ADVERTISEMENT

കോഴിക്കോട്∙ മെഡിക്കൽ കോളജിൽ സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിനിരയായ സുരക്ഷാ ജീവനക്കാർക്കു നേരെ സൈബർ ആക്രമണം രൂക്ഷം. മർദനമേറ്റ സുരക്ഷാ ജീവനക്കാരെ വ്യക്തിപരമായി ആക്രമിക്കുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന വിധത്തിലാണ് ഇടതു സൈബർ പ്രചാരണം നടക്കുന്നത്.

സംഭവത്തെ കുറിച്ചു പ്രചരിപ്പിക്കുന്ന വാദങ്ങൾക്ക് സുരക്ഷാ ജീവനക്കാർ മറുപടി നൽകുന്നു.

1. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റില്ല, മെഡിക്കൽ കോളജിൽ ചികിത്സാ സൗകര്യമുണ്ടായിട്ടും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി വ്യാജ രേഖയുണ്ടാക്കി.

∙ മർദനമേറ്റ ഉടൻ മെഡിക്കൽ കോളജിൽ തന്നെയാണ് ചികിത്സ തേടിയത്. രാവിലെ 9.30നു സംഭവമുണ്ടായിട്ടും വൈകിട്ടു വരെ ഞങ്ങളെ അഡ്മിറ്റ് ചെയ്യുകയോ മികച്ച ചികിത്സ നൽകുകയോ ചെയ്തില്ല. പ്രതികളും മെഡിക്കൽ കോളജ് അധികൃതരും തമ്മിലുള്ള ഒത്തുകളിയെന്നു സംശയം തോന്നുന്ന വിധത്തിലായിരുന്നു ഇടപെടൽ. ഒടുവിൽ ഞങ്ങൾ അവിടെ നിന്നു ഡിസ്ചാർജ് വാങ്ങി. വിമുക്ത ഭടൻമാരായതിനാൽ കേന്ദ്ര സർക്കാരിന്റെ എക്സ് സർവീസ് മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) പ്രകാരം വെസ്റ്റ് ഹില്ലിലെ ഇസിഎച്ച്എസ് ആശുപത്രിയിൽ ചികിത്സ തേടി. അവരാണ് മികച്ച ചികിത്സയ്ക്കായി സൂപ്പർ സ്പെഷ്യൽറ്റി സൗകര്യമുള്ള മിംസ് ആശുപത്രിയിലേക്ക് റഫർ ചെയ്തത്.

2. ആക്രമിച്ച പ്രതിയുടെ ഭാര്യയുടെ കയ്യിൽ സുരക്ഷാ ജീവനക്കാരൻ കയറിപ്പിടിച്ചു, മോശം ഭാഷയിൽ അധിക്ഷേപിച്ചു

∙ അത്തരം സംഭവം ഉണ്ടായിട്ടേ ഇല്ലെന്നു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. മാത്രമല്ല സുരക്ഷാജീവനക്കാരനെ പ്ലാസ്റ്റിക് കോൺ കൊണ്ട് ആക്രമിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ നേതാവ് കെ.അരുണിന്റെ കയ്യിൽ പിടിച്ച് അയാളെ തടയാനാണ് ഭാര്യ ശ്രമിക്കുന്നത്.

അരുൺ മുൻപും മെഡിക്കൽ കോളജിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. 4 വർഷം മുൻപ് ഒരു സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചു പരുക്കേൽപിച്ചു. ആ പ്രശ്നം പിന്നീട് ഒത്തു തീർപ്പാക്കി. 8 മാസം മുൻപു കാഷ്വൽറ്റിയിൽ എത്തി സുരക്ഷാ ജീവനക്കാരനു നേരെ വധഭീഷണി മുഴക്കി. ഏതാനും വർഷം മുൻപു മെഡിക്കൽ കോളജിലെ ഉന്നത പദവിയിലുള്ള ഒരാളെ ആക്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

3. പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത്   

∙ യഥാർഥ ചിത്രമാണ് സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തു വന്നത്. 9.30നാണ് മെഡിക്കൽ കോളജിൽ ആക്രമണമുണ്ടാകുന്നത്. 9.40 ആകുമ്പോഴേക്കും സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. സംഭവിച്ചത് എന്താണെന്നറിയാൻ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടവർ തന്നെയാണ് ദൃശ്യങ്ങൾ എടുത്തത്. 10 മിനിറ്റിനുള്ളിൽ ദൃശ്യങ്ങൾ കോപ്പി ചെയ്ത് എഡിറ്റ് ചെയ്തു പ്രചരിപ്പിക്കാനുള്ള സാങ്കേതിക സൗകര്യങ്ങൾ ഇല്ല.

4. മർദനത്തിനു പിന്നിൽ സുരക്ഷാ ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള പ്രകോപനം. ഗൂഢാലോചനയില്ല.

∙ ഭാര്യയോടൊപ്പം എത്തിയ അരുണിനെ ആ സമയത്ത് അതുവഴി പോകാൻ കഴിയില്ല എന്നു പറഞ്ഞു തടഞ്ഞിരുന്നു. അരുൺ പുറത്തിറങ്ങി ആരൊക്കെയോ ഫോണിൽ സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. അതിനു ശേഷം പല ഭാഗത്തു നിന്നായി പതിനഞ്ചിലേറെ ആളുകൾ വന്നു ജീവനക്കാരെ ആക്രമിക്കുന്നു. ഇത്രയും ദൃശ്യങ്ങൾ കണ്ടാൽ തന്നെ ഗൂഢാലോചന നടത്തി ആക്രമിക്കുകയാണെന്നു വ്യക്തമാണ്.

5. മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാർക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ട്

∙ മെഡിക്കൽ കോളജിലെ ലഹരി സംഘങ്ങളെയും പ്രശ്നക്കാരെയും അകറ്റി നിർത്താൻ കഠിനാധ്വാനം ചെയ്യുന്നവരാണ് സുരക്ഷാ ജീവനക്കാർ. വ്യാജ ഡോക്ടർമാരെയും നഴ്സുമാരെയും പോക്കറ്റടിക്കാരെയും വരെ തടയുന്നത് സുരക്ഷാ ജീവനക്കാരനാണ്. ആശുപത്രിയിൽ കയറി നവജാത ശിശുവിനെ കടത്താനുള്ള ശ്രമം വരെ സുരക്ഷാ ജീവനക്കാർ തടഞ്ഞിട്ടുണ്ട്. ഈ ജീവനക്കാരെ മാഫിയക്കാരാക്കി ചിത്രീകരിക്കുന്നത് പ്രതിഷേധാർഹമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com