നാദാപുരം∙ തോട്ടിലേക്കും ഓടയിലേക്കും മലിന ജലം ഒഴുക്കി വിട്ടതിന് 2 സ്ഥാപനങ്ങൾക്കെതിരെ പഞ്ചായത്തിന്റെ നടപടി. ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ച സ്വകാര്യ കെട്ടിടത്തിൽ നിന്ന് മലിനജലം ചേനത്ത് താഴെ തോട്ടിലേക്ക് ഒഴുക്കി വിട്ടതിനും നാദാപുരം ടൗണിൽ സ്റ്റേറ്റ് ബാങ്കിനു സമീപത്തെ കെട്ടിടത്തിൽ നിന്ന് ഓടയിലേക്ക് മലിനജലം ഒഴുക്കി വിട്ടതിനുമെതിരെയാണ് സെക്രട്ടറി ടി.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘം കേസെടുത്തത്. നാദാപുരത്തെ ഹോട്ടലിൽ നിന്ന് ഓടയിലേക്ക് മലിന ജലം ഒഴുക്കുന്നു എന്ന പരാതിയിൽ കടയുടെ മുൻവശത്തെ സ്ലാബ് നീക്കി പരിശോധിക്കാൻ തീരുമാനിച്ചു.
കല്ലാച്ചി ടൗണിൽ ബാർബർ ഷോപ്പിൽ നിന്ന് മുടി മാലിന്യം കടയുടെ പുറത്ത് അലക്ഷ്യമായി ഇട്ട നിലയിൽ കണ്ടതിനെ തുടർന്ന് ബാർബർ ഷോപ്പ് ഉടമയ്ക്കെതിരെ 2000 രൂപ പിഴ അടയ്ക്കാൻ നോട്ടിസ് നൽകി. .കല്ലാച്ചിയിൽ പൊതു നടപ്പാതയിലുടെ നടന്നു പോകുന്നവരുടെ ശരീരത്തിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിനെതിരെയും നോട്ടിസ് നൽകി. പെർഫോമൻസ് ഓഡിറ്റ് സൂപ്രവൈസർ അനിൽകുമാർ നോച്ചിയിൽ, അസി. സെക്രട്ടറി ടി.പ്രേമാനന്ദൻ ,ഹെൽത്ത് ഇൻസ്പെക്ടർ കെ.സതീഷ് ബാബു, ജൂനിയർ സൂപ്രണ്ടുമാരായ പി.പി.പുഷ്പവല്ലി, ശശിധരൻ നെല്ലോളി, സീനി ക്ലാർക്ക് വി.എൻ.കെ സുനിൽകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.