ADVERTISEMENT

കോഴിക്കോട് ∙ ജില്ലയിൽ വീണ്ടും കോളറ ബാധയെന്ന സംശയത്തെ തുടർന്ന് ആരോഗ്യവകുപ്പ് അടിയന്തര യോഗം വിളിച്ചു. ജില്ലയിൽ ഭക്ഷ്യവിഷബാധ ലക്ഷണങ്ങളോടെ ആളുകൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രദേശങ്ങളിലെ വെള്ളത്തിലാണ് വിബ്രിയോ കോളറെ, കോളിഫോം ബാക്ടീരിയയുടെ  സാന്നിധ്യം കണ്ടെത്തിയത്. എങ്കിലും ആർക്കും കോളറയുടെ ഗുരുതര ലക്ഷണങ്ങളില്ല. ഏതാനും ദിവസത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ഈ മേഖലകളിൽ  ഭക്ഷ്യസുരക്ഷാ വകുപ്പ് വിശദ പരിശോധന നടത്തി. അതിന്റെ ഭാഗമായി ശേഖരിച്ച വെള്ളത്തിന്റെ സാംപിളിലാണ് കോളറ ബാക്ടീരിയ കണ്ടെത്തിയത്. തുടർന്ന് ആരോഗ്യവകുപ്പിനെ അറിയിക്കുകയായിരുന്നു. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കോളറ ബാക്ടീരിയ വന്നത് എങ്ങനെയാണെന്നു കണ്ടെത്താൻ ആരോഗ്യ വകുപ്പിനു കഴിഞ്ഞിട്ടില്ല. എങ്കിലും ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായി, ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിൽ സൂപ്പർ ക്ലോറിനേഷൻ ആരംഭിച്ചിട്ടുണ്ട്.  ഇന്ന് ഹെൽത്ത് സൂപ്പർവൈസർമാരുടെ അടിയന്തര യോഗവും വിളിച്ചിട്ടുണ്ട്. 

സൂപ്പർ ക്ലോറിനേഷൻ എങ്ങനെ?

സാധാരണ അളവിൽ ഉപയോഗിക്കുന്നതിനേക്കാൾ ഇരട്ടി അളവിൽ ക്ലോറിൻ ഉപയോഗിച്ചാണ് സൂപ്പർ ക്ലോറിനേഷൻ നടത്തുന്നത്. പ്രളയം കയറിഇറങ്ങിയ പ്രദേശങ്ങളിലെ കിണറുകളിലും ശുദ്ധജല സ്രോതസ്സുകളിലും സൂപ്പർ ക്ലോറിനേഷൻ നടത്തണം. 100 ലീറ്റർ വെള്ളം സൂപ്പർ ക്ലോറിനേറ്റ് ചെയ്യാൻ 30 ഗ്രാം സോഡിയം ഹൈപ്പോ ക്ലോറേറ്റ് ഉപയോഗിക്കണം. കിണറിലാണെങ്കിൽ ഒരു പടവ് വെള്ളത്തിന് 10 ഗ്രാം എന്ന അളവിൽ  ചേർത്ത് സൂപ്പർ ക്ലോറിനേഷൻ നടത്താം

"ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലെ ശുദ്ധജല സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ‍ നിന്നു മലിനാംശങ്ങൾ കൂടുതലായി കണ്ടിട്ടുണ്ട്. പക്ഷേ കോളറ എന്ന ആശങ്കാജനകമായ സാഹചര്യം ഇപ്പോഴില്ല. എങ്കിലും കിണറുകളും മറ്റു ജലസ്രോതസ്സുകളും സൂപ്പർ ക്ലോറിനേഷൻ‍ നടത്തി അണുവിമുക്തമാക്കണം. ഇതിന് ആശാ പ്രവർ‍ത്തകർ ഉൾപ്പെടെയുള്ള പൊതുജനാരോഗ്യ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. വ്യക്തി ശുചിത്വം, കൈകളുടെ ശുചിത്വം, ഭക്ഷ്യശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കണം." - ഡോ.വി.ഉമർ ഫാറൂഖ് (ഡിഎംഒ) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com