ADVERTISEMENT

ബാലുശ്ശേരി∙ പാലോളിയിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ആൾക്കൂട്ട ആക്രമണത്തിന്റെ പേരിൽ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ ഉയരുന്നു. എസ്ഡിപിഐ– ലീഗ് വിഭാഗങ്ങൾ ഭീകരത സൃഷ്ടിക്കുകയാണെന്നാരോപിച്ച് ഡിവൈഎഫ്ഐ യുവജന പ്രതിരോധം സംഘടിപ്പിച്ചു.  തീവ്രവാദ സ്വഭാവത്തോടെയുള്ള ആക്രമണമാണ് ജിഷ്ണുരാജിനു നേരെ അർധരാത്രിയിൽ ഉണ്ടായതെന്ന് ഉദ്ഘാടകനായ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് പറഞ്ഞു. തീവ്രവാദ ആക്രമണമല്ല ഇതെന്നു വരുത്തിത്തീർക്കാൻ ചില പൊലീസുകാർക്കു താൽപര്യം ഉണ്ടാകും.

ജിഷ്ണുരാജിനെ ആക്രമിച്ചതിലും പരാതി നൽകിയതിലും ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ഒരു ബന്ധവുമില്ല. ഇത്തരം കള്ളങ്ങൾ ആവർത്തിച്ചു പറഞ്ഞാണ് കലാപത്തിനു ശ്രമിക്കുന്നത്. ഡിവൈഎഫ്ഐക്ക് കോഴിക്കോട് ജില്ലയിൽ 3400 യൂണിറ്റുകളുണ്ട്. ഒരു യൂണിറ്റിൽ 9 അംഗ എക്സിക്യൂട്ടീവാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. പരാതിക്കാരനായ നജാഫ് ഫാരിസ് യൂണിറ്റിൽ പോലും പ്രവർത്തിക്കുന്നില്ല.  ഉത്തരേന്ത്യയിൽ ആർഎസ്എസ് പയറ്റുന്ന തന്ത്രമാണ് കേരളത്തിൽ എസ്ഡിപിഐ നടപ്പാക്കുന്നതെങ്കിൽ അതിനെ നേരിടും. അക്രമികളെ അറസ്റ്റ് ചെയ്ത് ശിക്ഷ ഉറപ്പാക്കുന്ന നടപടികളാണ് ഡിവൈഎഫ്ഐ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പങ്കില്ലെന്ന് എസ്ഡിപിഐ 

കോഴിക്കോട്∙ ബാലുശ്ശേരി പാലോളിയിൽ ഫ്ലെക്സ് ബോർഡ് കീറിയതുമായി ബന്ധപ്പെട്ട് ദലിത് യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായവരിൽ എസ്ഡിപിഐ പ്രവർത്തകർ ആരുമില്ലെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി പി.ടി.അഹമ്മദും ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് നവാസ് നടുവണ്ണൂരും അറിയിച്ചു. ഫ്ലെക്സ് ബോർഡ് കീറുന്നത് കൈയോടെ പിടികൂടിയ നാട്ടുകാരിൽ ചിലരാണ് ജിഷ്ണുവിനെ ആക്രമിച്ചതെന്നാണ് പറയുന്നത്. അതിലുൾപ്പെട്ട 5 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇവരാരും തന്നെ എസ്ഡിപിഐ പ്രവർത്തകരല്ല. എന്നാൽ എസ്ഡിപിഐ പ്രവർത്തകരാണ് മർദിച്ചതെന്നുള്ള മുൻവിധിയോടെയുള്ള പൊലീസ് നീക്കമാണ് അവിടെ നടക്കുന്നത്. ദലിത് യുവാവായ ജിഷ്ണുവിനെ കൂട്ടം ചേർന്ന് ആക്രമിച്ച നടപടിയെ എസ്ഡിപിഐ അപലപിക്കുകയാണെന്നും ജനം നിയമം കൈയിലെടുക്കുന്നത് ശരിയല്ലെന്നും എസ്ഡിപിഐ നേതാക്കൾ വ്യക്തമാക്കി. പാലോളി സംഭവത്തെ രാഷ്ട്രീയ ലാഭം കൊയ്യാനുള്ള അവസരമാക്കി സിപിഎം മാറ്റുകയാണെന്നും എസ്ഡിപിഐ നേതാക്കൾ ആരോപിച്ചു. 

ശ്രമിച്ചത് അക്രമം തടയാ‍ൻ: മുസ്‌ലിം ലീഗ്

ബാലുശ്ശേരി∙ പാലോളിയിൽ ഉണ്ടായ ആൾക്കൂട്ട ആക്രമണത്തെ തടയാനാണു സ്ഥലത്തെത്തിയ മുസ്‌ലിം ലീഗ് പ്രവർത്തകർ ശ്രമിച്ചതെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത് പറഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകനായ നജാഫ് ഫാരിസിന്റെ പരാതിയിലാണ് ആക്രമണത്തിനിരയായ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുരാജിനെതിരെ പൊലീസ് കലാപ ശ്രമത്തിനും ആയുധം കൈവശം വച്ചതിനും കേസെടുത്തത്. മുസ്‌ലിം ലീഗുമായി ഒരു വിധത്തിലും ബന്ധപ്പെടാത്ത സംഭവമാണ്. ബഹളം കേട്ടാണ് ലീഗ് പ്രവർത്തകർ സ്ഥലത്ത് എത്തിയത്. പൊലീസ് കൃത്യമായ അന്വേഷണം നടത്തണമെന്ന് ലീഗ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com