ADVERTISEMENT

കോഴിക്കോട്∙ വെറുപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെ ഒരുമയുടെ സന്ദേശം പകർന്ന്  മുസ്‍ലിം ലീഗിന്റെ സുഹൃദ് സംഗമം. ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച സുഹൃദ് സംഗമത്തിന്റെ ഭാഗമായാണു ജില്ലയിലും പരിപാടി സംഘടിപ്പിച്ചത്. മത, സാമുദായിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ  പങ്കെടുത്തു. മതനിരപേക്ഷതയും സമാധാനവും ഉയർത്തിപ്പിടിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നു ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. സമൂഹത്തിൽ സമാധാനം ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷം പേരും നിശ്ശബ്ദരാണ്.  ശത്രുത വളരാൻ ആഗ്രഹിക്കുന്ന ചെറിയ വിഭാഗം ആളുകളുടെ ശബ്ദമാണു സമൂഹത്തിൽ മുഴങ്ങുന്നത്.  ഇത്തരക്കാർ ബോധപൂർവം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ സമൂഹത്തിൽ വിള്ളൽ വീഴ്ത്തുന്നു. ഇതിനെതിരെ കരുതിയിരിക്കണമെന്നു സംഗമത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. 

പരസ്പരം ഒന്നിച്ചിരിക്കേണ്ടതിന്റെ ആവശ്യകതയാണു യോഗത്തിൽ പങ്കെടുത്ത എല്ലാവരും ചൂണ്ടിക്കാട്ടിയതെന്നു സംഗമത്തിനു നേതൃത്വം നൽകിയ സാദിഖലി ശിഹാബ് തങ്ങൾ‍ പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചിരുത്തുന്ന സുഹൃദ് സംഗമങ്ങൾ താഴേത്തട്ടിലും വ്യാപിപ്പിക്കും.  തൊഴിൽ സ്ഥലങ്ങളിലും, വിദ്യാലയങ്ങളിലും സുഹൃദ് സംഗമങ്ങൾക്കു ലീഗ് മുൻകയ്യെടുക്കും.  വിദേശ രാജ്യങ്ങളിലെ പോലെ സഹിഷ്ണുത മന്ത്രാലയവും സന്തോഷ മന്ത്രാലയവും നമ്മുടെ രാജ്യത്തും സംസ്ഥാനത്തും ആവശ്യമാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.  സംഗമത്തിൽ സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.

 ലീഗ് നേതാക്കളായ ഉമ്മർ പാണ്ടികശാല, പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ, ഇ.ടി.മുഹമ്മദ് ബഷീർ എംപി, എം.എ.റസാഖ്, ബഷീർ അലി ശിഹാബ് തങ്ങൾ എന്നിവരും വിവിധ സംഘടനകളെയും സമുദായങ്ങളെയും  പ്രതിനിധീകരിച്ച് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ, ടി.പി.അബ്ദുല്ലക്കോയ മദനി, ഡോ.തോമസ് മാർ തീത്തോസ്, പൗലോസ് മാർ ഐറേനിയോസ്, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, നാസർ ഹയ്യ് ശിഹാബ് തങ്ങൾ, ഹുസൈൻ മടവൂർ, ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, നടൻ മാമുക്കോയ, എഴുത്തുകാരൻ കെ.പി.രാമനുണ്ണി, അലി മണിക്‌ഫാൻ, എം.കെ.രാഘവൻ എംപി, കെ.കെ.രമ എംഎൽഎ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com