നാദാപുരം∙ നാലുപേരുടെ ജീവഹാനിക്കും കോടികളുടെ നാശനഷ്ടത്തിനും ഇടയാക്കിയ വിലങ്ങാട് ആലിമൂലയിലും ഉരുട്ടിക്കോളനിയിലും ഉണ്ടായ ഉരുൾ പൊട്ടലിന് ഇന്നു 3 വർഷം തികയുമ്പോൾ ഉരുട്ടി കോളനിക്കാർക്ക് ഈ മഴക്കാലത്തും ദുരിതാശ്വാസ ക്യാംപുകൾ തന്നെ ശരണം. വീണ്ടും ഉരുൾ പൊട്ടലിനു സാധ്യതയുള്ളതിനാലാണ് വിലങ്ങാട് പാരിഷ് ഹാളിലെ ക്യാംപിലേക്ക് പല വീട്ടുകാരെയും മാറ്റിപ്പാർപ്പിച്ചത്. ഉരുട്ടി പട്ടിക വർഗ കോളനിയിലെ വീടുകൾ ഉരുൾ പൊട്ടൽ ഭീഷണി നേരിടുന്നതിനാൽ സുരക്ഷിത സ്ഥാനത്തേക്ക് ഇവരെ മാറ്റണമെന്ന് അന്നു വിദഗ്ധർ നിർദേശിച്ചിരുന്നു.
ഇതു പ്രകാരം ഇവർക്ക് വീടു നിർമിക്കാൻ റവന്യു വകുപ്പ് ഫണ്ട് ഉപയോഗിച്ചു സ്ഥലം വിലയ്ക്കു വാങ്ങിയെങ്കിലും കൈമാറ്റ നടപടികൾ പൂർത്തിയായിട്ടില്ല. വീടു നിർമാണം തുടങ്ങാനായതുമില്ല. കുറ്റിക്കാട്ട് ബെന്നി, ഭാര്യ മേരിക്കുട്ടി, മകൻ അഖിൽ, അയൽവാസി മാപ്പിലയിൽ ലിസി എന്നിവരാണ് അന്ന് ഉരുൾപൊട്ടലിൽ മരിച്ചത്. ഇവരുടേത് ഉൾപ്പെടെയുള്ള വീടുകളും അന്നു മണ്ണിനടിയിലായി. താമരശ്ശേരി രൂപതയാണ് വീട് പുനർനിർമിച്ചു നൽകിയത്. മരിച്ച ബെന്നിയുടെ വീട് സിപിഐയും പുനർനിർമിച്ചു നൽകി. ആദിവാസികളുടെ വീട് സർക്കാർ പദ്ധതിയായതിനാൽ എവിടെയുമെത്താതെ കിടക്കുന്നു.