ADVERTISEMENT

കോഴിക്കോട്∙ പി.ടി.ഉഷ എംപിക്ക് കണ്ണൂർ സ്പോർട്സ് ഡിവിഷനിലെ സഹപാഠികളുടെ ആദരം. കണ്ണൂർ സ്പോർട്സ് ഡിവിഷനിലെ 1976–79 ബാച്ചിലെ വിദ്യാർഥിനികൾ ഒരുക്കിയ സ്നോഹാദരം പരിപാടി, കേരളത്തിലെ ആദ്യ സ്പോർട്സ് ഡിവിഷൻ ബാച്ചിന്റെ നാലു പതിറ്റാണ്ടിനു ശേഷമുള്ള സംഗമവേദിയായി. 1976 ലാണ് കേരളത്തിൽ പെൺകുട്ടികൾക്കായി 3 സ്പോർട്സ് സ്കൂളുകൾ ആരംഭിച്ചത്. കണ്ണൂർ സ്പോർട്സ് സ്കൂളിലെ ആദ്യ ബാച്ചിലെ വിദ്യാർഥിയായിരുന്നു ഉഷ. ഹൈസ്കൂൾ ക്ലാസിലും ഗ്രൗണ്ടിലും ഹോസ്റ്റലിലും ഒരുമിച്ചു വളർന്ന പെൺകുട്ടികൾ ഇന്നലെ വീണ്ടും ഒത്തുചേർന്നു പഴയ ഓർമകൾ പങ്കുവച്ചു. ബെഞ്ചുകൾ കൂട്ടിയിട്ട് ഉറങ്ങിയിരുന്ന ഹോസ്റ്റലിലേക്ക് സ്കൂൾ മീറ്റ് ജയിച്ചപ്പോൾ പുതിയ കട്ടിൽ എത്തിയതും ഗ്രൗണ്ടിൽ രാവിലെ 6.30ന് എത്താത്തവരെ സ്പൈക് തലയിൽ വച്ച് ഓടിച്ചതുമെല്ലാം ഓർമയുടെ ട്രാക്കിലെത്തി. 

ആ സംഘത്തിലെ പലരും കായികാധ്യാപകരായി. ചിലർ റെയിൽവേയിലും മറ്റും ജോലി നേടി. ഉഷ ട്രാക്കിൽ തുടർന്ന് രാജ്യത്തിന്റെ അഭിമാനമായി. സഹപാഠികളുടെ സ്നേഹസമ്മാനവും ഉഷയ്ക്കു കൈമാറി. ഡോ.ടി.പി.ആമിന അധ്യക്ഷത വഹിച്ചു. എലിസബത്ത് ജോർജ്, എ.ലതാംഗി, എസ്.ഗീത, വി.വി.മേരി എന്നിവർ പ്രസംഗിച്ചു. കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ തങ്ങളുടെ ആദ്യ പരിശീലകനായിരുന്ന കോച്ച് ഒ.എം. നമ്പ്യാരുടെ മണിയൂരിലെ വീട്ടിലും സംഘം സന്ദർശനം നടത്തി. അധ്യാപക ദിനത്തിൽ പ്രിയ പരിശീലകനെക്കുറിച്ചുള്ള ഓർമകൾ പി.ടി. ഉഷ പങ്കുവച്ചു. അത്‌ലറ്റിക്സ് കോച്ചും പി.ടി.ഉഷ ഉൾപ്പെടെ ഒട്ടേറെ രാജ്യാന്തര താരങ്ങളുടെ പരിശീകനുമായിരുന്നു ഒ.എം.നമ്പ്യാർ 2021 ഓഗസ്റ്റ് 19നാണ് അന്തരിച്ചത്.  മലയാള മാസം അനുസരിച്ച് കുടുംബം ഇന്നാണ് ചരമവാർഷികം ആചരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com