ADVERTISEMENT

കോഴിക്കോട്∙ വിലക്കയറ്റത്തിന്റെ കാലത്ത് സ്കൂൾ വിപണിയിൽ ആശ്വാസമേകിയാണ് കൺസ്യൂമർ ഫെഡ് മുതലക്കുളത്ത് ത്രിവേണി മെഗാ സ്റ്റുഡന്റ്സ് മാർക്കറ്റ് തുറന്നിരിക്കുന്നത്. പൊതുവിപണിയെ അപേക്ഷിച്ച് വൻവിലക്കുറവുള്ളതിനാൽ ഒട്ടേറെ പേരാണ് സ്റ്റുഡന്റ്സ് മാർക്കറ്റിലേക്ക് എത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച രണ്ടുലക്ഷം രൂപയുടെ കച്ചവടം സ്കൂൾ വിപണിയിൽ നടന്നതായി റീജനൽ മാനേജർ പി.കെ.അനിൽകുമാർ പറഞ്ഞു.കൺസ്യൂമർ ഫെഡ് നിർമിക്കുന്ന ത്രിവേണി നോട്ട്ബുക്കുകൾക്ക് വൻവിലക്കുറവാണുള്ളത്. 

പൊതുവിപണിയിലെ നോട്ട്ബുക്കുകളുടെ പകുതിയോളം വിലയ്ക്കാണ് കൺസ്യൂമർഫെഡ് സ്വന്തം നോട്ടുബുക്കുകൾ വിൽക്കുന്നത്.സ്കൂൾ ഷൂവിനു മാത്രമായി പ്രത്യേക സ്റ്റാൾ ക്രമീകരിച്ചിട്ടുണ്ട്. ചെരുപ്പുകൾക്കും ഷൂവിനും 10% വിലക്കുറവുണ്ട്. സ്പോർട്സ് ഉപകരണങ്ങൾക്കായി പ്രത്യേക സ്പോർട്സ് കോർണറും ഒരുക്കി. കുടകൾക്ക് 15 % മുതൽ 20% വരെ വിലക്കുറവ് സ്റ്റുഡന്റ്സ് മാർക്കറ്റിൽ ലഭിക്കുമെന്നും അനിൽകുമാർ പറഞ്ഞു. രാവിലെ 9.30 മുതൽ രാത്രി 7.30 വരെയാണ് ത്രിവേണി സ്റ്റുഡന്റ്സ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. ജൂൺ 15ന് അവസാനിക്കും.

സ്കൂൾ തുറക്കുന്നു; കൈ പൊള്ളുമോ?

കോഴിക്കോട്∙ കോവിഡ് പ്രതിസന്ധികൾക്കുശേഷം പഴയകാലത്തേതുപോലെ ജൂണിൽ സ്കൂൾ തുറക്കുകയാണ്. ജൂൺ ഒന്നിന് പ്രവേശനോത്സവം നടത്തി സ്കൂളുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചതോടെ ഒട്ടുമിക്ക കുടുംബങ്ങളും ആശങ്കയിലാണ്. കുട്ടികളുടെ സ്കൂൾ ഫീസ്, യൂണിഫോം, പുസ്തകങ്ങൾ, യാത്രാച്ചെലവ് തുടങ്ങിയവ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഒട്ടുമിക്കയാളുകളും. അതുകൊണ്ടുതന്നെ വിപണിയിലെ അനിയന്ത്രിതമായ വിലക്കയറ്റം പലർക്കും ഇരുട്ടടിയായി മാറുന്നു. 

കോവിഡ്കാലത്ത് ഓൺലൈനായാണ് ക്ലാസുകൾ നടന്നത് എന്നതിനാൽ ഇൻസ്ട്രുമെന്റ് ബോക്സ്, വാട്ടർബോട്ടിൽ, ലഞ്ച് ബോക്സ്, ബാഗ് തുടങ്ങിയവ വാങ്ങേണ്ടി വന്നിട്ടില്ല. ഇത്തവണ ഇതൊന്നുമില്ലാതെ കുട്ടികളെ സ്കൂളിൽ വിടാൻ കഴിയില്ല. കടലാസ് വില  കൂടിയതോടെ നോട്ട്ബുക്കുകളുടെ വില വൻതോതിൽ ഉയർന്നു. ചൈനയിൽനിന്നുള്ള ഇറക്കുമതിയും കുറഞ്ഞതോടെ ബാഗ്, വാട്ടർബോട്ടിൽ, റബർ, ഇൻസ്ട്രുമെന്റ് ബോക്സ് തുടങ്ങിയവയുടെ വിലയും ഇത്തവണ കൂടി. ഇന്ത്യയിൽ നിർമിക്കുന്ന ഉൽപന്നങ്ങൾക്കുപോലും മുൻകാലങ്ങളിൽ ചൈനയിൽനിന്ന് അസംസ്കൃത വസ്തുക്കൾ എത്തിയിരുന്നു.  ഇതു നിലച്ചതോടെയാണ് വില കൂടിയതെന്ന് വ്യാപാരികൾ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com