിനിഷിങ്ങുകളായിരുന്നു. എതിർ കളിക്കാരെ വെട്ടിയൊഴിഞ്ഞു ചാട്ടുളി പോലെ മുന്നേറാനുള്ള കഴിവ് നെമിലിനെ വേറിട്ടു നിർത്തുന്നു. ഇന്ത്യൻ ഫുട്ബോളിലേക്ക് മറ്റൊരു കോഴിക്കോട്ടുകാരൻ കൂടി വ്യക്തിമുദ്ര പതിപ്പിക്കുകയാണ്.

സ്പെയിനാണു തട്ടകം

കോഴിക്കോട് ചേവായൂരിൽ പരേതനായ വി.അബൂബക്കറിന്റെയും നസീറ ബക്കറിന്റെയും മകനായ നെമിൽ വി.പി.സത്യൻ സോക്കർ അക്കാദമിയിൽ നിന്ന് 2015ൽ റിലയൻസിന്റെ യങ് ചാംപ് പദ്ധതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 13ാം വയസ്സിൽ റിലയൻസ് അക്കാദമിയിലെത്തിയ നെമിൽ 3 സീസണുകളിലായി 45 ഗോളുകളാണ് അടിച്ചുകൂട്ടിയത്. 2019– 20 സീസണിൽ സ്പെയിനിലെ മാർസെറ്റ് ഹൈ പെർഫോമൻസ് അക്കാദമിയിലെത്തി. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സ്പെയിനിലെ രണ്ടാം ഡിവിഷൻ ക്ലബ്ബായ എഫ്ഇ ഗ്രാമയിലെത്തി. ഗ്രാമയുടെ ജൂനിയർ, സീനിയർ ടീമുകൾക്കായി കളിച്ചു. ബാർസിലോന ടീം ഉൾപ്പെടെ കളിക്കുന്ന, അണ്ടർ 19 സെക്കൻഡ് ഡിവിഷൻ ടൂർണമെന്റിൽ മിന്നുന്ന പ്രകടനമാണു താരം കാഴ്ചവച്ചത്.

എഫ്സി ഗോവയിലേക്ക്

സ്പെയിനിൽ കളിക്കുന്നതിനിടെ 2019– 20 സീസണിൽ ഐഎസ്എൽ ക്ലബ് എഫ്സി ഗോവയുമായി കരാറിലെത്തിയിരുന്നു. സ്പാനിഷ് ശൈലി പിന്തുടരുന്ന ടീം ആയതിനാലാണ് എഫ്സി ഗോവ തിരഞ്ഞെടുത്തതെന്നു നെമിൽ പറയുന്നു. കോച്ച് യുവാൻ ഫെറാൻഡോ സ്പെയിനിലെത്തി നെമിലിനോടു സംസാരിച്ചിരുന്നു.

തുടർന്ന് വായ്പ അടിസ്ഥാനത്തിലാണു സ്പെയിനിൽ കളിച്ചത്. ഇപ്പോൾ തിരികെയെത്തി താൻ സ്പെയിനിൽ പോയത് വെറുതെ ആയില്ലെന്നു തെളിയിക്കുകയാണ് താരം. ഗോവയിൽ തന്നെ നടക്കുന്ന ഐഎസ്എൽ ടൂർണമെന്റിനായുള്ള പരിശീലനത്തിലാണ് ഇപ്പോൾ നെമിൽ. ഡ്യുറാൻഡിലെ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ടീമിൽ ഇടംപിടിക്കുമെന്ന് ഉറപ്പാണ്. ഇന്ത്യൻ ടീമിൽ എത്തുകയാണ് നെമിലിന്റെ ലക്ഷ്യം.

English Summary: Kozhikode resident's 'mass entry' to Indian football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com