ആവിക്കൽ തോട് സമരത്തിൽ സംഘർഷം, ലാത്തിച്ചാർജ്; അടിച്ചൊതുക്കാൻ കടുത്ത വകുപ്പുകൾ ചുമത്തി പൊലീസ്-ചിത്രങ്ങൾ

കോഴിക്കോട് വെള്ളയിൽ ആവിക്കൽതോടിനു സമീപം ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ജനകീയ സമരസമിതി നടത്തിയ പ്രതിഷേധ മാർച്ചിനു നേരെയുണ്ടായ ലാത്തിച്ചാർജിൽ പ്രവർത്തകനെ പൊലീസ് വള‍‌ഞ്ഞിട്ടു മർദിക്കുന്നു. ചിത്രം: എം.ടി.വിധുരാജ്∙മനോരമ
SHARE

കോഴിക്കോട് ∙ ആവിക്കൽ തോടിനു സമീപം ശുചിമുറി മാലിന്യ പ്ലാന്റ് നിർമിക്കുന്നതിനെതിരെ നടക്കുന്ന ജനകീയ സമരങ്ങളെ അടിച്ചൊതുക്കാൻ കടുത്ത വകുപ്പുകൾ ചുമത്തി പൊലീസ്. പൊതുമുതൽ നശിപ്പിച്ചു, ആയുധമേന്തി ലഹള നടത്തി തുടങ്ങിയ വകുപ്പുകളാണ് ഇന്നലത്തെ സമരവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് ചുമത്തിയത്.

കോഴിക്കോട് വെള്ളയിൽ ആവിക്കൽതോടിനു സമീപം ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ജനകീയ സമരസമിതി നടത്തിയ പ്രതിഷേധ മാർച്ചിനിടെ പൊലീസ് പ്രയോഗിച്ച ഗ്രനേഡ് പൊട്ടി പരുക്കേറ്റ എൻ.പി.ഹംസ. ചിത്രം: മനോരമ

നേരത്തെ നടത്തിയ സമരവുമായി ബന്ധപ്പെട്ട് കുറച്ചു പേർക്കെതിരെ സിആർപിസി 107 പ്രകാരം വെള്ളയിൽ പൊലീസ് ആർഡിഒ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ട ആരെങ്കിലും ഇന്നലത്തെ സമരത്തിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ വിചാരണയില്ലാതെ ജയിലിൽ അടയ്ക്കാം. അതിലൂടെ കൂടുതൽ പേർ സമരത്തിൽ പങ്കെടുക്കുന്നതിൽ തടയുകയാണ് പൊലീസ് ലക്ഷ്യം. ഇന്നലെ പ്ലാന്റ് നിർമാണ സ്ഥലത്തേക്ക് ജോലിക്കാർ വന്നിരുന്നില്ല.

ആവിക്കൽതോടിനു സമീപം ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന ജനകീയ സമരസമിതി പ്രവർത്തകരെ മർദിച്ച പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കുന്ന സ്ത്രീകൾ.

സമരപ്പന്തൽ പൊലീസ് കയ്യേറിയിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് 2 കേസുകളെടുത്തു. പൊതുമുതൽ നശിപ്പിച്ചു, ആയുധങ്ങളേന്തി ലഹള നടത്തി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. കേസിൽ പുതിയകടവ് സ്വദേശി റജീഷിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പൊലീസ് ലാത്തിചാർജിൽ പരുക്കേറ്റ റജീഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കോഴിക്കോട് വെള്ളയിൽ ആവിക്കൽതോടിനു സമീപം ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ജനകീയ സമരസമിതി നടത്തിയ പ്രതിഷേധ മാർച്ചിനിടെയുണ്ടായ സംഘർഷത്തെ തുടർന്ന് സമരക്കാർക്കു നേരെ കല്ലെറിയുന്ന പൊലീസ്. ചിത്രം: മനോരമ

പ്രകടനത്തിനിടെ ലാത്തിയടി

കോഴിക്കോട് ∙ ലാത്തിചാർജിനിടെ ആർത്തു കരഞ്ഞ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ. പ്ലാന്റ് പ്രദേശത്തിനു സമീപം പ്രകടനം നടക്കവെ ഉണ്ടായ ലാത്തിചാർജിനിടെ പുതിയകടവ് സൈനാസിൽ റജീഷിന് ഉമ്മ സൈനബയുടെയും ഭാര്യ സജീറയുടെയും മുൻപിൽ നിന്നാണ് അടിയേറ്റത്. കാഴ്ച പരിമിതിയുള്ള ആളാണ് ഇങ്ങനെ അടിക്കരുതെന്നും പലരും വിളിച്ചു പറയുന്നുണ്ടായിരുന്നു. ഗ്രനേഡിന്റെ ചീൾ ദേഹത്ത് തുളച്ചു കയറിയാണ് പുതിയകടവ് തക്ബീർ ഹൗസിൽ ഹംസയ്ക്ക് (40) പരുക്കേറ്റത്.

