ADVERTISEMENT

സ്വർണം കടത്താനും സ്വർണക്കടത്ത് പൊട്ടിക്കാനും ചില രാഷ്ട്രീയ നേതാക്കളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സജീവ പിന്തുണയുണ്ട്

മുടക്കുന്നത് കോടികൾ,കൊടി വിരിച്ചു പാർട്ടികൾ 

കോഴിക്കോട്∙ ‘സ്വർണക്കടത്തിൽ പണം മുടക്കുന്നവർക്ക് ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കുന്നത് കസ്റ്റംസും ഡിആർഐയും ഒന്നുമല്ല, കടത്തിയ  സ്വർണവുമായി മുങ്ങുന്ന കാരിയേഴ്സ് ആണ്’– സ്വർണക്കടത്തു സംഘങ്ങളുടെ പ്രവർത്തന രീതി വിശദമായി പഠിച്ച ഒരു സ്വർണവ്യാപാരി പറയുന്നു. അതുകൊണ്ടാണ് ചതിക്കുന്ന കാരിയർമാരെ പിടികൂടാൻ സ്വർണക്കടത്തുസംഘങ്ങൾ ഏതു മാർഗവും സ്വീകരിക്കുന്നത്.  മുങ്ങുന്ന കാരിയർമാരെ മാത്രമല്ല, കള്ളക്കടത്തു സ്വർണം തട്ടിക്കൊണ്ടുപോകുന്ന ‘പൊട്ടിക്കൽ’ സംഘങ്ങളെയും കൊല്ലാൻ പോലും സ്വർണക്കടത്തു സംഘങ്ങൾ മടിക്കില്ലെന്നു തെളിയിക്കുന്ന സംഭവങ്ങളാണ് അടുത്തിടെ മലബാറിൽ നടന്നത്. 

പന്തിരിക്കരയിലെ ഇർഷാദിന്റെ മരണത്തിൽ മാത്രമല്ല, പാലക്കാട് അഗളി സ്വദേശി അബ്ദുൽ ജലീൽ മലപ്പുറത്തു മർദനമേറ്റു മരിച്ച കേസിന്റെ അന്വേഷണവും നീങ്ങുന്നത് സ്വർണക്കടത്തു സംഘങ്ങളിലേക്കു തന്നെ. കൊടുവള്ളി സംഘത്തിന്റെ സ്വർണം ‘പൊട്ടിക്കാനെത്തിയ’ അർജുൻ ആയങ്കിയെ വകവരുത്താൻ കോഴിക്കോട് വിമാനത്താവളത്തിനു പുറത്ത് 60 വാഹനങ്ങളിലാണ് ക്വട്ടേഷൻ സംഘമെത്തിയത്. ലോറിയിടിപ്പിച്ചു കൊന്നുകളയാനായിരുന്നു പദ്ധതിയെന്നാണ് പിടിയിലായവർ പൊലീസിനു നൽകിയ മൊഴി!. കാരണം കാരിയർമാരുടെ ചതിയിലും ക്വട്ടേഷൻ സംഘങ്ങളുടെ പൊട്ടിക്കലിലും സ്വർണക്കടത്തു സംഘങ്ങൾക്കു കോടികളാണ് നഷ്ടമാകുന്നത്. 

ജയിലിൽ കിടന്നും കൊടി സുനിയുടെ പൊട്ടിക്കൽ ഓപ്പറേഷൻ 

ആറു വർഷം മുൻപ് നല്ലളത്ത് കള്ളക്കടത്ത് സ്വർണം കവർച്ച ചെയ്യാനുള്ള പദ്ധതി ജയിലിൽ നിന്നു കൊടി സുനിയാണ് ആസൂത്രണം ചെയ്തെന്നു പൊലീസിന് മൊഴി നൽകിയത് കേസിൽ അറസ്റ്റിലായ ഗുണ്ടാനേതാക്കൾ തന്നെ. 2016 ജൂലൈ 16നാണ് ദേശീയപാതയിൽ നല്ലളം മോഡേൺ ബസ് സ്‌റ്റോപ്പിനു സമീപം കാർ യാത്രക്കാരനെ ആക്രമിച്ചു 3 കിലോ സ്വർണം കവർന്നത്. കവർച്ചക്കേസ് അന്വേഷിച്ച സംഘം 2016 ഓഗസ്റ്റ് 29നു ഗുണ്ടാനേതാവ് കാക്ക രഞ്ജിത്തിനെ അറസ്റ്റ് ചെയ്തു. കാക്ക രഞ്ജിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും തമ്മിൽ ജയിലിൽ വച്ചുള്ള അടുപ്പം പൊലീസിനു മനസ്സിലായത്. സുനിയുടെ നിർദേശപ്രകാരമാണ് കവർച്ച നടത്തിയതെന്നും ഇതിനായി സുനി പലതവണ ബന്ധപ്പെട്ടിരുന്നെന്നും കാക്ക രഞ്ജിത്ത് വെളിപ്പെടുത്തി. ഏപ്രിൽ മുതൽ ജൂലൈ 16 വരെയുള്ള കാലയളവിൽ ഇരുവരും തമ്മിൽ 300 വട്ടം ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. 

