ADVERTISEMENT

കോഴിക്കോട്∙ ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്കു നമ്പർ നൽകിയതു സംബന്ധിച്ചു കോർപറേഷൻ അധികൃതർ ഇതുവരെ നൽകിയ വിശദീകരണങ്ങൾ പൂർണമായും തെറ്റാണെന്നു തെളിയിക്കുന്ന രേഖകൾ പുറത്ത്. മാസങ്ങൾക്കു മുൻപേ ജീവനക്കാർ പ്രശ്നം ചൂണ്ടിക്കാട്ടിയിട്ടും സെക്രട്ടറി ഗൗരവത്തോടെ കൈകാര്യം ചെയ്തില്ലെന്നും രേഖകൾ വ്യക്തമാക്കുന്നു. തദ്ദേശ വകുപ്പിന്റെ നിർദേശ പ്രകാരം  അന്വേഷണത്തിനെത്തിയ റീജനൽ ജോയിന്റ് ഡയറക്ടർ സജു ഡേവിഡ് മുൻപാകെ കോർപറേഷൻ സെക്രട്ടറി കെ.യു.ബിനി നൽകിയ മൊഴിയാണു വിവരാവകാശ അപേക്ഷ പ്രകാരം പുറത്തു വന്നത്.

സെക്രട്ടറി കെ.യു.ബിനിയുടെ മൊഴിയിൽ നിന്ന്: ‘‘ ഏപ്രിൽ 2022ന് സെക്‌ഷൻ ക്ലാർക്കുമാർ എനിക്കു സബ്മിഷൻ തന്നതിനെ തുടർന്ന് പരിശോധന നടത്തി. ഇതുമായി ബന്ധപ്പെട്ടവരിൽ നിന്നു വിശദീകരണം വാങ്ങി. ഇക്കാര്യം മേയറുടെയും ഡപ്യൂട്ടി മേയറുടെയും ശ്രദ്ധയിൽ പെടുത്താൻ ഫയലിൽ നിർദേശം നൽകിയെങ്കിലും ഫയൽ മേയർക്കു സമർപ്പിച്ചതായി കാണുന്നില്ല. പിന്നീട് ഇക്കാര്യം മേയറെയും ഡപ്യൂട്ടി മേയറെയും വാക്കാൽ ശ്രദ്ധയിൽപെടുത്തിയിട്ടുള്ളതാണ്’’.

അതേ സമയം, മാസങ്ങൾക്കു മുൻപു ജീവനക്കാർ നൽകിയ പരാതി ഈ വിഷയവുമായി ബന്ധപ്പെട്ടതല്ല എന്നായിരുന്നു ഇതുവരെ സെക്രട്ടറി അടക്കമുള്ളവർ വിശദീകരിച്ചിരുന്നത്. ഒരു ജീവനക്കാരന്റെ ഡിജിറ്റൽ സിഗ്നേച്ചറിനു പകരം മറ്റൊരാളുടേതു കയറി വരുന്നു എന്ന സാങ്കേതിക പ്രശ്നം സംബന്ധിച്ചായിരുന്നു പരാതി എന്നും കോർപറേഷൻ അധികൃതർ അവകാശപ്പെട്ടിരുന്നു.  ആ വാദങ്ങൾ തെറ്റാണെന്നു വിവരാവകാശ രേഖകൾ തെളിയിക്കുന്നു.

തട്ടിപ്പു കണ്ടെത്തിയത് ഫെബ്രുവരിയിൽ

യഥാർഥ അപേക്ഷകരുടെ വിവരങ്ങൾ തിരുത്തി അനധികൃത കെട്ടിടങ്ങൾക്കു നമ്പർ നൽകിയതായി കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ കണ്ടെത്തിയിരുന്നുവെന്നും സെക്രട്ടറിയുടെ മൊഴിയിലുണ്ട്. അതു സംബന്ധിച്ചു സെക്രട്ടറി നൽകിയ മൊഴിയിൽ നിന്ന്: ‘‘എട്ടാം വാർഡിലെ കെട്ടിടങ്ങൾ അസസ് ചെയ്തിരിക്കുന്നത് സതീശൻ എന്നയാളുടെ അപേക്ഷയിലാണ് എൻട്രി വരുത്തിയിരിക്കുന്നത്. 08.02.22ന്  സത്യബാബു (പിന്നീട് വിരമിച്ച റവന്യു ഓഫിസർ) ആണ് ഡിജിറ്റൽ സൈൻ ചെയ്തിരിക്കുന്നത്.

14.02.22 നു രണ്ടാമത്തെ കെട്ടിടം ഷൈലജ എന്നവരുടെ അപേക്ഷയിൽ ഡേറ്റ എൻട്രി ചെയ്തു. ഒക്യുപെൻസി അനുവദിക്കാത്ത, ചട്ടലംഘനമുള്ള കെട്ടിടങ്ങൾക്ക് കെട്ടിട നമ്പർ അനുവദിച്ചതും, ആയതിൽ ഒന്ന് ടാക്സ് അസസ് ചെയ്തതായും കണ്ടെത്തി’’. നാലു മാസം മുൻപു തന്നെ തട്ടിപ്പു കണ്ടെത്തിയിട്ടും പരാതി പൊലീസിനു കൈമാറാൻ സെക്രട്ടറിയോ കോർപറേഷനോ തയാറായില്ലെന്നു രേഖകൾ വ്യക്തമാക്കുന്നു. ജൂൺ 18നാണു കോർപറേഷൻ പൊലീസിൽ പരാതി നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com