ADVERTISEMENT

കോഴിക്കോട്∙ മഴ തിമിർത്തതോടെ നാടെങ്ങും കെടുതിയും ദിരിതവും. കോഴിക്കോട് ടൗണിലും പരിസരത്തും മഴ കുറവായിരുന്നെങ്കിലും ജില്ലയുടെ വടക്കു കിഴക്കൻ മേഖലകളിൽ മഴ തകർത്തുപെയ്തു. കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഓറഞ്ച് അലർട്ടും ശനിയാഴ്ച യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് പ്രഫഷണൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. സർവകലാശാലാ പരീക്ഷകൾ, പിഎസ്‌സി പരീക്ഷകൾ എന്നിവ മാറ്റമില്ലാതെ നടക്കും. 

ജില്ലകളിൽ മദ്രസകൾക്കും അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസല്യാർ പറഞ്ഞു. അതേസമയം ഇന്നു നടത്താനിരുന്ന 2021 ഇലക്ട്രിക്കൽ വയർമാൻ പ്രായോഗിക പരീക്ഷകൾ പത്തിനു നടക്കുമെന്ന് അറിയിച്ചു. പരീക്ഷാകേന്ദ്രങ്ങളായ ഗവ.പോളിടെക്നിക് കോളജ്, ടെക്നിക്കൽ ഹൈസ്കൂൾ എന്നിവയ്ക്ക് അവധിയായതിനാലാണ് പരീക്ഷ  മാറ്റിയത്. കഴിഞ്ഞ പ്രളയകാലത്ത് ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് ഭാഗത്ത് വ്യാപകമായ മണ്ണിടിച്ചിലുണ്ട്. നാലു വീടുകളുടെ സമീപത്ത് മണ്ണിടിഞ്ഞതിനെ തുടർന്ന് പ്രതിസന്ധിയിലാണ്. തിങ്കളാഴ്ച രാത്രിയോടെ പുഴവെള്ളം ഇരച്ചു കയറിയതിനെ തുടർന്ന് ഉരുട്ടി പാലം അടച്ചിരുന്നു. 

വെള്ളം ഇറങ്ങിയതോടെ ഗതാഗതം സാധാരണ നിലയിലായി.വിലങ്ങാട്ട് ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന അടുപ്പിൽ പട്ടിക വർഗ കോളനിയിലുള്ളവരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റാൻ ശ്രമം തുടങ്ങി. അസി. കലക്ടർ ഇ.അനിതകുമാരിയും സംഘവും സ്ഥലത്തെത്തി. വിലങ്ങാട് പാരിഷ് ഹാൾ, കുറ്റല്ലൂർ സേവാ കേന്ദ്രം, പാലൂർ ഗവ.എൽപി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാംപുകൾ. 140 കുടുംബങ്ങൾ ഈ ക്യാംപുകളിലെത്തി.മഴ കനത്തതോടെ തൊട്ടിൽപ്പാലം പക്രംതളം ചുരം റോഡ് മണ്ണിടിച്ചിൽ ഭീഷണിയിലാണ്. കഴിഞ്ഞ മാസമാണ് നാലാംവളവിൽ മണ്ണിടിഞ്ഞത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഇവിടെയുള്ള വലിയ പാറകൾ റോഡിലേക്ക് നിരങ്ങി നീങ്ങിയിട്ടുണ്ട്. അഞ്ചാം വളവിലും ചുങ്കക്കുറ്റിയിലുമൊക്കെ കഴിഞ്ഞ വർഷത്തെ മഴയിൽ റോഡിലേക്ക് വീണു കിടക്കുന്ന വലിയ പാറകൾ ഇതുവരെയും നീക്കം ചെയ്തിട്ടില്ല. 

