അനധികൃത കെട്ടിടത്തിന് നമ്പർ സംഘടിപ്പിച്ചത് ഇടനിലക്കാരനെന്ന് വെളിപ്പെടുത്തി കെട്ടിട ഉടമ

കോഴിക്കോട് മിഠായിത്തെരുവിൽ ഇടനിലക്കാരൻ വഴി അനധികൃതമായി നമ്പർ കിട്ടിയ കടമുറികൾ.
കോഴിക്കോട് മിഠായിത്തെരുവിൽ ഇടനിലക്കാരൻ വഴി അനധികൃതമായി നമ്പർ കിട്ടിയ കടമുറികൾ.
SHARE

കോഴിക്കോട്∙ കെട്ടിടത്തിന് അനധികൃതമായി നമ്പർ സംഘടിപ്പിക്കാൻ ഇടനിലക്കാരൻ പണം വാങ്ങിയതായി കെട്ടിട ഉടമ. പാസ്‌വേഡ് ചോർത്തി അനധികൃതമായി നമ്പർ ഉണ്ടാക്കിയതെന്നു കോർപറേഷൻ കണ്ടെത്തിയ കെട്ടിടത്തിന്റെ ഉടമയാണു ഇടനിലക്കാർ വഴിയാണു  നമ്പർ സംഘടിപ്പിച്ചതെന്നു വ്യക്തമാക്കിയത്. നഗരത്തിൽ ജനസേവന കേന്ദ്രം നടത്തുന്ന വ്യക്തി മുഖേനയാണു കെട്ടിടത്തിനു നമ്പർ ലഭിച്ചതെന്നു തുറന്നു പറഞ്ഞ  ഉടമ ഇതിനായി എത്ര തുകയാണു നൽകിയതെന്ന്  വെളിപ്പെടുത്താൻ വിസമ്മതിച്ചു. ‘‘ മിഠായിത്തെരുവിലെ 50 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം 22 വർഷം മുൻപാണു കുടുംബം വാങ്ങിയത്. ഞാനും സഹോദരനും ചേർന്നു നടത്തിക്കൊണ്ടു പോവുകയായിരുന്നു. കഴിഞ്ഞ വർഷം ഇരുവരും ഭാഗം വച്ചു പിരിയാൻ തീരുമാനിച്ചു. തുടർന്നു നിലവിലുണ്ടായിരുന്ന ഇരുനിലക്കെട്ടിടം പകുതിയായി വേർതിരിച്ചു.  

രണ്ടു മുറികളുണ്ടായിരുന്ന കെട്ടിടത്തിനു നടുവിലായി മതിൽ കെട്ടി 4 കെട്ടിട മുറികളാക്കി മാറ്റി. പുതുതായി വേർതിരിച്ച 2 കെട്ടിട മുറികൾക്കു നമ്പർ ലഭിക്കാനാണ്  ജനസേവന കേന്ദ്രം നടത്തുന്ന ഷൗക്കത്തലിയെ   സമീപിച്ചത്. അപേക്ഷ നൽകിയതും നമ്പർ സംഘടിപ്പിച്ച് 5505 രൂപ നികുതി അടച്ചതും ഇയാളാണ്. കോർപറേഷനിലെ ഔദ്യോഗിക ഒപ്പും സീലുമുള്ള രസീതാണു നൽകിയത്. അതുകൊണ്ട് സംശയമൊന്നും തോന്നിയില്ല. ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ചോർത്തി അനധികൃതമായാണു നമ്പർ ലഭിച്ചതെന്ന് ഇപ്പോഴാണ് അറിഞ്ഞത്’’– കെട്ടിട ഉടമ വ്യക്തമാക്കി. 

ഈ കെട്ടിടത്തിന് പുതിയ നമ്പറിനായി അപേക്ഷ നൽകിയപ്പോൾ കോർപറേഷൻ ജീവനക്കാർ സ്ഥലം സന്ദർശിക്കുകയോ ചട്ടപ്രകാരമുള്ള നിർമാണമാണോ എന്നു പരിശോധിക്കുകയോ ചെയ്തിട്ടില്ല.  സംഭവം വിവാദമായതോടെ ഒരാഴ്ച മുൻപാണ് ഉദ്യോഗസ്ഥർ കടയിലെത്തി പരിശോധന നടത്തിയത്. അനധികൃതമായി നമ്പർ സംഘടിപ്പിച്ചതിനെതിരെ  നടപടി എടുക്കാതിരിക്കാൻ 15 ദിവസത്തിനകം മറുപടി നൽകണമെന്ന്  ഇന്നലെ കെട്ടിട ഉടമയ്ക്ക് നോട്ടിസ് നൽകിയിട്ടുണ്ട്. നമ്പർ സംഘടിപ്പിച്ചു നൽകിയ ഇടനിലക്കാരനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അയാൾ ഒരു മാസത്തിലേറെയായി സ്ഥലത്തില്ലെന്നായിരുന്നു മറുപടി. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS