ADVERTISEMENT

കൊടുവള്ളി∙  ബസ് സ്റ്റാൻഡിലേക്ക് പ്രവേശിച്ച കെഎസ്ആർടിസി ബസ് ഓവുചാലിൽ കുടുങ്ങി. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നടത്തുന്ന ഓവുചാൽ നവീകരണത്തിനായി കീറിയ ചാലിൽ ഇന്നലെ രാവിലെ ഒൻപതോടെയാണു ബസിന്റെ പിൻചക്രങ്ങൾ കുടുങ്ങിയത്. തിരുവമ്പാടിയിൽ നിന്ന് എറണാകുളത്തേക്ക് സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണു സ്റ്റാൻഡിലേക്ക് കയറുന്നതിനിടെ ഓടയിൽ വീണത്. ഓവുചാൽ നവീകരണത്തിന്റെ ഭാഗമായി, ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ പകുതി ഭാഗം മാത്രമാണ് നിലവിൽ സ്ലാബിട്ട് വാഹനങ്ങൾക്ക് തുറന്നു കൊടുത്തിരിക്കുന്നത്. ഇതിലൂടെ കഷ്ടിച്ച് ഒരു ബസിനു മാത്രമേ അകത്തേക്ക് പ്രവേശിക്കാൻ കഴിയൂ. 

ഓവുചാലുകളിൽ സ്ഥാപിക്കാൻ നിർമിച്ച സ്ലാബുകൾ കൊടുവള്ളി ബസ് സ്റ്റാൻഡ് പരിസരത്ത് നിരത്തിയിട്ട നിലയിൽ.
ഓവുചാലുകളിൽ സ്ഥാപിക്കാൻ നിർമിച്ച സ്ലാബുകൾ കൊടുവള്ളി ബസ് സ്റ്റാൻഡ് പരിസരത്ത് നിരത്തിയിട്ട നിലയിൽ.

സ്ലാബില്ലാത്ത ഭാഗത്തെ ഓവുചാലിലേക്കാണ് ബസിന്റെ പിൻചക്രം ഇറങ്ങിയത്. ഇതോടെ ബസിന്റെ മുൻഭാഗം പെട്ടെന്ന് ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. താമരശ്ശേരി ഡിപ്പോയിൽ നിന്നു മെക്കാനിക്കുകൾ അടക്കമുള്ള റിക്കവറി ജീവനക്കാരെത്തി ഒന്നര മണിക്കൂറോളം പണിപ്പെട്ടാണ് ബസ് മുന്നോട്ട് നീക്കിയത്. ജാക്കി വച്ചും ഓവുചാലിൽ കല്ലിട്ടുമാണ് ബസിന്റെ പിൻഭാഗം ഉയർത്തിയത്. ബസിന്റെ പിൻഭാഗം ദേശീയ പാതയിലേക്ക് തള്ളി നിന്നത് ഈ സമയം ഗതാഗതക്കുരുക്കിനും ഇടയാക്കി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡുകൾ ഏറെ പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. 

കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെയാണ് കൊടുവള്ളിയിൽ 72 ലക്ഷം ചെലവിൽ ദേശീയപാത വികസന പ്രവർത്തനങ്ങൾ ആരംഭിച്ചത്. നാലു മാസമായിട്ടും പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുകയാണ്. പ്രവൃത്തിയുടെ മെല്ലെപ്പോക്കിനെക്കുറിച്ച് മനോരമ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ദിവസേന ഒട്ടേറെ ബസുകൾ കയറിയിറങ്ങുന്ന കൊടുവള്ളി ബസ് സ്റ്റാൻഡ് പരിസരത്തും നവീകരണ പ്രവൃത്തികൾ തുടങ്ങിയിടത്തു തന്നെയാണ്. പലപ്പോഴും സ്വകാര്യ ബസുകളടക്കം ഓവുചാലിൽ പെടാതെ തലനാരിഴയ്ക്കാണു രക്ഷപ്പെടുന്നത്. കീറിയിട്ട ഓവുചാലിന്റെ ഭാഗത്ത് സ്ഥാപിക്കാനുള്ള സ്ലാബുകൾ ദിവസങ്ങളായി ബസ് സ്റ്റാൻഡ് പരിസരത്ത് കിടക്കുമ്പോഴാണ് ഈ സ്ഥിതി. 

ഇന്നലെ കെഎസ്ആർടിസി ബസ് ഓവുചാലിൽ പെട്ടതോടെ സ്വകാര്യ ബസ് തൊഴിലാളികളും നാട്ടുകാരും ശക്തമായ പ്രതിഷേധത്തിലാണ്. ദേശീയപാതയിലെ തിരക്കേറിയ കൊടുവള്ളി ടൗണിലൂടെ ദിനംപ്രതി ഒട്ടേറെ ആംബുലൻസുകളും വലിയ വാഹനങ്ങളുമാണ് കടന്നുപോകുന്നത്. കൊടുവള്ളി സിറാജ് ബൈപാസ് മുതൽ പെട്രോൾ സ്റ്റേഷൻ വരെയുള്ള ഭാഗത്ത് നടക്കുന്ന ഓവുചാൽ നവീകരണത്തിന്റെ ഭാഗമായി കീറിയിട്ട പലയിടങ്ങളിലും സ്ലാബുകൾ സ്ഥാപിക്കാത്തത് കാൽനടയാത്രക്കാർക്കും അപകട ഭീഷണിയുയർത്തുന്നു. നവീകരണ പ്രവൃത്തികൾ അടിയന്തര സ്വഭാവമുള്ളതിന് മുൻഗണന നൽകി ഘട്ടം ഘട്ടമായി പൂർത്തിയാക്കുന്നതിന് പകരം പല പ്രവൃത്തികളും തുടങ്ങി വച്ച് പിന്നീട് തിരിഞ്ഞുനോക്കാത്ത അവസ്ഥയിലാണ്. അധികൃതരോട് പല തവണ പരാതിപ്പെട്ടെങ്കിലും നടപടി വൈകുകയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com