കോർപറേഷൻ ആരോഗ്യവിഭാഗം അറിഞ്ഞോ ആവോ...; പ്ലാസ്റ്റിക് മാലിന്യം,പ്രായം 4 വയസ്സ്

വേങ്ങേരി മാർക്കറ്റിൽ പടിഞ്ഞാറു ഭാഗത്തെ കവാടത്തിനരികിൽ കോർപറേഷൻ നിക്ഷേപിച്ച മാലിന്യം  കാടുമൂടിയ നിലയിൽ.
വേങ്ങേരി മാർക്കറ്റിൽ പടിഞ്ഞാറു ഭാഗത്തെ കവാടത്തിനരികിൽ കോർപറേഷൻ നിക്ഷേപിച്ച മാലിന്യം കാടുമൂടിയ നിലയിൽ.
SHARE

കോഴിക്കോട് ∙ പ്രളയകാലത്ത് കോർപറേഷന്റെ വിവിധ പ്രദേശങ്ങളിൽനിന്നു ശേഖരിച്ചു വേങ്ങേരി മാർക്കറ്റിൽ താൽക്കാലികമായി സൂക്ഷിച്ച പ്ലാസ്റ്റിക് മാലിന്യം നാലു വർഷം കഴിഞ്ഞിട്ടും മാറ്റിയില്ല. കൃഷി വകുപ്പിന്റെ വിവിധ പദ്ധതികൾക്കായി മാർക്കറ്റ് ശുചീകരണം അവസാനഘട്ടത്തിൽ എത്തിയിട്ടും പലതവണ മാലിന്യം നീക്കാൻ മാർക്കറ്റ് അധികൃതർ ആവശ്യപ്പെട്ടിട്ടും കോർപറേഷൻ ആരോഗ്യവിഭാഗം അറിയാത്ത ഭാവം നടിക്കുന്നു. വിഷയത്തിൽ കോർപറേഷന്റെ ഭാഗത്തുനിന്നും അനുകൂല നടപടിയില്ലെങ്കിൽ കാടുമൂടിയ മാലിന്യം പുറത്തേക്കു മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ.2018, 19 പ്രളയ വർഷത്തിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും ഒഴുകി വന്ന മാലിന്യമാണു താൽക്കാലികമായി രണ്ടു മാസത്തേക്കു മാർക്കറ്റിൽ നിക്ഷേപിച്ചത്. 

മാർക്കറ്റിൽ നാളികേരം ഉണക്കാൻ ഉപയോഗിക്കുന്ന 20 സെന്റ് സ്ഥലമാണ് ഇതിനായി ഉപയോഗിച്ചത്. എന്നാൽ 6 മാസം കഴിഞ്ഞിട്ടും മാലിന്യ നീക്കം നടക്കാത്തതിൽ മാർക്കറ്റ് സെക്രട്ടറി കോർപറേഷനു നോട്ടിസ് നൽകി. ഉടനെ മാറ്റാമെന്നു അറിയിച്ചെങ്കിലും നടന്നില്ലെന്നു അധികൃതർ പറഞ്ഞു. പിന്നീട് വീണ്ടും കത്തു നൽകിയപ്പോൾ ഒരു ലോറി മാലിന്യം നീക്കം ചെയ്തു. ശേഷിക്കുന്നതു മാർക്കറ്റിൽ തന്നെ കുഴിച്ചുമൂടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്നു നിർത്തിവച്ചു. മൂന്നാം തവണ മേയർക്കു കത്തു നൽകുകയും, മേയർ ഉൾപ്പെടുന്ന മാർക്കറ്റ് കമ്മിറ്റിയിൽ ചൂണ്ടിക്കാണിച്ചിട്ടും കോർപറേഷന്റെ ഭാഗത്തു നിന്നും അനുകൂലമായ നടപടി ഉണ്ടായില്ല. കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഇതിനെ കുറിച്ചു അറിയില്ലെന്നാണ് ഇപ്പോൾ പറയുന്നത്. 

മാലിന്യം സൂക്ഷിച്ചത് ആരോഗ്യ വിഭാഗത്തെ നേരത്തെ അറിയിച്ചതായും മാർക്കറ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.കഴിഞ്ഞ 6 മാസമായി മാർക്കറ്റിൽ വിവിധ വികസന പ്രവർത്തനങ്ങൾ നടക്കുകയാണ്. 22 ഏക്കർ ഭൂമിയിൽ 9 ഏക്കർ പച്ചക്കറി കൃഷി സജീവമായി. കാർഷിക സർവകലാശാലയുടെ കൃഷി വികസന പദ്ധതി, മലബാർ മേഖലയിലെ കർഷക കൂട്ടായ്മയുടെ വിപണന കേന്ദ്രം എന്നിവ ആരംഭിച്ചു. കൂടാതെ ഉത്തരേന്ത്യൻ ഭക്ഷ്യ ഉൽപന്നങ്ങളുടെ നേരിട്ടുള്ള വിപണന കേന്ദ്രം ആരംഭിക്കാനുള്ള ശ്രമം നടന്നു വരികയാണ്. ഇതിനിടയിലാണ് കോർപറേഷൻ മാലിന്യം നിക്ഷേപിച്ച് വേങ്ങേരി കാർഷിക മൊത്ത വിപണന കേന്ദ്രത്തിന്റെ 'മുഖഛായ' മാറ്റുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS