ADVERTISEMENT

കുറ്റ്യാടി∙ വർധിച്ചു വരുന്ന ലഹരിമരുന്ന്, മദ്യ, മാഫിയ സംഘങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുറ്റ്യാടി ടൗണിലും പരിസര പ്രദേശങ്ങളിലും മദ്യ വിൽപന വ്യാപകമാണ്. വൈകുന്നേരങ്ങളിൽ അടിപിടിയും ബഹളവും പതിവാണ്. ചില പെട്ടിക്കടകൾ കേന്ദ്രീകരിച്ചും മദ്യവിൽപന നടക്കുന്നുണ്ടെന്ന പരാതിയും ഉണ്ട്.മാഹിയിൽ നിന്നു വിദേശ മദ്യം എത്തിക്കുന്ന സംഘം ഇവിടെയുണ്ട്. തലശ്ശേരി, മാഹി എന്നിവിടങ്ങളിൽ ജോലിക്ക് പോകുന്നവരിൽ ചിലർ മദ്യം ഇവിടെ എത്തിക്കുന്നതായും പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. കുറ്റ്യാടി റിവർ റോഡ്, പുഴയോരം, മരുതോങ്കര പഞ്ചായത്തിലെ കനാൽ പരിസരം, ജാനകിക്കാട് പ്രദേശം എന്നിവിടങ്ങളിൽ പരസ്യ മദ്യപാനം നടക്കുന്നതായി നേരത്തെ പരാതി ഉയർന്നതാണ്.

മരുതോങ്കര മുണ്ടക്കുറ്റി മുതൽ ജാനകിക്കാട് വരെയുള്ള  കനാൽ പരിസരം മദ്യ, ലഹരിമരുന്ന് മാഫിയ സംഘത്തിന്റെ താവളമാണ്. നാട്ടുകാർ പല തവണ പൊലീസിനെ അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. തൊട്ടിൽപാലം പാലത്തിന് അടുത്തും മാർക്കറ്റ് റോഡിലും മുള്ളൻകുന്ന് റോഡിൽ നടുത്തോട് പാലത്തിനടുത്തും വ്യാജമദ്യ വിൽപന നടക്കുന്നതായി പരാതിയുണ്ട്.വയനാട് ഭാഗത്തുനിന്ന് വൻതോതിൽ കഞ്ചാവ് ഇവിടെ എത്തിക്കുന്നുണ്ട്.

മൊത്തമായി കഞ്ചാവ്  എത്തിക്കുന്ന സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം റിവർ റോഡിൽ സാമൂഹിക പ്രവർത്തകനെ മദ്യപർ കയ്യേറ്റം ചെയ്തിരുന്നു.പൊലീസ് പട്രോളിങ് ഊർജിതമാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ ശക്തമായ നടപടി സ്വീകരിക്കണമെന്നു ബിജെപി കുറ്റ്യാടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഒ.പി. മഹേഷ് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com