ADVERTISEMENT

മേപ്പയൂർ ∙ കീഴരിയൂരിൽ കനാൽ വെള്ളമെത്താത്തതു കാരണം കടുത്ത വരൾച്ച. മുൻകാലങ്ങളിൽ ഫെബ്രുവരി ആദ്യവാരം കീഴരിയൂർ ഭാഗത്തു കനാൽ വെള്ളം എത്താറുള്ളതാണ്. എന്നാൽ, ഇത്തവണ വിഷു കഴിഞ്ഞിട്ടും വെള്ളം വന്നില്ല. കനാൽ വെള്ളം പ്രതീക്ഷിച്ചു കൃഷി ചെയ്തവർക്കെല്ലാം വൻ നഷ്ടമാണു നേരിട്ടത്. പച്ചക്കറി, നെല്ല്, വാഴ എന്നിവയെല്ലാം ഉണങ്ങി. കീഴരിയൂർ വടക്കുംമുറിയിൽ ജൈവപച്ചക്കറി കൃഷി ചെയ്ത കർഷകർ വെള്ളമില്ലാത്തതു കാരണം കൃഷി ഉപേക്ഷിച്ചു. നെൽക്കൃഷിയുടെ അവസ്ഥയും ഇങ്ങനെ തന്നെ.

  കീഴരിയൂരിൽ കനാൽ വെള്ളമില്ലാത്തതിനാൽ കർഷകർ ഉപേക്ഷിച്ചു പോയ കൃഷിതോട്ടം.
കീഴരിയൂരിൽ കനാൽ വെള്ളമില്ലാത്തതിനാൽ കർഷകർ ഉപേക്ഷിച്ചു പോയ കൃഷിതോട്ടം.

നടുവത്തൂർ, കുറ്റിക്കാട്ടിൽതാഴ, ചെറുപുഴ പാടശേഖരം എന്നിവിടങ്ങളിലെ കർഷകർ കനാൽ വെള്ളം ഇല്ലാത്തതു കാരണം കടുത്ത പ്രതിസന്ധിയിലാണ്. ചെറുപുഴ പാടശേഖരത്തിൽ കൃഷി ഇറക്കാനായില്ല. കിണറുകളിലും ജലനിരപ്പു താഴ്ന്നതോടെ കുടിവെള്ളക്ഷാമവും രൂക്ഷമാണ്. കനാൽ വെള്ളത്തെ ആശ്രയിക്കുന്ന കുളങ്ങൾ ഉൾപ്പെടെയുള്ള ജലാശയങ്ങളിലും ജലനിരപ്പു കുറഞ്ഞു. കീഴരിയൂരിലെ ശുദ്ധജല തടാകമെന്ന് അറിയപ്പെടുന്ന ചെറുപുഴ പോലും വറ്റാറായി.

 നടുവത്തൂർ ബ്രാഞ്ച് കനാലിൽ വെള്ളമില്ലാത്തതിനാൽ  നടുവത്തൂർ മഹാശിവക്ഷേത്രക്കുളത്തിലെ ജലനിരപ്പ് താഴ്ന്ന  നിലയിൽ.
നടുവത്തൂർ ബ്രാഞ്ച് കനാലിൽ വെള്ളമില്ലാത്തതിനാൽ നടുവത്തൂർ മഹാശിവക്ഷേത്രക്കുളത്തിലെ ജലനിരപ്പ് താഴ്ന്ന നിലയിൽ.

നടുവത്തൂർ മഹാശിവ ക്ഷേത്രക്കുളത്തിലെ വെള്ളവും അടിത്തട്ടിലെത്തി. തോടുകളും കുളങ്ങളും ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ ഏറെയും കനാൽ തുറക്കുന്നതോടെ ജലസമൃദ്ധമാവുകയാണു പതിവ്. വേനലിനു മുന്നോടിയായി കനാലിൽ അറ്റകുറ്റപ്പണി ചെയ്യാത്തതും കനാൽ വൃത്തിയാക്കാത്തതുമാണ് ഇത്തവണ പല മേഖലയിലും കനാൽ വെള്ളം എത്താതിരിക്കാൻ കാരണം. കഴിഞ്ഞ വർഷം വരെ അതതു പഞ്ചായത്തുകൾ തൊഴിലുറപ്പു പദ്ധതിയിലൂടെ കനാലുകൾ ശുചീകരിച്ചു. ഇത്തവണ അതു നടന്നില്ല. കാടു പടർന്നതും ചെളി അടിഞ്ഞതും കാരണം നീരൊഴുക്കു തടസ്സപ്പെട്ടു.

ഇതു കനാലിന്റെ സുരക്ഷയ്ക്കു ഭീഷണിയായതോടെ കൂടുതൽ വെള്ളം തുറന്നു വിടാൻ കഴിയാത്ത സ്ഥിതി. മഴക്കാലം അവസാനിക്കുമ്പോൾ തന്നെ കനാലുകളുടെ പണി ആരംഭിച്ചാൽ മാത്രമേ വേനലിൽ കനാലുകൾ വഴി നീരൊഴുക്കു സാധ്യമാകൂ. മുൻപു ജലസേചന വകുപ്പ് കനാലുകളുടെ അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിലും ഫണ്ട് ഇല്ലെന്ന കാരണത്താൽ പലയിടങ്ങളിലും അവ നടന്നില്ല.

