ADVERTISEMENT

ബേപ്പൂർ ∙ ബേപ്പൂർ പൊലീസ് സ്റ്റേഷൻ കെട്ടിട നിർമാണത്തിലെ അനിശ്ചിതത്വം വിട്ടു മാറുന്നില്ല. 2 വർഷത്തെ പ്രതിസന്ധികൾക്കൊടുവിൽ കഴിഞ്ഞ ഫെബ്രുവരിയിൽ പുനരാരംഭിച്ച പ്രവൃത്തി വീണ്ടും   മുടങ്ങി. മഴയ്ക്കു മുൻപ് പുതിയ സ്റ്റേഷൻ പൂർത്തിയാകുമെന്ന പൊലീസുകാരുടെ പ്രതീക്ഷ അസ്ഥാനത്തായി. പൈലിങ് നടത്തി നിർമിച്ച കോൺക്രീറ്റ് തറയ്ക്കു മുകളിൽ ഇരുമ്പ് തൂണുകളും ബീമുകളും ഒരുക്കി സ്ട്രക്ചർ നിർമിച്ചു എന്നല്ലാതെ പിന്നീട് പണികളൊന്നും നടത്തിയിട്ടില്ല. തറയുടെ ചുറ്റുപാടും കാടു കയറിയിട്ടുണ്ട്. സിൽക് വളപ്പിൽ തുറമുഖ വകുപ്പ് കൈമാറിയ 22 സെന്റിലാണു പൊലീസ് സ്റ്റേഷനു ആധുനിക രൂപകൽപനയിൽ 3 നില കെട്ടിടം വിഭാവനം ചെയ്തത്. സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ വാപ്കോസാണു നിർമാണ കരാർ ഏറ്റെടുത്തത്.

നേരത്തെ 1.07 കോടി രൂപയുടെ എസ്റ്റിമേറ്റ് ആയിരുന്നു പൊലീസ് സ്റ്റേഷനു തയാറാക്കിയത്. 2020 ഫെബ്രുവരിയിൽ പ്രവൃത്തി തുടങ്ങിയ തറയുടെ പണികൾ പൂർത്തിയാക്കി ആദ്യഘട്ട തുക അനുവദിക്കാൻ വാപ്കോസ് ബിൽ സമർപ്പിച്ചിരുന്നു. സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടി അന്നു ആഭ്യന്തര വകുപ്പ് ഫണ്ട് നൽകിയില്ല. ചെയ്തു തീർത്ത പ്രവൃത്തിയുടെ ബിൽ തുക ലഭിക്കാതെ വന്നപ്പോൾ 2020 ഏപ്രിലിൽ വാപ്കോസ് നിർമാണം നിർത്തിവയ്ക്കുകയുണ്ടായി. 

കോവിഡ് പ്രതിസന്ധികൾക്കു ശേഷം പ്രവൃത്തി പൂർത്തീകരണത്തിനു പുതുക്കി സമർപ്പിച്ച എസ്റ്റിമേറ്റിൽ 1.94 കോടി രൂപ കൂടി അനുവദിച്ചതോടെ കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് പണികൾ പുനരാരംഭിച്ചത്. എന്നാൽ പഴയ എസ്റ്റിമേറ്റ് നിരക്കിൽ പണികൾ മുൻപോട്ടു പോകാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ വീണ്ടും പ്രവൃത്തി നിർത്തിവച്ചിരിക്കുന്നത്.കെട്ടിട നിർമാണം നീളുന്നതിനാൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷനിൽ നിന്നു പൊലീസുകാരുടെ മോചനം ഇനിയും വൈകും. ആധുനിക സൗകര്യത്തോടെ സ്റ്റീൽ സ്ട്രക്ചറിൽ നിർമിക്കുന്ന സ്റ്റേഷന്റെ പ്രവൃത്തി 4 മാസം കൊണ്ടു പൂർത്തീകരിക്കുകയായിരുന്നു തുടക്കത്തിലെ ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com