ADVERTISEMENT

ബേപ്പൂർ ∙ കനത്ത മഴയ്ക്കൊപ്പം ഗോതീശ്വരം തീരദേശ മേഖലയിൽ അതിരൂക്ഷമായ കടലാക്രമണം. വലിയ ഉയരത്തിൽ വന്ന തിരമാലകൾ ജനവാസ കേന്ദ്രങ്ങളിലേക്കു അടിച്ചു കയറി. കരിങ്കൽ ഭിത്തിക്കു മുകളിലൂടെ കടൽ ആർത്തലച്ചു വരുന്നതു കണ്ടു തീരവാസികൾ അമ്പരന്നു. രാവിലെ 10നു തുടങ്ങിയ കടൽക്ഷോഭം ഉച്ചവരെ ശമനമില്ലാതെ തുടർന്നു. കടലേറ്റവും ഒപ്പം പെയ്തൊഴിയാത്ത മഴയും കാരണം വീടുകളുടെ പരിസരങ്ങളിൽ വെള്ളം കെട്ടിക്കിടന്നതു തീരദേശവാസികളെ വലച്ചു.

ഗോതീശ്വരം ക്ഷേത്രത്തിനു തെക്കു ഭാഗത്തുള്ള കുടുംബങ്ങളാണു ഭീഷണി നേരിടുന്നത്. വർഷ കാലത്തു പതിവായ കടലാക്രമണത്തിൽ നിന്നു രക്ഷ തേടുകയാണ് ഇവിടത്തെ താമസക്കാർ. ജനവാസ കേന്ദ്രത്തിലേക്കു തിരമാലകൾ ഇരച്ചു കയറുന്നതിനാൽ ഏതുസമയവും വീടൊഴിഞ്ഞു പോകേണ്ട അവസ്ഥയിലാണ്. 4 വർഷം മുൻപുണ്ടായ അതിശക്തമായ കടലാക്രമണത്തിൽ ഗോതീശ്വരത്തെ കരിങ്കൽ ഭിത്തി താഴ്ന്നിട്ടുണ്ട്. ഇതിനാൽ ചെറിയ തിരയടി ഉണ്ടായാൽ ഭിത്തി കവിഞ്ഞു വീടുകളിലേക്കു വെള്ളം കയറും.

കടൽ ഇരച്ചു കയറാത്ത ഒരിടവുമില്ല. തിരയടിയിൽ വ്യാപിക്കുന്ന വെള്ളം കടലിലേക്കു തിരിച്ച് ഒഴുകുമ്പോൾ മണ്ണൊലിച്ചു തീരത്തെ വീടുകൾ അപകട ഭീഷണിയിലാണ്. കടൽഭിത്തിക്കു സമീപത്തെ വീടുകൾക്കു ചുറ്റും മണൽ നിറച്ച ചാക്കുകൾ അടുക്കിവച്ചാണു മണ്ണൊലിപ്പ് തടയുന്നത്. കടൽക്കരയിലെ കരിങ്കൽ ഭിത്തി വീതിയും ഉയരവും കൂട്ടി പുനർനിർമിച്ചാൽ മാത്രമേ വർഷ കാലത്ത് ഇവർ നേരിടുന്നു പ്രയാസങ്ങൾ പരിഹരിക്കാനാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com