ADVERTISEMENT

കൊയിലാണ്ടി∙ കതിർമണ്ഡപം ഉയരേണ്ട വീട്ടിൽ ഇന്നലെ കൂട്ടക്കരച്ചിലായിരുന്നു ഉയർന്നത്. കഴിഞ്ഞ ദിവസം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ലോറിയിടിച്ചു മരിച്ച പന്തലായനി മീത്തലെ വീട്ടിൽ ഷീബയുടെ മകൻ അക്ഷയിന്റെ വിവാഹം നാളേക്കായിരുന്നു നിശ്ചയിച്ചത്. പോസ്റ്റ്മോർട്ടം കഴിഞ്ഞു ഷീബയുടെ മൃതശരീരം ഉച്ചയോടെ എത്തിച്ചപ്പോൾ അന്തിമോപചാരത്തിനായി കിടത്തിയത് വിവാഹത്തിനായി വീട്ടിൽ ഒരുക്കിയ പന്തലിനു കീഴിൽ. വീട്ടുവളപ്പിൽ സംസ്കാരം നടത്തി. നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷീബ.

സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു ദേശീയപാതയിൽ കെഡിസി ബാങ്കിനു സമീപം അപകടം. ഇവിടെ പാതയോരത്ത് പൂട്ടുകട്ട പതിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ സദാസമയം ഗതാഗതക്കുരുക്കാണ്. ഇതിനിടയിൽ കുരുക്കു ചെറുതായൊന്ന് അഴിയുമ്പോൾ വാഹനങ്ങൾ മുന്നോട്ട് എടുക്കാൻ ധൃതി കാണിക്കും. ഇതു പലപ്പോഴും അപകടം വരുത്തുന്നു. പൂട്ടുകട്ട പതിക്കുന്ന പണി ഇഴഞ്ഞാണ് നീങ്ങുന്നത്. കഴിഞ്ഞ മാർച്ചിൽ തുടങ്ങിയതാണ് ഈ പ്രവൃത്തി. 2 ആഴ്ച കൊണ്ട് പൂർത്തിയാക്കാവുന്ന പണിയാണ് അനന്തമായി നീളുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.

ദേശീയപാതയിൽ തറനിരപ്പിൽനിന്നു റോഡ് ഉയർന്ന നിലയിൽ. ഇരുചക്ര വാഹനങ്ങൾ താഴെയിറക്കാൻ പറ്റാത്ത സ്ഥിതിയാണ്.
ദേശീയപാതയിൽ തറനിരപ്പിൽനിന്നു റോഡ് ഉയർന്ന നിലയിൽ. ഇരുചക്ര വാഹനങ്ങൾ താഴെയിറക്കാൻ പറ്റാത്ത സ്ഥിതിയാണ്.

അപകടങ്ങൾക്ക് അറുതിയില്ലാതെ  കൊയിലാണ്ടി മേഖല

കൊയിലാണ്ടി∙ വാഹനാപകട മരണങ്ങൾ കൊയിലാണ്ടി മേഖലയിൽ തുടരുന്നു. വാഹനങ്ങളുടെ അമിതവേഗവും അശ്രദ്ധയും റോഡിലെ പിഴവുകളുമെല്ലാം കൂടിച്ചേരുമ്പോൾ ദേശീയപാത കുരുതിക്കളമാകുന്നു. 10 മാസത്തിനുള്ളിൽ 27 പേരുടെ ജീവനാണ് അപകടങ്ങളിൽ പൊലിഞ്ഞത്. ചേമഞ്ചേരി, തിരുവങ്ങൂർ മേഖലകളിലാണ് അപകടം കൂടുതലും. ഓരോ വർഷവും 25നും 30നും ഇടയിൽ ആളുകൾ കൊയിലാണ്ടി മേഖലയിൽ  വാഹനാപകടങ്ങളിൽ മരിക്കുന്നു. ഇതിന്റെ ഇരട്ടി ആളുകൾ അപകടങ്ങളിൽ പരുക്കേറ്റ് മരണതുല്യമായ ജീവിതം നയിക്കുന്നു. ഇരുചക്ര വാഹന യാത്രക്കാരാണ് മരണപ്പെടുന്നതിൽ കൂടുതലും.

നാലു പതിറ്റാണ്ടിനിടയിൽ ഒരു അടി പോലും പാത വീതി കൂട്ടിയിട്ടില്ല. വാഹനങ്ങളുടെ എണ്ണം പലമടങ്ങ് വർധിച്ചിട്ടും ദേശീയപാത വികസനം ഇപ്പോഴും കീറാമുട്ടിയായിക്കിടക്കുന്നു. വാഹനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം പെരുകുന്നതിനൊത്ത് അപകടങ്ങളും കുതിച്ചുയരുകയാണ് ഇവിടെ. ദേശീയപാതയിൽ വീതിയില്ലാത്തതും കൊടുംവളവുകളും അപകടം ക്ഷണിച്ചു വരുത്തുന്നു. എസ് ആകൃതിയിലുള്ള വളവുകളാണ് ഈ മേഖലയിൽ കൂടുതൽ.  വലിയവാഹനങ്ങൾ അമിതവേഗത്തിൽ വരുമ്പോഴാണ് ഇവിടെ ബൈക്ക് യാത്രക്കാർ അപകടത്തിൽപെടുന്നത്.  ദേശീയപാത വീതികൂട്ടാൻ സ്ഥലമെടുപ്പാണ് പല സ്ഥലങ്ങളിലും കടമ്പയാകുന്നത്.

കൊയിലാണ്ടി നഗരത്തിലെ ഗതാഗതക്കുരുക്ക്.
കൊയിലാണ്ടി നഗരത്തിലെ ഗതാഗതക്കുരുക്ക്.

എന്നാൽ കൊയിലാണ്ടി മേഖലയിൽ അപകട കേന്ദ്രങ്ങളിൽ ഇരുവശത്തും വീതികൂട്ടാൻ ആവശ്യമായ സ്ഥലങ്ങളുണ്ട്. ഭൂമി ഏറ്റെടുക്കാതെ ഇവിടെ വീതി കൂട്ടാനാകും. കൊയിലാണ്ടി നഗരത്തിൽ ദേശീയപാതയ്ക്ക് ഇരുവശത്തായാണ് പ്രധാന സർക്കാർ ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. നഗരസഭാ ബസ് സ്റ്റാൻഡും ദേശീയപാതയോരത്താണ്. പഴയ ബസ് സ്റ്റാൻഡിന്റെ മുൻപിലാണ് പുതിയ ബസ് സ്റ്റാൻഡും. ഇതിനിടയിലാണ് മേൽപാലത്തിലെ വാഹന പ്രവാഹവും. ഓട്ടോറിക്ഷ ഉൾപ്പെടെ ടാക്സി വാഹനങ്ങളുടെ പാർക്കിങ്ങും പാതയോരത്താണ്. ഈ സാഹചര്യം കാരണം നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിഞ്ഞ നേരമുണ്ടാകാറില്ല. 5 മിനിറ്റ് കൊണ്ട് കടന്നു പോകേണ്ട സ്ഥലത്ത് വാഹനങ്ങൾ ദീർഘനേരം ഗതാഗതക്കുരുക്കിൽപെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com