നടുവത്തൂർ ബ്രാഞ്ച് കനാലിൽ വെള്ളമില്ലാത്തതു കാരണം കർഷകർ അനുഭവിക്കുന്ന പ്രയാസങ്ങൾ ഞാൻ നേരിട്ട് കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഓഫിസിലെത്തി എക്സിക്യൂട്ടീവ് എൻജിനീയർ ഉൾപ്പെടെയുള്ളവരെ ധരിപ്പിച്ചതാണ്. വെള്ളം ഉടനെ തുറന്നു വിടുമെന്ന് അവർ ഉറപ്പു നൽകി. പിന്നീട് കനാൽ തുറന്നു. വടക്കുംമുറി ഭാഗം വരെ വെള്ളമെത്തി. എന്നാൽ, കനാൽ ശുചീകരണം നടക്കാത്തതു കാരണം വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടു.
കെ.കെ.നിർമല, കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ്

നടുവത്തൂർ ബ്രാഞ്ച് കനാൽ തുറക്കാൻ നടപടി സ്വീകരിച്ചതാണ്. കനാൽ ശുചീകരണ പ്രവൃത്തി പതിവിനു വിരുദ്ധമായി നടക്കാത്തതു നീരൊഴുക്കിനു തടസ്സമായി. അറ്റകുറ്റപ്പണി നടത്താൻ വേണ്ടത്ര ഫണ്ടില്ലാത്തതു കാരണം പലയിടത്തും അതു നടന്നിട്ടില്ല.
ജയരാജ് കനിയേരി, എക്സിക്യൂട്ടീവ് എൻജിനീയർ, കുറ്റ്യാടി ജലസേചന വിഭാഗം

നടുവത്തൂർ ബ്രാഞ്ച് നാലിൽ ഏപ്രിൽ പകുതിയായിട്ടും വെള്ളമില്ലാത്തത് കർഷകരെ ദുരിതത്തിലാക്കി. പഞ്ചായത്തിന്റെ കെടുകാര്യസ്ഥത കൊണ്ടാണ് ഇത്തവണ കനാൽ ശുചീകരണം നടക്കാതിരുന്നത്. തൊഴിലുറപ്പു തൊഴിലാളികൾ എല്ലാവർഷവും നടത്താറുള്ള കനാൽ വൃത്തിയാക്കലിന് ഇത്തവണ നിയമ തടസ്സമുണ്ടെന്ന് അറിഞ്ഞിട്ടും പഞ്ചായത്ത് ബദൽ സംവിധാനമുണ്ടാക്കിയില്ല. കനാൽ വെള്ളം പ്രതീക്ഷിച്ച് കൃഷിയിറക്കിയ കർഷകർ കൃഷി ഉപേക്ഷിക്കേണ്ടി വന്നു. കൃഷിക്കാർക്ക് നഷ്ടപരിഹാരം ഉൾപ്പെടെയുള്ള ധനസഹായം ലഭിക്കാൻ പഞ്ചായത്ത് മുൻകയ്യെടുക്കണം.
കൊല്ലങ്കണ്ടി വിജയൻ, കർഷക കോൺഗ്രസ് കീഴരിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്

കീഴരിയൂരിൽ കനാൽ ജലമെത്താത്തതിനാൽ കർഷകർ ദുരിതത്തിലാണ്. വെള്ളമില്ലാത്തതിനാൽ കൃഷി ഉണങ്ങുന്ന കാര്യം അവർ ശ്രദ്ധയിൽപെടുത്തിയിരുന്നു. കർഷകർ അനുഭവിക്കുന്ന പ്രയാസം ഒട്ടേറെത്തവണ കുറ്റ്യാടി ജലസേചന വകുപ്പ് ഉദ്യോഗസ്ഥരോടു പറഞ്ഞതാണ്. അവർ ഓരോ കാരണം പറഞ്ഞു വെള്ളം മറ്റെവിടേക്കോ തുറന്നു വിടുകയാണെന്നു സംശയിക്കുന്നു. ഒട്ടേറെ കർഷകരാണു നിത്യേന കനാലിൽ വെള്ളമില്ലാത്തതിനാൽ കൃഷി ഉണങ്ങിയെന്ന പരാതിയുമായി കൃഷിഭവനിൽ എത്തുന്നത്.
എൻ. മൊയ്തീൻ ഷാ, കൃഷി ഓഫിസർ, കീഴരിയൂർ

നടുവത്തൂർ ശാഖാ കനാലിൽ വെള്ളം എത്താത്തതിനാൽ നെൽക്കൃഷിയും പച്ചക്കറി കൃഷിയും പൂർണമായും നശിച്ചു. മുൻപു പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് ലഭിച്ച എനിക്ക് ഇത്തവണ കനാൽ വെള്ളം എത്താത്തതിനാൽ വലിയ പ്രയാസം നേരിട്ടു. ഞാൻ നട്ട ജൈവ പച്ചക്കറി തൈകൾ വെള്ളമില്ലാതെ ഉണങ്ങി. കനാൽ അധികൃതരുമായി ബന്ധപ്പെടുമ്പേൾ അവർ കൈമലർത്തുന്നു. ചെറുപുഴ പാടശേഖരത്തിലും വെള്ളമില്ലാത്തതിനാൽ കൃഷി ചെയ്യാൻ കഴിഞ്ഞില്ല.
കണാരൻ തേറമ്പത്ത് മീത്തൽ, മുതിർന്ന കർഷകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com