പുതിയകടവ് സ്വദേശി കോയ മോൻ (42), കോയ മോൻ (55) എന്നിവർക്കും ലാത്തിച്ചാർജിൽ പരുക്കേറ്റു. ഇവർ 4 പേരും സ്ത്രീകളും ഉൾപ്പെടെ 17 പേർക്കാണ് പരുക്കേറ്റത്. പൊലീസുകാരായ രമേഷ് (പന്നിയങ്കര), മിഥുൻദാസ്, മുഹമ്മദ് സാലിഹ്, ഷാദിൽ, നിഥിൻ (4 പേരും എംഎസ്പി) എന്നിവർക്കും  മീഡിയ വൺ ക്യാമറമാൻ സനോജ് കുമാർ ബേപ്പൂർ, ഡ്രൈവർ കെ.കെ.ഷാഫി എന്നിവർക്കും കല്ലേറിൽ പരുക്കേറ്റു. 

സമരത്തിനു പിന്തുണയുമായി യുഡിഎഫ് നേതാക്കൾ

കോഴിക്കോട്∙ ആവിക്കൽ തോട് മലിനജല പ്ലാന്റിനെതിരെ സമരം നടത്തുന്ന സമര സമിതിക്കു യുഡിഎഫ് നേതൃത്വം പൂർണ പിന്തുണ പ്രഖ്യാപിച്ചു. വിഷയം പ്രതിപക്ഷ നേതാവ് നിയമസഭയിൽ ഉന്നയിക്കും. നിജസ്ഥിതി ബോധ്യപ്പെടുത്താൻ സമിതി ഭാരവാഹികൾ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും വകുപ്പു മന്ത്രിയെയും കാണുമെന്ന് എം.കെ.രാഘവൻ എംപി, ജില്ലാ കൺവീനർ എം.എ.റസാഖ് എന്നിവർ പറഞ്ഞു.

കോർപറേഷൻ ഭരണകൂടത്തിന്റെ നിർദേശ പ്രകാരമാണ് പൊലീസ് സമരക്കാരെ അടിച്ചൊതുക്കുന്നത്. ബലം പ്രയോഗിച്ച് നടപ്പാക്കാനുളള തീരുമാനം അംഗീകരിക്കില്ല. പ്ലാന്റിനു എതിരല്ല. അതിനു ജനവാസമില്ലാത്ത വ്യവസായ എസ്റ്റേറ്റ് ഭൂമികളുണ്ടെന്നും നേതാക്കൾ പറഞ്ഞു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ പാറക്കൽ അബ്ദുല്ല, സെക്രട്ടറി എൻ.സി.അബൂബക്കർ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം.ജിഷാൻ തുടങ്ങിയവർ സ്ഥലത്തെത്തി.

പ്ലാന്റിനെതിരെ സമരം ചെയ്തവരെ പൊലീസ് മർദിച്ചതിലുള്ള അമർഷം യുഡിഎഫ് നേതാക്കൾ സിറ്റി പൊലീസ് കമ്മിഷണർ എ.അക്ബറിനെ നേരിട്ടറിയിച്ചു. ലാത്തിച്ചാർജിൽ പരുക്കേറ്റ റജീഷിനെ യഥാസമയം ആശുപത്രിയിൽ എത്തിക്കാൻ പോലും തയാറായില്ലെന്നു സ്ഥലത്തെത്തിയ എം.കെ.രാഘവൻ എംപി ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി.ബിജുരാജിനോട് പറഞ്ഞു. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കാനും ആവശ്യപ്പെട്ടു. 

ഹർത്താൽ പൂർണം

കോഴിക്കോട്∙ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ മൂന്നാലിങ്കൽ, വെള്ളയിൽ, തോപ്പയിൽ വാർഡുകളിൽ നടത്തിയ ഹർത്താൽ പൂർണം. കടകൾ അടച്ചിട്ടു. വാർഡിന്റെ അതിർത്തിയിൽ റോഡുകൾ അടച്ചിരുന്നു. സമര സമിതി നേതൃത്വത്തിൽ രാവിലെയും വൈകിട്ടും പ്രകടനം നടത്തി. കൗൺസിലർ സൗഫിയ അനീഷ്, സമര സമിതി ചെയർമാൻ ടി.ദാവൂദ്, കൺവീനർ ഇർഫാൻ ഹബീബ് തുടങ്ങിയവർ നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS