ADVERTISEMENT

ഫറോക്ക് ∙ നിർദിഷ്ട തീരദേശ ഹൈവേയിൽ ചാലിയാറിനു കുറുകെ പദ്ധതിയിട്ട എക്സ്ട്രഡൊസ്ഡ് പാലം നിർമാണം അനന്തമായി നീളുന്നത് പരിസരവാസികളെ ആശങ്കപ്പെടുത്തുന്നു. പാലം അപ്രോച്ച് റോഡിനു ഭൂമി ഏറ്റെടുക്കാൻ സർവേ കല്ല് നാട്ടിയ കരുവൻതിരുത്തി പെരുവൻമാട് കരയിലെ കുടുംബങ്ങളാണ് ആധിയിലുള്ളത്. രണ്ടര വർഷം മുൻപ് സർവേ നടപടികൾ പൂർത്തിയാക്കിയ പാലം നിർമാണം ഇതുവരെ തുടങ്ങിയിട്ടില്ല. നേരത്തെ കിഫ്ബി ധനസഹായത്തോടെ നിർമിക്കാൻ പദ്ധതിയിട്ട പാലം പിന്നീട് കേന്ദ്രാവിഷ്കൃത പദ്ധതിയായ സാഗർമാലയിൽ ഉൾപ്പെടുത്തിയിരുന്നു.

എന്നാൽ, വിശദ പദ്ധതി രേഖയിൽ നിർമാണം സംബന്ധിച്ച ആശയക്കുഴപ്പം ഉടലെടുത്തതോടെ ദേശീയപാത അതോറിറ്റി ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇതോടെ ഏതു പദ്ധതിയിൽ നടപ്പാക്കും എന്നതു സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ഭൂമി ഏറ്റെടുക്കുന്നതിനു നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചതിനാൽ പ്രദേശത്തെ ഭൂമിയുടെ ക്രയവിക്രയം റജിസ്ട്രേഷൻ വകുപ്പ് തടഞ്ഞിട്ടുണ്ട്. ഭൂമി പണയപ്പെടുത്തി ബാങ്ക് വായ്പയെടുക്കാനോ, സ്വത്ത് ഭാഗം വയ്ക്കാനോ കഴിയാതെ പ്രയാസപ്പെടുകയാണ് കുടുംബങ്ങൾ. പാലം അപ്രോച്ച് നിർമാണത്തിനു ഭൂമി ഏറ്റെടുക്കുകയാണെങ്കിൽ നടപടികൾ പെട്ടെന്നു പൂർത്തീകരിച്ചു നഷ്ടപരിഹാരം അനുവദിക്കണമെന്നും അല്ലെങ്കിൽ നോട്ടിഫിക്കേഷൻ പിൻവലിച്ചു ക്രയവിക്രയത്തിനു അനുമതി നൽകണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. 

കരുവൻതിരുത്തി പെരുവൻമാടിൽ നിന്ന് ആരംഭിച്ചു ബേപ്പൂർ മൃഗാശുപത്രി പരിസരത്തു എത്തിച്ചേരും വിധത്തിൽ പുതിയ പാലം നിർമിക്കാനായിരുന്നു പദ്ധതി. 

പെരുവൻമാട് കരയിൽ 340 മീറ്ററിലും ബേപ്പൂരിൽ 50 മീറ്ററിലും അനുബന്ധ റോഡ് നിർമിക്കുന്നതിനു ഭൂമി അളന്നു സർവേ കല്ലിട്ടിട്ടുണ്ട്. 1220 മീറ്റർ നീളമുള്ള പാലത്തിന്റെ അലൈൻമെന്റിന് നേരത്തെ സർക്കാർ അംഗീകാരം നൽകിയിരുന്നു. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ 162 കോടി രൂപ ചെലവ് പ്രതീക്ഷിച്ച പദ്ധതിയുടെ ഡിപിആർ തയാറാക്കി കിഫ്ബി അംഗീകാരത്തിനു സമർപ്പിക്കുകയുണ്ടായി.ഇതിനിടെയാണ് വള്ളിക്കുന്ന് മുതിയം ബീച്ച് മുതൽ വെങ്ങാലി വരെയുള്ള 32 കിലോമീറ്റർ തീരദേശ ഹൈവേ കേന്ദ്രാവിഷ്കൃത പദ്ധതിയായ ഭാരത്‌മാലയിൽ നടപ്പാക്കുമെന്ന പ്രഖ്യാപനം വന്നത്. പോർട്ട് കണക്റ്റിവിറ്റി റോഡായി പരിഗണിച്ചാണ് കേന്ദ്ര സർക്കാർ ഭാരത്‌മാല പദ്ധതിയിൽ തീരദേശ ഹൈവേ ഉൾപ്പെടുത്തിയത്. 

ഇതോടെ കിഫ്ബി പദ്ധതിയിൽ എക്സ്ട്രഡൊസ്ഡ് പാലം നിർമിക്കേണ്ടതില്ലെന്ന തീരുമാനമെടുത്തു. എന്നാൽ ഭാരത് മാല പദ്ധതിയുടെ അന്തിമ രൂപരേഖ സംബന്ധിച്ച തീരുമാനം അനന്തമായി നീളുകയാണ്. ഭാരത്‌മാല പദ്ധതിയിൽ ഫറോക്ക് കോമൺവെൽത്ത് ഓട്ടുകമ്പനിക്ക് സമീപം ചായിലാറിനു കുറുകെ പുതിയ പാലം നിർമിക്കാനാണ് കരട് രൂപരേഖ. കരുവൻതിരുത്തിയിൽ നിർമാണച്ചെലവ് കൂടുമെന്നതിനാൽ ഇതു ദേശീയപാത അതോറിറ്റി പരിഗണിക്കുന്നില്ല. 

എന്നാൽ കോമൺവെൽത്ത് കമ്പനിക്കു സമീപം റെയിൽവേ ഭൂമി ഏറ്റെടുക്കുന്നതിലെ പ്രയാസങ്ങളും സിൽവർ ലൈൻ കടന്നു പോകുന്നതും തടസ്സമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിനാൽ തിരിച്ചു കിഫ്ബിക്കു തന്നെ പദ്ധതി കൈമാറാനുള്ള ആലോചനയും നടക്കുന്നുണ്ട്. പാലം നിർമാണം സംബന്ധിച്ച തീരുമാനം അനിശ്ചിതമായി നീളുന്നത് പ്രദേശവാസികളുടെ ആശങ്ക ഇരട്ടിപ്പിക്കുകയാണ്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 9 തീരദേശ ജില്ലകളിലൂടെ നിർമിക്കുന്നതാണ് തീരദേശ ഹൈവേ. മറ്റു ഭാഗങ്ങളിലെല്ലാം സംസ്ഥാന സർക്കാർ നേതൃത്വത്തിലാണ് പ്രവൃത്തി നടപ്പാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com