ADVERTISEMENT

കോഴിക്കോട് ∙ ഡിസിസി പ്രസിഡന്റ് നിയമനത്തിനു പിന്നാലെ കെപിസിസി പുനഃസംഘടനയിലും ജില്ലയിലെ എ, ഐ ഗ്രൂപ്പുകൾക്ക് അതൃപ്തി. ജില്ലയിൽ നിന്നു കെപിസിസി ജനറൽ സെക്രട്ടറിമാരായ 2 പേരും ഈ ഗ്രൂപ്പുകളുടെ ഭാഗമല്ല. പി.എം.നിയാസ് കെ.സി.വേണുഗോപാലിനെ പിന്തുണയ്ക്കുമ്പോൾ കെ.ജയന്ത് കെ.സുധാകരന്റെ നോമിനിയായാണു പട്ടികയിൽ ഇടം പിടിച്ചത്. ചുരുക്കത്തിൽ പുതിയ കെപിസിസി നേതൃത്വവുമായി അടുപ്പം സൂക്ഷിക്കുന്നവരാണ് രണ്ടു പേരും. ടി.സിദ്ദിഖിന്റെയും എം.കെ.രാഘവന്റെയും പിന്തുണയോടെ ഡിസിസി പ്രസിഡന്റായ കെ.പ്രവീൺ കുമാറും ഇതേ ലൈനാണ് പിന്തുടരുന്നത്. എ ഗ്രൂപ്പുമായി അകന്ന ടി.സിദ്ദിഖ് കൂടി ചേരുന്നതോടെ ജില്ലയിലെ പ്രധാനപ്പെട്ട 4 ഭാരവാഹികളും സുധാകരൻ–സതീശൻ ടീമിന്റെ ഭാഗമാണ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പിന്തുണയും ഇവർക്കുണ്ട്. 

2006 മുതൽ മുതൽ കൈവശം വച്ചിരുന്ന ഡിസിസി പ്രസിഡന്റ് സ്ഥാനം നഷ്ടമായ ജില്ലയിലെ എ ഗ്രൂപ്പ് കെപിസിസി പുനഃസംഘടനയിലും അവഗണന നേരിട്ടതോടെ കടുത്ത അമർഷത്തിലാണ്. മറുവശത്ത് ഐ ഗ്രൂപ്പിന് ജില്ലയിൽ നേതൃത്വം നൽകിയിരുന്ന എൻ.സുബ്രഹ്മണ്യൻ ദീർഘകാലമായി കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു. എന്നാൽ ഇക്കുറി ജില്ലയിലെ ഐ ഗ്രൂപ്പിൽ നിന്ന് ആരും പട്ടികയിൽ ഇല്ല. മൂന്നു  വർഷമായി സംഘടനാപ്രവർത്തനത്തിൽ സജീവമല്ലാതിരുന്ന കെ.ജയന്തിനെ കെപിസിസി ജനറൽ സെക്രട്ടറിയാക്കിയതിനെതിരെ നേതൃത്വത്തിനുള്ളിൽ തന്നെ മുറുമുറുപ്പുണ്ട്. കെപിസിസി സെക്രട്ടറിയായിരുന്ന ജയന്ത് 2018ൽ യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസി(എം)ന് നൽകിയതിൽ പ്രതിഷേധിച്ച് സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. 

കെ.സുധാകരൻ കെപിസിസി പ്രസിഡന്റായതിനു ശേഷമാണ് വീണ്ടും ജയന്ത് സജീവമായത്. ജയന്തിനെ ജനറൽ സെക്രട്ടറിയാക്കാനുള്ള നീക്കത്തിനെതിരെ ജില്ലയിലെ ചില നേതാക്കൾ എതിർപ്പ് അറിയിച്ചെങ്കിലും കെപിസിസി പ്രസിഡന്റ് തീരുമാനത്തിൽ ഉറച്ചുനിന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റും 2005 മുതൽ കെപിസിസി അംഗവും ആയിരുന്ന ജയന്ത് പുതിയ പദവിക്ക് അർഹനാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് കൊടുക്കാനുള്ള തീരുമാനത്തെ എതിർത്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ രാജി രാഷ്ട്രീയമായി ശരിയായിരുന്നുവെന്നു കാലം തെളിയിച്ചെന്നും അവർ ഓർമിപ്പിക്കുന്നു. ഡിസിസി, കെപിസിസി പുനഃസംഘടനകളിൽ കടുത്ത അമർഷമുണ്ടെങ്കിലും തൽക്കാലം പരസ്യമായ പ്രതികരണങ്ങൾക്കില്ലെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ നിലപാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com