ADVERTISEMENT

കോഴിക്കോട്∙ ബിജെപിയുടെയും സിപിഎമ്മിന്റെയും ദേശസ്നേഹം തട്ടിപ്പാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ നയിക്കുന്ന സ്വാതന്ത്ര്യ അഭിമാന യാത്രയുടെ രണ്ടാം ദിവസത്തെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിക്ക്  ‘ഹർ ഘർ തിരംഗ’ ഫോട്ടോഷോപ്പോ നാടകമോ മാത്രമാണ്. എന്നാൽ, കോൺഗ്രസിന് ‘ഹർ ദിൽ തിരംഗ’ ആണ്. 75 വർഷമായി ഇന്ത്യയിലെ  കോൺഗ്രസുകാരുടെ മനസ്സിലാണ് ദേശീയപതാകയുടെ സ്ഥാനം. സ്വാതന്ത്ര്യത്തിന്റെ സുവർണജൂബിലി ആഘോഷിച്ചപ്പോൾ പോലും ദേശീയ പതാക ഉയർത്താത്ത ആർഎസ്എസ് ഫെയ്സ്ബുക്കിലെ പ്രൊഫൈൽ ചിത്രം ദേശീയ പതാകയാക്കുന്നു. സിപിഎം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ തുടങ്ങിയത് ഒരു വർഷം മുൻപ് മാത്രമാണ്. 

സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം അമൃത മഹോത്സവമായാണ് കേന്ദ്ര സർക്കാർ ആഘോഷിക്കുന്നത്. കഴിഞ്ഞ 8 വർഷമായി ഈ നാട്ടിൽ ആർക്കാണ് സ്വാതന്ത്ര്യമുള്ളത്. എതിരഭിപ്രായം പറയുന്നവരെ ജയിലിൽ അടയ്ക്കുന്ന, പ്രതിഷേധിക്കുന്നവരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു വേട്ടയാടുന്ന ഫാഷിസത്തിന്റെ നാളുകളാണ് രാജ്യത്ത്. ബ്രിട്ടിഷുകാർക്കു മുന്നിൽ തോൽക്കാത്ത കോൺഗ്രസ് നരേന്ദ്രമോദിക്കു മുന്നിലും തോൽക്കില്ലെന്നും വേണുഗോപാൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്രമോദിയാകാൻ പഠിക്കുകയാണ്. 2 പേർക്കും കറുപ്പ് അലർജിയാണ്. പാർലമെന്റിൽ കോൺഗ്രസ് എംപിമാർ കറുപ്പ് വസ്ത്രമണിഞ്ഞപ്പോൾ പ്രധാനമന്ത്രി പറഞ്ഞത് പ്രതിപക്ഷം ബ്ലാക്ക് മാജിക് കാണിക്കുന്നുവെന്നാണ്.

 ശബരിമലയ്ക്ക് പോകുന്നവർ കറുപ്പാണ് ഉടുക്കുന്നത് എന്നു ബിജെപി ഓർക്കണം. കേരളത്തിൽ മുഖ്യമന്ത്രിയുടെ പരിപാടികൾക്ക് കറുപ്പ് മാസ്ക് ഇട്ടവർക്ക് പ്രവേശനമുണ്ടായിരുന്നില്ല.  കശ്മീരുമായി ബന്ധപ്പെട്ടു കെ.ടി.ജലീൽ നടത്തിയ വിവാദ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. എം.കെ.രാഘവൻ എംപി സ്വാതന്ത്ര്യ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, കെപിസിസി ജനറൽ സെക്രട്ടറിമാരായ പി.എം.നിയാസ്, കെ.കെ.ഏബ്രഹാം, കെ.ജയന്ത്, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ, കെ.സി.അബു, എൻ.സുബ്രഹ്മണ്യൻ, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയോത്ത്, എം.ഹരിപ്രിയ, സത്യൻ കടിയങ്ങാട്,ഐ.മൂസ, കെ.ബാലകൃഷ്ണ കിടാവ്, കെ.രാമചന്ദ്രൻ, ടി.കെ.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സ്വാതന്ത്ര്യ അഭിമാന യാത്ര ഇന്ന് കൈനാട്ടിയിൽ നിന്നാരംഭിച്ചു വടകര കോട്ടപ്പറമ്പിൽ സമാപിക്കും. സമാപന സമ്മേളനം കെ.മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com