24 മണിക്കൂറിനിടെ കോഴിക്കോട്ട് ശരാശരി 4.14 സെന്റീമീറ്ററും കൊയിലാണ്ടി മേഖലയിൽ 2.9 സെന്റീമീറ്ററും മഴ ലഭിച്ചതായി കാലാവസ്ഥാവകുപ്പ് അധികൃതർ പറഞ്ഞു. ജില്ലയിൽ തിങ്കളാഴ്ച രാത്രിയും ഇന്നലെ രാവിലെ വരെയുമായി ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത് ഉറുമി പ്രദേശത്താണ്. ഇവിടെ 6.3 സെന്റീമീറ്റർ മഴയാണ് പെയ്തത്. കോഴിക്കോട്ട് കേന്ദ്രത്തിൽ 3.75 സെന്റീമീറ്ററും കുന്നമംഗലത്ത് 4.25 സെന്റീമീറ്ററുമാണ് രേഖപ്പെടുത്തിയത്. വടകരയിൽ 2.7 സെന്റീമീറ്റർ മഴയും രേഖപ്പെടുത്തി. അതേസമയം കണ്ണൂരിന്റെ കിഴക്കൻ‍മേഖലയിലുണ്ടായ കനത്ത മഴ ജില്ലയുടെ വടക്കുകിഴക്കേ മേഖലയെ ബാധിച്ചിട്ടുണ്ട്. വൈത്തിരി മേഖലയിൽ 7.2 സെന്റീമീറ്റർ മഴ രേഖപ്പെടുത്തിയിട്ടുണ്ട് സിവിൽ സ്റ്റേഷനിൽ പുതുതായി ആരംഭിക്കുന്ന ക്രഷിന്റെ ഉദ്ഘാടനം പ്രതികൂല കാലാവസ്ഥ കാരണം മാറ്റി വെച്ചതായി ജില്ലാ വനിതാ ശിശു വികസന ഓഫിസർ പറഞ്ഞു.

ജില്ലയിലെ ബീച്ചുകളിലും ഹൈഡൽ ടൂറിസം, അക്വാട്ടിക് ടൂറിസം കേന്ദ്രങ്ങളിലും സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇത്തരം കേന്ദ്രങ്ങളിൽ വെള്ളത്തിലിറങ്ങാനോ ബോട്ടിങ്, തുഴച്ചിൽ, നീന്തൽ എന്നിവ നടത്താനോ പാടില്ല. ആറുമണിക്ക് ശേഷം ഒരു കാരണവശാലും ജലാശയങ്ങളിലും വെള്ളച്ചാട്ടങ്ങൾക്കു സമീപവും സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ക്വാറികളുടെ പ്രവർത്തനവും എല്ലാ വിധത്തിലുമുള്ള മണ്ണെടുക്കലും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവയ്ക്കണമെന്ന് കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.ദുരിതാശ്വാസ ക്യാംപുകളായി കണ്ടെത്തിയ എല്ലാ കെട്ടിടങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തണം. ഇതിനായി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ, കോർപറേഷൻ സെക്രട്ടറി, മുനിസിപ്പൽ സെക്രട്ടറിമാർ എന്നിവരെ ചുമതലപ്പെടുത്തി. 

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ നടപടി സ്വീകരിക്കണം: മന്ത്രി റിയാസ് 

കോഴിക്കോട്∙ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പൊലീസ്, അഗ്‌നിശമനസേന, സന്നദ്ധ വൊളന്റിയർമാർ, യുവജന സംഘടനകൾ എന്നിവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംവിധാനം ഒരുക്കണമെന്ന്  മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർദേശിച്ചു. നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.  വൈദ്യുതി സംബന്ധമായ അപകടങ്ങൾ ഒഴിവാക്കുന്നതിനായി കെഎസ്ഇബി അടിയന്തരമായി ടോൾഫ്രീ നമ്പർ സംവിധാനം ഏർപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചു. 

പഞ്ചായത്ത് തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കണം. ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവരെ എത്രയും വേഗം മാറ്റിപ്പാർപ്പിക്കാൻ സംവിധാനമൊരുക്കണമെന്നും മന്ത്രി പറഞ്ഞു.  ക്യാംപുകൾ തുടങ്ങേണ്ട സാഹചര്യമുണ്ടെങ്കിൽ വൈകരുതെന്ന് കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി  തഹസിൽദാർമാർക്ക് നിർദേശം നൽകി. ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികൾക്കും ആവശ്യമായ മുന്നറിയിപ്പു നൽകണം. കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ് വിഭാഗങ്ങൾ കടലിൽ പെട്രോളിങ് നടത്തുന്നുണ്ട്. ജില്ലയിലെ എംഎൽഎമാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

കോഴിക്കോട് ജില്ലയിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

∙ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

∙ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം.

∙ മലയോരമേഖലയിലേക്കും മറ്റു അപകടസാധ്യതാ പ്രദേശങ്ങളിലേക്കുമുള്ള സഞ്ചാരം പൂർണമായി ഒഴിവാക്കുക. 

∙ കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണം.

∙ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങാനും ഗതാഗതസൗകര്യം തടസ്സപ്പെടാനും സാധ്യത.

∙ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

∙ ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം.

∙ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com