ADVERTISEMENT

കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രി ജനറൽ മെഡിസിൻ വിഭാഗം വാർഡിൽ രോഗികൾ പായ വിരിച്ച് വെറും നിലത്ത് കിടക്കുകയാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ആശുപത്രി സൂപ്രണ്ട് പരാതി  അടിയന്തരമായി പരിഹരിച്ച് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയ ശേഷം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു. ട്രോളിയിൽ രോഗികളെ കൊണ്ടുവരുമ്പോൾ നിലത്തു കിടക്കുന്നവർ എഴുന്നേറ്റ് മാറി നിൽക്കണം. പരസഹായമില്ലാതെ മാറി കിടക്കാൻ പോലും കഴിയാത്തവരാണ് വെറും നിലത്തും വരാന്തയിലും കിടക്കുന്നത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. 

അതേസമയം, ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വാർഡിൽ സ്ഥലമില്ലാത്തതിനാൽ രോഗികൾ ഇപ്പോഴും വരാന്തയിൽ തുടരുകയാണ്.  പ്രധാന വരാന്തയിൽ രണ്ടു പായ വിരിച്ചു കിടന്നാലും സഹിക്കാൻ പറ്റാത്ത തണുപ്പാണ്. മിക്കവരും രണ്ടു പുതപ്പ് ഒന്നിച്ചു പുതച്ചാണ് കിടക്കുന്നത്. കട്ടിലുകളൊന്നും ഒഴിവില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇവിടുന്ന് ഇനി എങ്ങോട്ടു പോകാനാണ്. മലപ്പുറത്തു നിന്നും കണ്ണൂരിൽ നിന്നും പാലക്കാടു നിന്നുമെല്ലാം റഫർ ചെയ്തു വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി വരാന്തയിൽ നിലത്തു കിടക്കുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും വാക്കുകളാണിത്. 

kozhikode-news

പുറത്ത് ശക്തമായ മഴയാണ്. കൊതുകിന്റെ കടിയും സഹിക്കാൻ പറ്റുന്നതിൽ ഏറെയാണ്. അൽപമെങ്കിലും രോഗക്കുറവുണ്ടായാൽ ഇവിടെ നിന്നും മടങ്ങാമായിരുന്നു. നെഞ്ചുവേദനയെ തുടർന്നാണ് മലപ്പുറം സ്വദേശി ഇവിടെ എത്തിയത്. 8–ാം വാർഡിലാണ് അഡ്മിറ്റ് ചെയ്തത്. 7–ാം വാർഡിനു സമീപത്തെ വരാന്തയിലാണ് കിടക്കുന്നത്. വൃക്ക സംബന്ധമായ അസുഖത്തിനാണ് കണ്ണൂർ സ്വദേശി ഇവിടെ എത്തിയത്. രോഗമില്ലാത്തപ്പോൾ വീട്ടിൽ കട്ടിലിൽ കിടക്കും. രോഗം വന്നു മെഡിക്കൽ കോളജിലെത്തിയാൽ വരാന്തയിലും എന്നതാണ് മെഡിസിൻ വിഭാഗത്തിൽ ചികിത്സ തേടുന്ന പല രോഗികളുടെയും അവസ്ഥ. 

ഇങ്ങനെ പോയാൽ പായ വിരിച്ചു കിടക്കാൻ വരാന്തയിൽ പോലും സ്ഥലം ലഭിക്കാതെ വരുന്ന സാഹചര്യവുമുണ്ട്.മെഡിസിൻ വിഭാഗത്തിൽ 11 വാർഡുകളുണ്ട്. ഇതിൽ നവീകരണത്തിനായി 7–ാം വാർഡ് അടച്ചിട്ടു 2 മാസമാകുന്നു. ഉടനെ പ്രവൃത്തി പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്. മറ്റു വാർഡുകളും അതിനിടയിലെ സ്ഥലവുമെല്ലാം രോഗികളെ കൊണ്ടു നിറഞ്ഞു. ഇടനാഴിയും കവിഞ്ഞാണ് രോഗികൾ പ്രധാന വരാന്തയിലെത്തിയത്. വാർഡിൽ കട്ടിലിൽ കിടക്കുന്നതിനേക്കാൾ കൂടുതൽ രോഗികൾ വരാന്തയിൽ കിടക്കുന്നുണ്ട്. മെഡിസിൻ വിഭാഗത്തിൽ മാത്രം അറുന്നൂറോളം പേരാണ് കിടത്തി ചികിത്സയിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com