കൊടി സുനി ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് പലവട്ടം പൊലീസും ജയിൽ അധികൃതരും റിപ്പോർട്ട് ചെയ്തിരുന്നു. 2017 ജനുവരിയിൽ വിയ്യൂർ സെൻട്രൽ ജയിലിലെ കൊടി സുനിയുടെ സെല്ലിൽ നിന്ന് 3 സ്മാർട്ട് ഫോണുകളും പവർ ബാങ്കും പിടി കൂടിയിരുന്നു. ജയിലിലെ സ്വർണക്കടത്തുകാരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു സുനി കവർച്ച ആസൂത്രണം ചെയ്തെന്നാണു പൊലീസിന്റെ നിഗമനം. ക്വട്ടേഷൻ സംഘം കവർച്ച ചെയ്യുന്ന സ്വർണം സ്ഥിരമായി വാങ്ങുന്ന കൊല്ലം സ്വദേശിയുമായും സുനിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി. എന്നാൽ കൊടി സുനിയെ ജയിലിലെത്തി ചോദ്യം ചെയ്തതിനു ശേഷം അന്വേഷണം മുന്നോട്ടു പോയില്ല. 

തണൽ വിരിച്ച് പാർട്ടികൾ,തലപ്പത്ത് പാർട്ടി ഗുണ്ടകൾ 

രാഷ്ട്രീയ നേതാക്കളുടെ പിന്തുണയും സ്വർണക്കടത്തു സംഘങ്ങൾക്കുണ്ട്. നെടുമ്പാശേരി സ്വർണക്കടത്തുകേസിലെ മുഖ്യപ്രതി ഫയാസ് കോഴിക്കോട് ജില്ലാ ജയിലിൽ സന്ദർശനം നടത്തുമ്പോൾ അകത്ത് ടിപി കേസിൽ ഉൾപ്പെട്ട പ്രധാന നേതാക്കളുണ്ടായിരുന്നു. കൊടുവള്ളിയിലെ  സ്വർണക്കടത്തു സംഘങ്ങളുമായി ചില നേതാക്കൾക്കുള്ള ബന്ധം പരസ്യമായ രഹസ്യമാണ്. സ്വർണക്കടത്തും പൊട്ടിക്കലും കാരിയർമാരെ തട്ടിക്കൊണ്ടുപോകുന്ന ക്വട്ടേഷനുമെല്ലാം ജയിലിൽ വച്ച് ആസൂത്രണം ചെയ്യുന്ന സംഘങ്ങളുണ്ട്. ടിപി കേസ് പ്രതികളായ മുഹമ്മദ് ഷാഫിയും കൊടി സുനിയും മറ്റുമാണ് ജയിലിൽ ഇരുന്ന് ഇത്തരം ക്വട്ടേഷനുകൾ നിയന്ത്രിക്കുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ക്വട്ടേഷനുകളിൽ അന്വേഷണം ഇഴയുന്നത് ഈ പാർട്ടി ബന്ധം മൂലമാണ്. 

കൊടുവള്ളി സ്വർണത്തിന് കോഴിക്കോട്ട് എക്സ്ചേഞ്ച്

സ്വർണക്കടത്ത്, കുഴൽപണ സംഘങ്ങളുടെ ആസൂത്രണം സമാന്തര ഫോൺ എക്സ്ചേഞ്ചുകളിലൂടെയാണ്. കൊടുവള്ളിയിലെ ഒരു സ്വർണക്കടത്ത് സംഘം  കോഴിക്കോട് എക്സ്ചേഞ്ച് നടത്തിപ്പിൽ പണം നിക്ഷേപിച്ചതായി കേസ് അന്വേഷിച്ച സി ബ്രാഞ്ച് കണ്ടെത്തിയിരുന്നു. കുഴൽപണം ആയിട്ടായിരുന്നു എക്സ്ചേഞ്ചുകൾക്കുള്ള പ്രതിഫലം എത്തിയിരുന്നത്. ജില്ലയിലെന്ന ചില തട്ടിക്കൊണ്ടുപോകലുകളുടെ ആസൂത്രണവും സമാന്തര എക്സ്ചേഞ്ച് ഉപയോഗിച്ചാണ് നടന്നതെന്നു പൊലീസ് പറയുന്നു. ഫോൺവിളി രേഖകളും (സിഡിആർ)  മൊബൈൽ ടവർ ലൊക്കേഷനും രേഖപ്പെടുത്താത്തതിനാൽ പ്രതികളെ കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്കു കഴിയില്ല. അതേ സമയം കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്ന ‘പൊട്ടിക്കൽ’ സംഘങ്ങൾക്കു സമാന്തര എക്സ്ചേഞ്ച് നടത്തിപ്പുകാർ തന്നെ വിവരം ചോർത്തി നൽകിയ സംഭവങ്ങളുമുണ്ട്.

