ADVERTISEMENT

വടകര∙ കടൽക്ഷോഭത്തിൽപെട്ട് മറിഞ്ഞ വള്ളത്തിൽ നിന്ന് പരുക്കുകളോടെ രക്ഷപ്പെട്ട അബൂബക്കറിനും കൂട്ടർക്കും അമ്പരപ്പ് ഇനിയും മാറിയിട്ടില്ല. സ്വന്തം ജീവൻ തിരിച്ചുകിട്ടിയെങ്കിലും കൂടെയുണ്ടായിരുന്ന മഹമൂദിന്റെ മരണ വാർത്തയറിഞ്ഞ് തളർന്നിരിക്കുകയാണ് അജ്മീർ വള്ളത്തിൽ മീൻ പിടിക്കാൻ പോയ 5 പേരും.

ഇന്നലെ പുലർച്ചെ ചോമ്പാൽ ഹാർബറിൽ നിന്നാണ് അബൂബക്കർ, മഹമൂദ്, ഇടത്തിൽ ഇബ്രായി, കാറാ‍ഞ്ചേരി ഇബ്രായി, മാളിയക്കൽ ഹമീദ്, ഉസ്മാൻ എന്നിവർ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. ഹാർബറിൽ നിന്ന് ഏറെ അകലെയല്ലാതെ വല വിരിച്ചിട്ടിരിക്കുകയായിരുന്നു. പെട്ടെന്ന് വള്ളം മറിഞ്ഞ് എല്ലാവരും കടലിലേക്ക് വീണു. ഇതു കണ്ട് എത്തിയ മറ്റു വള്ളക്കാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അബൂബക്കറിന്റെ തല വള്ളത്തിൽ ഇടിച്ച് രക്തം വാർന്നു. കടൽ ക്ഷോഭം മൂലം എല്ലാവരും പല ഭാഗത്തായിപ്പോയിരുന്നു. എല്ലാവരെയും മറ്റുള്ള വള്ളങ്ങളിൽ കയറ്റി ഹാർബറിലേക്ക് കുതിച്ചു. അവിടെ നിന്ന് കിട്ടിയ ഓട്ടോറിക്ഷകളിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മഹമൂദിനെ മാത്രം രക്ഷിക്കാൻ കഴിഞ്ഞില്ല.

പരുക്കേറ്റ അബൂബക്കറിന്റെയും ഉസ്മാന്റെയും ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തി‍ൽപ്പെട്ടത്. വള്ളത്തിലെ മോട്ടറും വലയും സിസിടിവി ക്യാമറ ഉൾപ്പെടെയുള്ളവയും നഷ്ടപ്പെട്ടു. 8 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് വള്ളം കരയ്ക്ക് എത്തിക്കാൻ കഴിഞ്ഞത്. കടലിൽ ലക്ഷ്യം തെറ്റിയ വള്ളം ഹാർബർ പരിസരത്തെ പാറക്കല്ലുകളിൽ തട്ടി പല ഭാഗവും തകർന്നു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റയീസ നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കോട്ടയിൽ രാധാകൃഷ്ണൻ എന്നിവരും വിവിധ സംഘടനാ നേതാക്കളും വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com