ADVERTISEMENT

കോഴിക്കോട്∙ ജോലി സ്ഥലത്തേക്കും വീട്ടിലേക്കുമുള്ള ഓട്ടത്തിനിടയിൽ വായിക്കാൻ നേരമെവിടെ  എന്നു പരിതപിക്കുന്നവരുണ്ട്. എന്നാൽ, മനസ്സുണ്ടെങ്കിൽ യാത്രയ്ക്കിടയിലും വായിക്കാമെന്നു തെളിയിക്കുകയാണു കോഴിക്കോട് സർവകലാശാലയിലെ 14 ജീവനക്കാർ. വടകരയിൽ നിന്നു സർവകലാശാലയിലേക്കും തിരിച്ചുമുള്ള ഇവരുടെ യാത്രാവണ്ടി വെറും വണ്ടിയല്ല, ലൈബ്രറി കൂടിയാണ്.

കോവിഡ് കാലത്ത് ബസ് സർവീസ് നിലച്ചതോടെയാണു വടകരയിൽ നിന്നു കോഴിക്കോട് സർവകലാശാലയിലേക്കു സ്ഥിരമായി യാത്ര ചെയ്യാൻ വണ്ടി ഏർപ്പെടുത്തിയത്. രാവിലെ 8നു വടകരയിൽ നിന്നു പുറപ്പെടുന്ന വണ്ടി 10നു ക്യാംപസിലെത്തും. തിരിച്ച് 5നു പുറപ്പെട്ട് 7ന് വടകര എത്തും. ഈ 4 മണിക്കൂർ സമയം വായനയ്ക്കു പ്രയോജനപ്പെടുത്താനാണു പുസ്തകങ്ങൾ സജ്ജീകരിച്ചത്. സാഹിത്യ–അക്കാദമിക് മേഖലയിൽ ഓരോരുത്തരും വാങ്ങുന്ന പുസ്തകങ്ങളും മാഗസിനുകളും വണ്ടിയിൽ സൂക്ഷിച്ചു വയ്ക്കും.

വായിക്കും, ചർച്ച ചെയ്യും. പക്ഷേ, ആർക്കും വീട്ടിൽ കൊണ്ടു പോകാൻ കഴിയില്ല. സർവകലാശാല ജീവനക്കാരായ പി.കെ.രാമചന്ദ്രൻ, വി.ഷാജി, ഡോ.കെ.കെ.അബ്ദുൽ മജീദ്, കെ.കെ.സുരേഷ് ബാബു, ജി.മഞ്ജുഷ, പി.കെ.സ്മിത, ടി.പി.ബീന, ആർ.ജെൻസി, എസ്.വി.മെഹറലി, കെ.രാജൻ, ടി.രജിഷ, കെ.ഹെന, എ.എം.രേഷ്മ, കെ.ഷൈനി, കെ.ദീപ എന്നിവരാണ് സംഘത്തിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com