കടത്തുന്നവർക്ക് ലക്ഷങ്ങൾ, പൊട്ടിക്കുന്നവർക്ക് കോടികൾ 

ഒരു കിലോ സ്വർണം ഗൾഫ് രാജ്യങ്ങളിൽ നിന്നു കേരളത്തിലേക്കു കടത്താൻ സ്വർണക്കടത്തു സംഘങ്ങൾക്കു 46 ലക്ഷം മുതൽ 49 ലക്ഷം രൂപ വരെ ചെലവാകും. സ്വർണത്തിന്റെ വില, കാരിയർമാരുടെ പ്രതിഫലവും വിമാനടിക്കറ്റും, പാക്കിങ് ചാർജ്, സ്വർണം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തുന്നവരുടെ ചെലവ് എന്നിവ ഉൾപ്പെടെയാണിത്. 24 കാരറ്റ് സ്വർണത്തിന് ഇന്ത്യയിലെ ഇന്നലത്തെ വിൽപന വില 51.5 ലക്ഷം രൂപ. അതായത് സ്വർണക്കടത്തിൽ പണം മുടക്കുന്നവർക്ക് ഒരു കിലോഗ്രാം സ്വർണം കടത്തിയാൽ ലഭിക്കുന്നത് 2.5 ലക്ഷം മുതൽ 5.5 ലക്ഷം വരെ. എന്നാൽ വിമാനത്താവളത്തിൽ എത്തിയ ശേഷം ഈ സ്വർണം തട്ടിയെടുക്കുന്ന ‘പൊട്ടിക്കൽ’ സംഘങ്ങൾക്കും സ്വർണം മറിച്ചുനൽകുന്ന കാരിയേഴ്സിനും കിട്ടുന്നതു മുഴുവൻ ലാഭം! രാമനാട്ടുകര സ്വർണക്കടത്തുകേസിലെ പ്രതി അർജുൻ ആയങ്കി 22 തവണയാണു കൊടുവള്ളി സംഘത്തിന്റെ സ്വർണം തട്ടിയെടുത്തതെന്ന് അന്വേഷണോദ്യോഗസ്ഥർ പറയുന്നു.

മധ്യസ്ഥരായി രാഷ്ട്രീയക്കാർ,പൊലീസ്; ഒടുവിൽ ക്വട്ടേഷൻ 

കാരിയർമാർ സ്വർണവുമായി മുങ്ങിയാൽ സ്വർണക്കടത്തുകാർ ആദ്യം സമീപിക്കുക പ്രദേശത്തെ രാഷ്ട്രീയ നേതാക്കളെയാണ്. രണ്ടു വർഷം മുൻപ് കൊടുവള്ളി സംഘത്തിന്റെ രണ്ടു കിലോയോളം സ്വർണവുമായി മുങ്ങിയ കാരിയറുമായി മധ്യസ്ഥ ചർച്ച നടത്തി സ്വർണം വീണ്ടെടുക്കാൻ ഒരു രാഷ്ട്രീയ നേതാവ് ആവശ്യപ്പെട്ടത് മൊത്തം സ്വർണത്തിന്റെ പകുതിവിലയാണത്രേ. രണ്ടാമത്തെ ആശ്രയം പൊലീസാണ്. സ്വർണക്കടത്ത് കേസായതിനാൽ നിയമപരമായി പൊലീസിന് കടത്തുകാരെ സഹായിക്കാനാകില്ല. 

കാരിയറെ ഭീഷണിപ്പെടുത്തി കടത്തുകാർക്കു സ്വർണമോ പണമോ വാങ്ങി നൽകുന്ന പൊലീസുകാരുണ്ട്. അവിടെയും സ്വർണവിലയുടെ നിശ്ചിത ശതമാനമാണ് കമ്മിഷൻ. വിദേശത്തു ലക്ഷങ്ങൾ മുടക്കി വാങ്ങിയ സ്വർണം തിരിച്ചുകിട്ടാൻ രാഷ്ട്രീയക്കാർക്കും പൊലീസുകാർക്കും വീണ്ടും പണം നൽകുന്നതിലും ഭേദം ക്വട്ടേഷനാണെന്നു തിരിച്ചറിഞ്ഞതോടെയാണ് ജില്ലയിൽ തട്ടിക്കൊണ്ടുപോകലുകൾ വ്യാപകമായത്. കാരിയർമാരെ തട്ടിക്കൊണ്ടുപോയി ചോദ്യം ചെയ്യാനായി മാത്രമുള്ള സംഘങ്ങളുണ്ട് ജില്ലയിൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com