ADVERTISEMENT

നാദാപുരം ∙ നാദാപുരം –തലശ്ശേരി സംസ്ഥാന പാതയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സിപിഎം നേതാക്കളെ  തൂണേരി ബാലവാടിക്കു സമീപം  ഇടിച്ചു വീഴ്ത്തി നിർത്താതെ പോയ ജീപ്പും ഡ്രൈവറും പിടിയിലായി. വയനാട് തലപ്പുഴ ആലാറ്റിൽ സ്വദേശി പുന്നക്കര അനീഷിനെയാണ് (35) നാദാപുരം പൊലീസ് ഇൻസ്പെക്ടർ ഇ.വി.ഫായിസ് അലിയും സംഘവും അറസ്റ്റ് ചെയ്തത്. വയനാട് പെരിയ സ്വദേശി തൊഴുതുങ്കൽ സുധാകരന്റെ കെഎൽ 13 ഇ 4831 ജീപ്പാണ് കസ്റ്റഡിയിൽ. 

ഈ മാസം 11 ന് രാത്രി 7– നായിരുന്നു കേസിനാസ്പദമായ സംഭവം.  സിപിഎം തൂണേരി ലോക്കൽ കമ്മിറ്റി അംഗം സുരേഷ് ബാബു, മുൻ ലോക്കൽ കമ്മിറ്റി അംഗം കുട്ടങ്ങാത്ത് ഭാസ്കരൻ എന്നിവർ തൂണേരിയിൽ നിന്നു കെഎസ്കെടിയു യോഗം കഴിഞ്ഞു  മടങ്ങുന്നതിനിടയിലാണ് നാദാപുരം ഭാഗത്തു നിന്നു വന്ന ജീപ്പ് ഇടിച്ചു വീഴ്ത്തി നിർത്താതെ പോയത്. ഗുരുതരമായി പരുക്കേറ്റ ഇരുവരും  കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വയനാട് പേരിയയിൽ നിന്ന്  കൈവേലിയിൽ  അമ്മയുടെ വീട്ടിലെത്തിയ അനീഷ്  അമ്മയ്ക്കൊപ്പം കോട്ടേമ്പ്രത്തെ സഹോദരിയുടെ വീട്ടിലേക്കു പോകുമ്പോഴാണ് അപകടം സംഭവിച്ചത്. അപകട ശേഷം കോട്ടേമ്പ്രത്ത് താമസിച്ച അനീഷ് പിറ്റേന്ന്  തലശ്ശേരി വഴി വയനാട്ടിലേക്ക് കടന്നു. പിന്നീട് കർണാടകയിലെ പുട്ടയിൽ കൊണ്ടു പോയി ജീപ്പിൽ രൂപ മാറ്റങ്ങൾ വരുത്തി പെരിയയിൽ എത്തുകയായിരുന്നു.

നാദാപുരം പൊലീസ് രണ്ടാഴ്ചയായി  നൂറിലേറെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാണ് ജീപ്പ് തിരിച്ചറിഞ്ഞത്.എസ്ഐ  വി.സജീവൻ, എഎസ്ഐ മനോജ് രാമത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.കെ.ലതീഷ്, രാജേഷ് കുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com