ADVERTISEMENT

കോഴിക്കോട് ∙ കേരളത്തിന്റെ ഗ്രാമീണ മേഖലയുടെ നേർചിത്രം.... അന്യം നിന്നുപോകുന്ന കളരിമുറകളുടെ ചുരികത്തലപ്പും കുറുവടിയും ഒറ്റയും.. പിന്നെ,  പുതുതലമുറയ്ക്കു കൗതുകമായ പാരമ്പര്യ കൈത്തൊഴിലുകളുടെ ചലിക്കുന്ന കാഴ്ചകൾ... സർക്കാരിന്റെ വിവിധ വകുപ്പുകളുടെ കാണാകാഴ്ചകളുമായി 'എന്റെ കേരളം' പ്രദർശന വിപണനമേള ശ്രദ്ധേയമായി. രണ്ടാം പിണറായി വിജയൻ സർക്കാരിന്റ ഒന്നാം വാർഷികത്തിന്റെ ഭാഗമായാണ് കോഴിക്കോട് ബീച്ചിൽ പ്രദർശന മേള ഒരുക്കിയത്. 26 വരെ തുടരുന്ന മേള മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

വൈകിട്ട് ജില്ലാതല ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു വർണാഭമായ ഘോഷയാത്ര നഗരത്തിൽ നിന്നു കടപ്പുറത്തേക്കു നീങ്ങി. വള്ളുവനാടൻ തിറകളും പൂതവും അകമ്പടി സേവിച്ചു. അസുരവാദ്യത്തിന്റെ മേളത്തിനൊപ്പം പാക്കനാർ കോലങ്ങളായ കേത്രാട്ടങ്ങളും മാണി മുത്തപ്പനും. പ്രാദേശിക കലാരൂപങ്ങൾക്കു താളപ്പൊലിമയേകി ചുവടു വെച്ചു വനിതാ ശിങ്കാരിമേളം. കേരളത്തനിമ വിളിച്ചോതുന്ന നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും ആഘോഷത്തിന് കൊഴുപ്പേകി. ഘോഷയാത്രയ്ക്കു എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ.പി.കുഞ്ഞമ്മദ്കുട്ടി, കെ.എം.സച്ചിൻദേവ്, ജില്ലാ ഇൻഫർമേഷൻ ഓഫിസർ കെ.ദീപ എന്നിവർ നേതൃത്വം നൽകി. സാംസ്കാരിക വകുപ്പ് ഫെലോഷിപ് ജേതാവും പ്രശസ്ത നാടൻകലാ പ്രവർത്തകനുമായ അനീഷ് മണ്ണാർക്കാടിന്റെ നേതൃത്വത്തിലാണ് സാംസ്കാരിക കലാരൂപങ്ങൾ ഘോഷയാത്രയിൽ അണിനിരന്നത്. 

ഉദ്ഘാടന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിൽ, എംഎൽഎമാരായ കെ.പി.കുഞ്ഞമ്മദ്കുട്ടി, ലിന്റോ ജോസഫ്, കെ.എം.സച്ചിൻദേവ്, ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, പിആർഡി ഡപ്യൂട്ടി ഡയറക്ടർ സി.അയ്യപ്പൻ, കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി, ഇൻഫർമേഷൻ ഓഫിസർ കെ.ദീപ എന്നിവർ പ്രസംഗിച്ചു. തുടർ ദിവസങ്ങളിൽ കലാസാംസ്കാരിക മേഖലയിലെ പ്രശസ്തരായ കലാകാരന്മാരുടെ വിവിധ പരിപാടികൾ പ്രധാന വേദിയിൽ അരങ്ങേറും. പ്രദർശനം രാവിലെ 10 മുതൽ രാത്രി 9 വരെയാണ്. പ്രവേശനം സൗജന്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com