പാസഞ്ചർ ട്രെയിനുകൾക്കു പകരം സർവീസുകളുമായി റെയിൽവേ
Mail This Article
കോഴിക്കോട്∙ കോവിഡ് പശ്ചാത്തലത്തിൽ ദീർഘനാളായി ഓടാതിരുന്ന പാസഞ്ചർ ട്രെയിനുകൾക്കു പകരം സർവീസുകളുമായി റെയിൽവേ. മംഗളൂരു– കോഴിക്കോട് റിസർവ്‍ഡ് എക്സ്പ്രസ് (16610), കോഴിക്കോട്– കണ്ണൂർ അൺറിസർവ്‌ഡ് എക്സ്പ്രസ് (06481) എന്നിവയാണു കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വഴിയുള്ള പുതിയ സർവീസുകൾ. എല്ലാ ദിവസവും ഓടുന്ന ട്രെയിനുകളാണിത്. ജനുവരി 3 മുതൽ ഇവ സർവീസ് ആരംഭിക്കും.
മംഗളൂരു കോഴിക്കോട് എക്സ്പ്രസ് പുലർച്ചെ 5.37ന് മംഗളൂരുവിൽ നിന്നു സർവീസ് ആരംഭിക്കും. 06.04ന് കാസർകോട്, 8.02ന് കണ്ണൂർ, 10.15ന് കോഴിക്കോട് എന്നിവിടങ്ങളിലെത്തും. കോഴിക്കോട്– കണ്ണൂർ എക്സ്പ്രസ് ഉച്ചയ്ക്ക് 2.05ന് കോഴിക്കോട് നിന്ന് സർവീസ് ആരംഭിക്കും. വൈകിട്ട് 4.30നു കണ്ണൂരെത്തും. രണ്ടു ട്രെയിനുകളിലും 10 ജനറൽ കോച്ചുകളുണ്ടാകും. സ്റ്റേഷനിൽ നിന്നു ജനറൽ ടിക്കറ്റ് എടുത്തു യാത്ര ചെയ്യാൻ സാധിക്കും. കണ്ണൂർ– ചെറുവത്തൂർ അൺറിസർവ്ഡ് എക്സ്പ്രസ്, ചെറുവത്തൂർ– മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ് എന്നീ ട്രെയിനുകളും പുതുതായി ആരംഭിച്ചിട്ടുണ്ട്.