ADVERTISEMENT

കോഴിക്കോട്∙ ലാഭം മാത്രം നോക്കി ട്രെയിൻ സർവീസുകൾ നടത്തിയാൽ മതിയെന്ന് റെയിൽവേ തീരുമാനിച്ചതോടെ മലബാറിൽ കോവിഡ് കാലത്ത് നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകൾ ഒന്നും ഉടനടി തിരിച്ചു വന്നേക്കില്ല. പാസഞ്ചറുകളുടെ സമയത്ത് സ്പെഷൽ ട്രെയിനുകൾ ഓടിക്കുന്നുണ്ടെന്ന് റെയിൽവേ വാദിക്കുന്നെങ്കിലും ‘എക്സ്പ്രസ് നിരക്കിൽ’ യാത്ര ചെയ്യുന്ന സാധാരണക്കാരുടെ പോക്കറ്റ് കീറുകയാണ്. അമിത നിരക്ക് ഈടാക്കി, സാധാരണക്കാരെ കൊള്ളയടിക്കുകയാണ് റെയിൽവേ എന്ന ആരോപണവും ഇതോടെ ശക്തമായി. ഗുരുവായൂർ–തൃശൂർ, കൊല്ലം–തിരുവനന്തപുരം, കൊല്ലം–പുനലൂർ, കോട്ടയം–കൊല്ലം തുടങ്ങിയ പാസഞ്ചറുകളെല്ലാം പുനഃസ്ഥാപിച്ചെങ്കിലും മലബാറിന് പൂർണ അവഗണനയാണ് റെയിൽവേയുടെ ഭാഗത്ത് നിന്ന്.

എറണാകുളം–ഗുരുവായൂർ, ഷൊർണൂർ –നിലമ്പൂർ പാസഞ്ചറുകൾ 30ന് ആരംഭിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്–ഷൊർണൂർ, കോഴിക്കോട്–തൃശൂർ, ഷൊർണൂർ –കോഴിക്കോട്, തൃശൂർ – കണ്ണൂർ ട്രെയിനുകളാണ് കോവിഡ് കാലത്ത് നിർത്തലാക്കിയത്. ഇവയൊന്നും പുനഃസ്ഥാപിക്കാൻ ഒരു നടപടിയും റെയിൽവേയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. കണ്ണൂർ – കോയമ്പത്തൂർ ട്രെയിനും ഷൊർണൂർ – കണ്ണൂർ ട്രെയിനും മെമു ആയി ഓടാൻ തുടങ്ങിയിട്ടുണ്ട്.

കോവിഡ് കാലത്തിനു ശേഷം കോഴിക്കോട്ട് നിന്നുള്ള യാത്രക്കാരാണ് ഏറെയും ബുദ്ധിമുട്ടിലായിരിക്കുന്നത്. ഇവിടെ നിന്ന് പാലക്കാട്ടേക്ക് പോകാനുള്ള യാത്രക്കാർ പാസഞ്ചറിനെ ആശ്രയിച്ചിരുന്നു. പുലർച്ചെ പുറപ്പെടുന്ന പാസ‍ഞ്ചർ ഷൊർണൂരിൽ എത്തി, പത്തു മിനിറ്റിനു ശേഷം അവിടെ നിന്ന് കോയമ്പത്തൂരിലേക്ക് പോയിരുന്നു. ഒരേ ട്രെയിനിൽ തന്നെ പാലക്കാട്ടേക്ക് എത്തിപ്പെടാൻ സാധിക്കും. എന്നാൽ ഈ യാത്രക്കാർക്കെല്ലാം ഉയർന്ന നിരക്കിൽ ബസിലേക്ക് മാറേണ്ടി വന്നു. ബസ് നിരക്ക് അടുത്തിടെ വർധിപ്പിച്ചതോടെ യാത്രക്കാരുടെ പോക്കറ്റ് കാലിയാവുന്ന അവസ്ഥയാണ്.

കോഴിക്കോട് നഗരത്തിലേക്ക് ജോലിക്കായി എത്തേണ്ടവരെയാണ് പാസഞ്ചറുകളുടെ അഭാവം കൂടുതലായും ബാധിക്കുന്നത്. ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്നവരുടെ ആശ്രയമായിരുന്നു സീസൺ ടിക്കറ്റിൽ യാത്ര ചെയ്യാവുന്ന പാസഞ്ചർ സൗകര്യം. ബസിലും സ്പെഷ്യൽ ട്രെയിനിലും യാത്ര ചെയ്യേണ്ടി വന്നാൽ ശമ്പളത്തിന്റെ പകുതിയും യാത്രയ്ക്കായി വിനിയോഗിക്കേണ്ടി വരുമെന്ന നിലയിലാണ് സാധാരണക്കാർ.

നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കാൻ ശക്തമായ സമ്മർദം ചെലുത്തുന്നുണ്ട്. റെയിൽവേ മന്ത്രിയെയും ജനറൽ മാനേജരെയും ഇതേ ആവശ്യമായി മൂന്നു തവണ കണ്ടിരുന്നു. ട്രെയിനുകൾ പുനരാരംഭിക്കും എന്ന ഉറപ്പാണ് അവർ തന്നിരിക്കുന്നത്. തീയതി തീരുമാനിക്കേണ്ട കാലതാമസം മാത്രമേ ഉള്ളൂ എന്നാണ് അറിവ്.- എം.കെ.രാഘവൻ എംപി

സംസ്ഥാനത്തെ ട്രെയിൻ, ബസ്, വിമാന യാത്രക്കാർ മുൻകാലങ്ങളിൽ ഇല്ലാത്തത്ര ദുരിതത്തിലാണ്. അറ്റകുറ്റപ്പണികളുടെ പേരിൽ ട്രെയിനുകൾ ഒരു ബദൽ സംവിധാനം ഏർപ്പെടുത്താതെയും, വേണ്ടത്ര മുന്നറിയിപ്പില്ലാതെയും പൂർണമായും ഭാഗികമായും റദ്ദ് ചെയ്യുന്നു. കോവിഡിന്റെ പേരിൽ നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകളും ചെറിയ സ്റ്റേഷനിലെ സ്റ്റോപ്പുകളും പാലക്കാട് ഡിവിഷനിൽ പുനഃസ്ഥാപിച്ചില്ല.- സി. ഇ. ചാക്കുണ്ണി, പ്രസിഡന്റ്, മലബാർ കൗൺസിൽ

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com