ADVERTISEMENT

കോഴിക്കോട് ∙ സ്റ്റാഫ് നഴ്സുമാരുടെ കുറവ് ഗവ. ജനറൽ (ബീച്ച്) ആശുപത്രിയുടെ പ്രവർ‍ത്തനത്തെ ബാധിക്കുന്നു.  2 വാർഡുകളുടെ ചുമതലയാണ് പല നഴ്സുമാർക്കും നൽകുന്നത്. ചില സമയത്ത് ഇതു മൂന്നുവരെ ആകുന്നു. 127 നഴ്സുമാരുടെ തസ്തികയാണ് ഇവിടെ അനുവദിച്ചത്. ഇതിൽ 10 പേരുടെ ഒഴിവുണ്ട്. ഇതിനു പുറമേ 3 പേരെ വർഷങ്ങളായി സമീപത്തെ ഗവ. നഴ്സിങ് സ്കൂളിൽ ഡപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമിച്ചിരിക്കുകയാണ്.  ഒരാളെ ജയിലിലും നിയമിച്ചു. വിഐപി ഡ്യൂട്ടിക്കു പതിവായി നഴ്സുമാരെ ഉൾപ്പെടെ നിയമിക്കുന്നതും ബീച്ച് ആശുപത്രിയിൽ നിന്നാണ്.2 നഴ്സുമാരെ കൂടി ജോലി ക്രമീകരണ വ്യവസ്ഥയിൽ നിയമിക്കാനും ഉത്തരവായതായി അറിയുന്നു. 

ഒരു ഭാഗത്ത് ആരോഗ്യ വകുപ്പിൽ ഡപ്യൂട്ടേഷനും ജോലി ക്രമീകരണ വ്യവസ്ഥയിലുള്ള നിയമനമെല്ലാം നിർത്തിയതായി വകുപ്പ് അധികൃതർ പ്രഖ്യാപിക്കുമ്പോഴും ഇവിടെ എല്ലാം മുറപോലെ നടക്കുന്നു.ഡപ്യൂട്ടേഷൻ, ജോലി ക്രമീകരണത്തിൽ നിയമനം നടക്കുമ്പോൾ പകരം ആളെ നിയമിക്കുന്നില്ല. മെഡിക്കൽ ഐസിയു, കാത്ത് ലാബ്, പക്ഷാഘാത ഐസിയു തുടങ്ങിയവയെല്ലാം ആരംഭിച്ചെങ്കിലും അതിനനുസൃതമായി തസ്തിക അനുവദിച്ചിട്ടില്ല. ജോലിക്ക് ആളില്ലാതെ വന്നതോടെ ഉള്ളവരെ കൊണ്ടു കൂടുതൽ ജോലി ചെയ്യിപ്പിക്കുന്നതായും മനുഷ്യാവകാശ ലംഘനമാണ് ഇവിടെ നടക്കുന്നതെന്നും നഴ്സുമാർ പറയുന്നു. ജോലിഭാരം കൂടിയതോടെ പലർക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നു. ഇതിനിടെ പനി ഉൾപ്പെടെ ബാധിച്ച് പലരും രോഗാവധിയിലുമാണ്.മഴയെ തുടർന്ന് പനി കൂടിവരുന്നതിനാൽ ആശുപത്രിയിൽ തിരക്കു കൂടിയിട്ടുണ്ട്. ഈ സമയത്ത് നഴ്സുമാർ ആവശ്യത്തിനു ഇല്ലാത്തത് രോഗീ പരിചരണത്തെ ബാധിക്കുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.

അറ്റൻഡന്റുമാരും ജോലി ക്രമീകരണ വ്യവസ്ഥയിൽ

∙ ഗവ. ജനറൽ ആശുപത്രിയിലെ 2 ഗ്രേഡ്– ഒന്ന് അറ്റൻഡന്റുമാരും ജോലി ക്രമീകരണ വ്യവസ്ഥയിൽ ഒളവണ്ണ, കൊയിലാണ്ടി ഭാഗങ്ങളിൽ ജോലി ചെയ്യുകയാണ്. ബീച്ചിൽ ഇവരുടെ തസ്തികയിലുള്ള ജോലിക്കു ആളില്ലാതെ ഇരിക്കുമ്പോഴാണ് ഇങ്ങനെ നിയമനം നൽകിയതെന്നും ജീവനക്കാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com