15 ലക്ഷം വായ്പ എടുത്തു; നിപ്പയും പ്രളയവും വായ്പ തിരിച്ചടവ് മുടക്കി: ജപ്തി ഭീഷണി

HIGHLIGHTS
  • കർഷക ദിനത്തിൽ ജപ്തിക്കായി എത്തി ബാങ്ക് അധികൃതർ
  • ബഫർ സോൺ മേഖല ആയതിനാൽ ഭൂമി വിൽപന മുടങ്ങിയത് വായ്പ തിരിച്ചടവിന് പ്രശ്നം
ജപ്തി ഭീഷണി നേരിടുന്ന ഇടച്ചേരി ഇ.വി.ജയിംസും ഭാര്യ അന്നമ്മയും വീടിനു മുന്‍പില്‍
SHARE

ചക്കിട്ടപാറ ∙‍ കൃഷിക്ക് വേണ്ടി എടുത്ത ബാങ്ക് വായ്പ കൃഷി നഷ്ടമായതോടെ തിരിച്ചടയ്ക്കാൻ സാധിക്കാതെ കർഷക കുടുംബം കർഷക ദിനത്തിൽ ജപ്തി നടപടിയുടെ ഭീഷണി നേരിട്ടു. ചക്കിട്ടപാറ പഞ്ചായത്തിൽ ഒന്നാം വാർഡിൽ പന്നിക്കോട്ടൂർ കോളനി മേഖലയിൽ താമസിക്കുന്ന എഴുപത്തഞ്ചുകാരനായ  ഇടച്ചേരി ഇ.വി.ജയിംസും ഭാര്യ അന്നമ്മയുമാണു കിടപ്പാടം നഷ്ടമാകുന്ന സ്ഥിയിലായത്. 2015ൽ താമരശ്ശേരിയിലെ സ്വകാര്യ ബാങ്കിൽ നിന്നും 15 ലക്ഷം രൂപയാണ് കാർഷിക വായ്പയെടുത്തത്. 

2018 വരെ വായ്പ തിരിച്ചടച്ചിരുന്നു. എന്നാൽ നിപ്പ,പ്രളയം എന്നിവയോടെ പാട്ടത്തിന് എടുത്ത ഭൂമിയിലെ പൈനാപ്പിൾ, പപ്പായ കൃഷി നഷ്ടത്തിലായതാണു കർഷകനെ കടക്കെണിയിലാക്കിയത്. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ലക്ഷങ്ങൾ ബാധ്യത വർധിച്ചു. ഇന്നലെ ബാങ്ക് അധികൃതർ ജപ്തി നടപടിക്കായി വീട്ടിലെത്തി. ഒരേക്കർ ഭൂമിയും വീടും ഉൾപ്പെടെയുള്ള ആധാരം പണയപ്പെടുത്തിയാണ് കൃഷി വായ്പയെടുത്തത്. വീടും വഴിയും ഒഴിവാക്കി ബാക്കി ഭൂമി വിട്ടു നൽകാമെന്ന് കർഷകൻ അറിയിച്ചെങ്കിലും ബാങ്ക് അധികൃതർ വഴങ്ങിയില്ല.

പന്നിക്കോട്ടൂർ വനമേഖലയോടു ചേർന്നു മലബാർ വന്യജീവി സങ്കേതത്തിനു സമീപത്തുള്ള കൃഷി ഭൂമി ബഫർ സോണായതിനാൽ വിൽപന നടക്കാത്തതാണ് വായ്പ തിരിച്ചടയ്ക്കാൻ തടസ്സമെന്ന് ജയിംസ് പറഞ്ഞു. നിത്യ രോഗിയായ കർഷകനും ഭാര്യയും പണം തിരിച്ചടയ്ക്കാൻ കഴിയാതെ ദുരിതത്തിലാണ്. ബാങ്ക് അധികൃതർ വായ്പ തിരിച്ചടവിനു ഒരു മാസത്തെ സാവകാശം നൽകി ജപ്തി ചെയ്യാതെ ഇന്നലെ മടങ്ങി.

ഭാര്യ അന്നമ്മയുടെ പേരിൽ 80 സെന്റ് ഭൂമി പണയപ്പെടുത്തി വടകരയിലെ മറ്റൊരു ബാങ്കിൽ നിന്ന് എടുത്ത 10 ലക്ഷം രൂപയുടെ കാർഷിക വായ്പ പലിശയടക്കം 13 ലക്ഷം രൂപ ബാധ്യതയായി വർധിച്ചിട്ടുണ്ട്. കിടപ്പാടം കൂടി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ആകുലതയിലാണു ഈ കുടുംബം. കർഷകന് മാസത്തിൽ 5000 രൂപയോളം ചികിത്സാ ചെലവിനു പണം കണ്ടെത്താൻ പോലും കഴിയാതിരിക്കുമ്പോഴാണ് ജപ്തി ഭീഷണി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}