ADVERTISEMENT

മലയാള സിനിമയിൽ സൂപ്പർഹിറ്റുകൾ തീർത്ത ലൊക്കേഷൻ. സിനിമയിലും സ്വാതന്ത്ര്യ ചരിത്രത്തിലുമെല്ലാം ചേർത്തുവെയ്ക്കപ്പെട്ട് ഇന്നും തലയെടുപ്പോടെ നിൽക്കുകയാണു കൊടുവള്ളി മാനിപുരത്തെ മക്കാട്ട് ഇല്ലം. ഹരിഹരന്റെ ‘സർഗം’, ‘എന്ന് സ്വന്തം ജാനകിക്കുട്ടി’, ഈയിടെ വിടപറഞ്ഞ നെടുമുടി വേണു മുഖ്യ വേഷത്തിലെത്തിയ ‘ആലഞ്ചേരി തമ്പ്രാക്കൾ’ തുടങ്ങിയ സിനിമകൾക്കും ഒട്ടേറെ ആൽബങ്ങൾക്കും ഹ്രസ്വചിത്രങ്ങൾക്കും ലൊക്കേഷനായിട്ടുണ്ട് 250 വർഷത്തിലധികം പഴക്കമുള്ള ഈ പുരാതന ഇല്ലം.

ഇന്നും സംവിധായകരും സാങ്കേതിക പ്രവർത്തകരും അഭിനേതാക്കളുമെല്ലാം ഈ ഇല്ലവുമായും അവിടത്തെ കുടുംബാംഗങ്ങളുമായും ആത്മബന്ധം തുടരുന്നുവെന്നതും ശ്രദ്ധേയം. മനോജ് കെ. ജയന്റെ സർഗത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തിനൊപ്പം മക്കാട്ട് ഇല്ലവും ഇവിടത്തെ പൂമുഖവുമെല്ലാം കഥാപാത്രങ്ങളായി ആസ്വാദകരുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്നു. ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സർഗത്തിലെ, സ്വരരാഗ ഗംഗാ പ്രവാഹമേ... അടക്കമുള്ള ഗാനരംഗങ്ങൾക്ക് വശ്യമായ ദൃശ്യഭംഗിയേകാനും ഇല്ലത്തിന്റെ മനോഹാരിത സഹായിച്ചു. ഒട്ടേറെ പ്രശസ്തർക്ക് ആതിഥ്യമരുളിയ ചരിത്രപ്രാധാന്യവും ഇല്ലത്തെ പൂമുഖത്തിനുണ്ട്.

വില്യംലോഗന്റെ മലബാർ മാന്വലിൽ ഇല്ലത്തെക്കുറിച്ചുപരാമർശമുണ്ട്. കലാപകാരികൾ കനോലി സായിപ്പിനെ വധിച്ചശേഷം മക്കാട്ട് ഇല്ലത്തെത്തിയതും ബ്രിട്ടീഷുകാർ കലാപകാരികളെ തുരത്താൻ ഇല്ലത്തെ പടിപ്പുര ഭാഗത്ത് ക്യാംപ് ചെയ്തത് അടക്കമുള്ള അപൂർവ ചരിത്ര സന്ധികളുടെ കഥകളും ഇല്ലത്തിന് പറയുവാനുണ്ട്.ഇപ്പോൾ മക്കാട്ട് ഇല്ലത്തെ കാരണവരായ മക്കാട്ട് മാധവൻ നമ്പൂതിരി കൊടുവള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റാണ്. എൻജിനീയറായ അദ്ദേഹത്തിന്റെ മകൻ സൂരജാണ് ഇപ്പോഴും ഇല്ലത്തിന്റെ തനിമ നിലനിർത്തി പരിപാലിക്കുന്നത്. നടുമുറ്റവും പടിപ്പുരയും വടക്കിനിയും സർപ്പക്കാവും നിത്യപൂജയുള്ള ക്ഷേത്രവുമെല്ലാം വിവിധ സിനിമാഫ്രെയിമുകളിൽ ആസ്വാദകർക്കു മുന്നിലെത്തി. 

വെള്ളിക്കോലും പറയും ആവണപ്പലകയുമെല്ലാമടങ്ങുന്ന ഒട്ടേറെ പുരാവസ്തുശേഖരങ്ങളും ഇല്ലത്തിൽ ഭദ്രമായുണ്ട്. സംവിധായകൻ ഹരിഹരന് ഏറെ ആത്മബന്ധമുള്ള മക്കാട്ട് ഇല്ലം അദ്ദേഹത്തിന്റെ ഇഷ്ട ലൊക്കേഷൻ കൂടിയാണ്. 2018ൽ 200 വർഷത്തിലേറെ പഴക്കമുള്ള മുറ്റത്തെ പുളിമരം കടപുഴകി ഇല്ലത്തെ പൂമുഖത്തിനു കേടുപാടുകൾ പറ്റിയിരുന്നു. തുടർന്ന് പൂമുഖം പുനർ നിർമ്മിച്ചപ്പോൾ ആ വാർത്തയറിഞ്ഞ് ഹരിഹരൻ വീണ്ടും ഇല്ലത്തെത്തി. ലൊക്കേഷൻ ഓർമകൾ പങ്കുവെച്ച് മനോജ് കെ. ജയനടക്കമുള്ള അഭിനേതാക്കളും ഇല്ലം സന്ദർശിക്കാനെത്താറുണ്ട്. ഓരോ കാഴ്ചയിലും മനോഹരമായ ഫ്രെയിമുകൾ സമ്മാനിച്ച് രണ്ടര നൂറ്റാണ്ടിനിപ്പുറവും പ്രൗഢിയോടെ നിലകൊള്ളുകയാണ് ഈ സൂപ്പർ ഹിറ്റ് ഇല്ലം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com