ADVERTISEMENT

കോഴിക്കോട്∙ സ്വർണക്കടത്തുകേസിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുന്നതു വരെ മുഖ്യമന്ത്രിക്കു സമാധാനത്തോടെ സഞ്ചരിക്കാനാവില്ലെന്നു കെ.മുരളീധരൻ എംപി. ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കരിദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ യോഗങ്ങൾ മഫ്തിയിലുള്ള പൊലീസുകാരുടെ യോഗമായി മാറി. മെനുവും അജൻഡയും മാത്രമേ മാറുന്നുള്ളു. എല്ലാ സദസ്സിലുമുള്ളത് മഫ്തിയിലുള്ള പൊലീസുകാരാണ്. 

കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദിക്കാൻ പൊലീസ് സിപിഎം ഗുണ്ടകൾക്ക് അവസരം നൽകിയതിനെതിരെ ഏതെങ്കിലും സാംസ്കാരിക ബുദ്ധിജീവി പ്രതികരിച്ചോ? അതു കണ്ട് രക്തം തിളച്ച യൂത്ത് കോൺഗ്രസുകാരാണ് വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. ആ ചെറുപ്പക്കാർക്ക് കോൺഗ്രസ് നിയമസംരക്ഷണം നൽകും. കാരണം അവർ പ്രകടിപ്പിച്ചത് നാടിന്റെ വികാരമാണ്. 

കേരളത്തിൽ കലാപമുണ്ടാക്കാനാണ് സിപിഎമ്മിന്റെ ശ്രമമെങ്കിൽ കോൺഗ്രസിന് തിരിച്ചടിക്കേണ്ടിവരും. ഓഫിസ് ആക്രമിക്കാൻ വന്നാൽ പ്രതിരോധിക്കും. ഗാന്ധിപ്രതിമയുടെ തല വെട്ടിമാറ്റിയത് യോഗിയുടെ ഉത്തർപ്രദേശിലല്ല; പിണറായിയുടെ കേരളത്തിലാണ്. പിണറായിക്ക് അയ്യപ്പശാപമാണ്. ശബരിമലയിൽ തൊട്ടുകളിച്ചതു കൊണ്ടാണ് ഇപ്പോൾ കറുപ്പ് കണ്ടാൽ ഭയമെന്നും മുരളീധരൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ്, കെ.സി.അബു, വിദ്യാ ബാലകൃഷ്ണൻ, ചോലക്കൽ രാജേന്ദ്രൻ,വിനോദ് പടനിലം, ദിനേശ് പെരുമണ്ണ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com